റിയാദ് - ശിരസ്സുകൾ ഒട്ടിപ്പിടിച്ച നിലയിലുള്ള യെമനി സയാമിസ് ഇരട്ടകളായ യൂസുഫിനും യാസീനും രാജകാരുണ്യം. മാതാപിതാക്കൾക്കൊപ്പം ഇരുവരെയും റിയാദിൽ നാഷണൽ ഗാർഡ് മന്ത്രാലയത്തിനു കീഴിലെ കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലെത്തിച്ച് വേർപ്പെടുത്തൽ ശസ്ത്രക്രിയ നടത്താൻ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് നിർദേശിച്ചു.
പരിശോധനകൾക്കും വേർപ്പെടുത്തൽ ശസ്ത്രക്രിയക്കുമായി സയാമിസ് ഇരട്ടകൾ ദിവസങ്ങൾക്കുള്ളിൽ റിയാദിൽ എത്തുമെന്നാണ് കരുതുന്നതെന്ന് റോയൽ കോർട്ട് ഉപദേഷ്ടാവും കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയിഡ് ആന്റ് റിലീഫ് സെന്റർ സൂപ്പർവൈസർ ജനറലും സൗദിയിൽ സയാമിസ് ഇരട്ടകളുടെ വേർപ്പെടുത്തൽ ശസ്ത്രക്രിയ നടത്തുന്ന മെഡിക്കൽ സംഘം തലവനുമായ ഡോ. അബ്ദുല്ല അൽറബീഅ പറഞ്ഞു. ലോകത്തെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിരവധി സയാമിസ് ഇരട്ടകളെ ഡോ. അബ്ദുല്ല അൽറബീഅയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം ഇതിനകം ശസ്ത്രക്രിയകളിലൂടെ വിജയകരമായി വേർപ്പെടുത്തിയിട്ടുണ്ട്.