Sorry, you need to enable JavaScript to visit this website.

മൂന്നു വർഷത്തിനിടെ സൗദിയിൽ വിറ്റത് 1.2 കോടി സിനിമാ ടിക്കറ്റുകൾ

റിയാദ് - സൗദിയിൽ മൂന്നു വർഷത്തിനിടെ 1.2 കോടിയിലേറെ സിനിമാ ടിക്കറ്റുകൾ വിൽപന നടത്തിയതായി കണക്ക്. ദശകങ്ങൾ നീണ്ട ഇടവേളക്കു ശേഷം മൂന്നു വർഷം മുമ്പാണ് സൗദിയിൽ സിനിമാ തിയേറ്ററുകൾ പ്രവർത്തനം പുനരാരംഭിച്ചത്. വിഷൻ 2030 പദ്ധതിക്ക് അനുസൃതമായി ജീവിത ഗുണമേന്മാ പ്രോഗ്രാമിന്റെ ഭാഗമായാണ് രാജ്യത്ത് സിനിമാ മേഖലക്ക് പ്രവർത്തനാനുമതി നൽകിയത്. സൗദിയിലെ ആദ്യ സിനിമാ തിയേറ്റർ 2018 ഏപ്രിൽ 18 ന് റിയാദിലാണ് ഉദ്ഘാടനം ചെയ്തത്. ഏറ്റവും ഒടുവിൽ തുറന്ന തിയേറ്റർ ഹായിലിലാണ്. കഴിഞ്ഞയാഴ്ച ഹായിലിൽ തുറന്ന മൾട്ടിപ്ലക്‌സ് സിനിമാ തിയേറ്ററിൽ പത്തു സ്‌ക്രീനുകളും 1,309 സീറ്റുകളുമാണുള്ളത്. 
മൂന്നു വർഷത്തിനിടെ രാജ്യത്ത് ആറു പ്രവിശ്യകളിലെ 12 നഗരങ്ങളിലായി 34 മൾട്ടിപ്ലക്‌സുകളാണ് തുറന്നത്. ഇവയിൽ ആകെ 342 സ്‌ക്രീനുകളും 35,000 ലേറെ സീറ്റുകളുമുണ്ട്. സൗദിയിൽ സിനിമാ തിയേറ്ററുകൾ പ്രവർത്തിപ്പിക്കാൻ 11 കമ്പനികൾക്ക് ലൈസൻസുകൾ അനുവദിച്ചിട്ടുണ്ട്. ഇതിൽ ഒമ്പതെണ്ണം അന്താരാഷ്ട്ര കമ്പനികളാണ്. 
സിനിമാശാലകളുടെ ആരംഭം പ്രധാനപ്പെട്ട സാമൂഹിക, സാംസ്‌കാരിക പരിവർത്തനങ്ങൾക്ക് വഴിതുറന്നതായി ക്വാളിറ്റി ഓഫ് ലൈഫ് പ്രോഗ്രാം സെന്റർ മാർക്കറ്റിംഗ്, കമ്മ്യൂണിക്കേഷൻസ് വിഭാഗം ആക്ടിംഗ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഖാലിദ് അൽബകർ പറഞ്ഞു. സിനിമാ തിയേറ്ററുകൾ ആരംഭിച്ചതിലൂടെ സൗദിയിലെ കുടുംബങ്ങൾക്കും വ്യക്തികൾക്കും പുതിയ വിനോദ ഓപ്ഷനുകൾ ലഭിച്ചു. തിയേറ്റുകൾ വലിയ സ്വീകാര്യത നേടി. സിനിമാ തിയേറ്റർ മേഖല ആരംഭിച്ചതിലൂടെ ഉന്നമിട്ട ലക്ഷ്യങ്ങൾ നിശ്ചിത സമയത്തിനും ഒരു വർഷം മുമ്പു തന്നെ സാക്ഷാൽക്കരിക്കാൻ സാധിച്ചു. 1.2 കോടിയിലേറെ സിനിമാ ടിക്കറ്റുകൾ ഇതിനകം വിൽപന നടത്തി.
 

Latest News