നരേന്ദ്ര മോഡി പ്രധാനമന്ത്രി പദമേറ്റെടുത്ത ശേഷം സംസ്ഥാന നിയമസഭകളിലേക്ക് നിരവധി തെരഞ്ഞെടുപ്പുകൾ നടന്നു. ദൽഹിയിലേയും ബിഹാറിലേയും തിരിച്ചടികളാണ് ഇതിൽ പ്രധാനം. ബിഹാറിലെ നിതീഷ് കുമാറിനെ ക്രമേണ പാട്ടിലാക്കിയതോടെ എതിരാളികളുടെ വീര്യം കുറഞ്ഞു. തെരഞ്ഞെടുപ്പുകൾ പലത് നടന്നുവെങ്കിലും മോഡിയുടെ സ്വന്തം തട്ടകമായ ഗുജറാത്തിലെ കാമ്പയിനാണ് ഏറ്റവും ശ്രദ്ധ പിടിച്ചു പറ്റിയത്. 2014ൽ മോഡി തരംഗത്തിന്റെ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തെ തകർത്തത് രാഹുൽ ഗാന്ധിയുടെ പരിഹസിച്ചുള്ള പ്രചാരണങ്ങളിലൂടെയായിരുന്നു. കോൺഗ്രസ് ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ തോൽക്കുമായിരിക്കാം. ഒരു കാര്യമുറപ്പാണ്. രാഹുലിന്റെ പഴയ പ്രതിഛായ അദ്ദേഹത്തിന് ഇപ്പോഴില്ല. അതിശക്തനെന്ന് കരുതിയിരുന്ന മോഡിയേയും അമിത് ഷായേയും ഗുജറാത്തിൽ വെല്ലുവിളിക്കാൻ പാകത്തിൽ നേതൃഗുണങ്ങളോടെ നെഹ്‌റു കുടുംബത്തിലെ പുതിയ നായകൻ മാറിയിരിക്കുന്നു. അതാണ് ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ദേശീയ രാഷ്ട്രീയത്തിന് നൽകുന്ന ഏറ്റവും മികച്ച സംഭാവന. മോഡി ഭരണത്തിന്റെ ഏറ്റവും വലിയ പരാജയങ്ങളായി വിലയിരുത്തപ്പെടുന്ന നോട്ട് റദ്ദാക്കൽ, അശാസ്ത്രീയമായ ജി.എസ്.ടി നടപ്പാക്കൽ എന്നിവയുടെ യഥാർഥ പരീക്ഷണ ശാലയാകേണ്ട സംസ്ഥാനവും ഗുജറാത്താണ്. ഇന്ത്യയുടെ പടിഞ്ഞാറൻ മേഖലയിലെ അതിസമ്പന്നരുടെ സംസ്ഥാനത്തിലാണ് രാജ്യത്തിന്റെ തുണി-വജ്ര വ്യവസായങ്ങളുടെ തലസ്ഥാനവുമുൾക്കൊള്ളുന്നത്.
ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രാചരണ വേളയിൽ രാഹുൽ മോഡിയെ ശക്തമായി കടന്നാക്രമിക്കുകയായിരുന്നു. പ്രധാനമന്ത്രി അഴിമതി എന്ന വാക്ക് പോലും പറയുന്നത് അവസാനിപ്പിച്ചെന്നായിരുന്നു ഒരു പ്രയോഗം. റാഫേൽ വിമാന ഇടപാടും ബിജെപി ദേശീയ അധൃക്ഷൻ അമിത് ഷായുടെ മകനെതിരെയുള്ള ആരോപണങ്ങളും പുറത്തായതോടെയാണ് മോഡി അഴിമതിയെ കുറിച്ച് ഒരു വാക്കു പോലും മിണ്ടാതായതെന്ന് അദ്ദേഹം വിശദീകരിക്കുകയും ചെയ്തു.
കഴിഞ്ഞ 22 വർഷമായി ബിജെപി സർക്കാർ ഗുജറാത്തിനു വേണ്ടിയെന്താണ് ചെയ്തത്? നിയുക്ത കോൺഗ്രസ് അധ്യക്ഷൻ ചോദ്യങ്ങൾ തുടർന്നു.
മോഡി തെരഞ്ഞെടുപ്പ് റാലികളിൽ കാർഷകരെപ്പറ്റിയോ, അഴുമതിയെപ്പറ്റിയോ ഒന്നും മിണ്ടുനില്ല. ഇതൊക്കെ ജനങ്ങൾക്ക് മനസിലാകുന്നുണ്ടെന്നും രാഹുൽ പറഞ്ഞു. ഗുജറാത്ത് തെരഞ്ഞെടുപ്പിപ്പിന്റെ പരസ്യ പ്രചാരണം ചൊവ്വാഴ്ച അവസാനിച്ചതോടെ ട്വീറ്റുകളുമായാണ് രണ്ട് കക്ഷികളും ഏറ്റുമുട്ടിയത്.
ഇരുവർക്കും തെരഞ്ഞെടുപ്പ് വിജയം അഭിമാന പ്രശ്‌നമാണ്. കോൺഗ്രസ് അധികാരത്തിലെത്തിയാൽ സംവരണത്തിനായി പ്രവർത്തിക്കുമെന്നും ഭൂരഹിതർക്ക് മിച്ച ഭൂമി ലഭ്യമാക്കുമെന്നും രാഹുൽ ഗാന്ധി ട്വീറ്റിലൂടെ ഉറപ്പ് നൽകി.
തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വിജയം സുനിശ്ചിതമാണ്. യുവജനങ്ങൾക്കും ഭാവി തലമുറയ്ക്കും നല്ല രീതിയിൽ ജീവിക്കാനുള്ള സുവർണ്ണാവസരം ഗുജറാത്തിലെ ജനങ്ങൾ തള്ളിക്കളയില്ലെന്നും ബിജെപിയുടെ വിജയത്തിലൂടെ സംസ്ഥാനത്തിന്റെ ശോഭനമായ ഭാവി ഉറപ്പ് വരുത്താൻ സാധിക്കുമെന്നും മോഡി ട്വീറ്റ് ചെയ്തു. ഇതിലും താണ വർഗീയ പരാമർശങ്ങളിലൂടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച ബി.ജെ.പി അയൽ രാജ്യം ഇടപെടുന്നുവെന്ന് വരെ ആക്ഷേപമുന്നയിക്കുകയും ചെയ്തു.
ഗുജറാത്ത് അത്ഭുതകരമായ ഒരു രാസമാറ്റത്തിനു വിധേയമാകുന്ന കാഴ്ചയാണ് ഇത്തവണ കണ്ടത്. ഭരണവിരുദ്ധ വികാരം എന്നോ, സാമുദായിക മുന്നേറ്റം എന്നോ എളുപ്പത്തിൽ വിലയിരുത്താൻ കഴിയാത്ത വിധം സങ്കീർണ്ണമായ ചേരുവകൾ പ്രകടമായിരുന്നു. ഫലം പ്രവചനാതീതമാണ്. ഒരു കാര്യം ഉറപ്പിക്കാം. ഭരണകക്ഷിയായ ബി.ജെ.പിക്കു പതിവ് പോലെ എളുപ്പമായിരുന്നില്ല കാര്യങ്ങൾ. ഗുജറാത്തി സമൂഹം നേരിടുന്ന പ്രതിസന്ധി ആണ് പ്രതിപക്ഷം എടുത്തിട്ടത്. തകർന്നു പോയ ഗ്രാമീണ സമ്പദ് വ്യവസ്ഥ തന്നെയാണ്. ബിജെപിയുടെ വികസന നയത്തിന്റെ ബാക്കിപത്രം. തൊഴിലില്ലായ്മയും തളർന്ന കാർഷിക വ്യവസ്ഥയും, അടച്ചു പൂട്ടുന്ന ചെറുകിട വ്യവസായങ്ങളും യാഥാർഥ്യമാണെന്ന് ഗുജറാത്തി ജനത മനസ്സിലാക്കി. ഒരു വശത്ത് ആളോഹരി വരുമാനം ഏറ്റവും കൂടുതൽ ഉള്ള സംസ്ഥാനങ്ങളിൽ ഒന്നായി ഗുജറാത്ത് മാറിയെങ്കിലും, സമ്പത്തിന്റെ തുല്യമായ വിതരണത്തിൽ പരാജയമായിരുന്നു. സാമൂഹ്യ സൂചികയിൽ പിറകിൽ തന്നെയാണ് ഗുജറാത്ത്. സംഘടിത തൊഴിൽ മേഖലയിലെ വളർച്ചാനിരക്ക് കഴിഞ്ഞ രണ്ട് ദശകങ്ങളിൽ 2.7 ശതമാനം മാത്രമായിരുന്നു. ഭീമമായ സ്വകാര്യ നിക്ഷേപം തൊഴിൽ സുരക്ഷയിലേക്കോ കൂലി വർധനവിലേക്കോ നയിച്ചിട്ടില്ല. മോഡിയുടെ വികസന നയത്തിൽ വൻകിട വ്യവസായികൾക്ക് വൻതോതിൽ ഇളവുകൾ നൽകി.
തൊഴിൽ വിപണി തകർന്നപ്പോൾ പലരും, ചെറുകിട കച്ചവടങ്ങളിൽ ഏർപ്പെട്ടു. ധാരാളം തൊഴിലാളികൾ വസ്ത്ര നിർമാണ രംഗത്തും, ഡയമണ്ട് പോളിഷിംഗ് ജോലികളിലും ഇടം നേടി. നോട്ടുനിരോധനവും, ജിഎസ്ടിയും ഈ മേഖലകളെ നിശ്ചലമാക്കിയപ്പോൾ, അസംഘടിത തൊഴിലാളികൾ പട്ടിണിയിൽ ആവുകയായിരുന്നു. സംസ്ഥാനത്തെ കർഷകരുടെ കടബാധ്യത 73,000 കോടിയാണ്. ഏഴു ലക്ഷം ചെറുപ്പക്കാർ തൊഴിൽ രഹിതരാണ്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഗ്രാമങ്ങളിൽ കോൺഗ്രസിനുണ്ടായ മുന്നേറ്റം വർദ്ധിച്ചു വരുന്ന അസംതൃപ്തി കാരണമായിരുന്നു. ഇത് ഇപ്പോഴും കോൺഗ്രസിന് അനുകൂലമായ ഘടകമാണ്. പരമ്പരാഗതമായി ബിജെപിയുടെ വോട്ട് ബാങ്ക് ആണ് 15 ശതമാനം വരുന്ന പട്ടേൽ സമുദായം. സാമ്പത്തികമായും സാമൂഹ്യമായും ഉയർന്ന പട്ടേൽമാർ കോൺഗ്രസിനെ കൈവിട്ടത് എൺപതുകളിലാണ്. മാധവ്‌സിംഗ് സോളങ്കിയുടെ നേതൃത്വത്തിൽ അടിസ്ഥാന വിഭാഗങ്ങൾക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യം തകർത്താണ് പട്ടേൽ പിന്തുണയോടെ ബി.ജെ.പി സംസ്ഥാനത്ത് മുന്നേറ്റം നടത്തിയത്. എൺപതുകളിൽ സംവരണ വിരുദ്ധ സമരം ആളിക്കത്തിയ സംസ്ഥാനമാണിത്.പലടേത്തും കലാപമായി ഇത് മാറി. ബാബ്‌രി മസ്ജിദ് തകർച്ചയ്ക്ക് മുമ്പ് അതിന് തക്ക രാഷ്ട്രീയ സാഹചര്യം വളർത്തുന്നതിൽ മുമ്പന്തിയിലായിരുന്നു ദക്ഷിണേന്ത്യയിൽ നിന്നുള്ള പ്രമുഖ ഇംഗഌഷ് പത്രം. ഗുജറാത്തിലെ ആത്മാഹുതി വാർത്തകൾ അന്വേഷണാത്മക പത്രപ്രവർത്തനത്തിന്റെ പാരമ്പര്യത്തിൽ മേനി നടിച്ചിരുന്ന പത്രത്തിന്റെ ഒന്നാം പേജിൽ തുടർച്ചയായി സ്ഥാനം പിടിച്ചു. ഗുജറാത്തിലെ സംവരണ വിരുദ്ധ കലാപം അതിവേഗം സാമുദായിക ധ്രുവീകരണമായി മാറാൻ ബാബ്‌രി മസ്ജിദ് തകർച്ച വഴിയൊരുക്കി. 22 വർഷമായി തുടരുന്ന ബി.ജെ.പി വാഴ്ചയുടെ ശില പാകിയത് ഇക്കാലത്താണ്. എൽ.കെ അദ്വാനിയുടെ അയോധ്യയിലേക്കുള്ള രഥയാത്ര ആരംഭിച്ചത് ഗുജറാത്തിലെ സോമനാഥിൽ നിന്നാണ്. പട്ടേൽ വിഭാഗത്തിലെ പ്രമാണിമാരെയാണ് ബി.ജെ.പി ഫലപ്രദമായി ഉപയോഗപ്പെടുത്തിയത്. ഇതേ പട്ടേൽ വിഭാഗത്തിലെ അസംതൃപ്തരാണ് ഇപ്പോൾ ബി.ജെ.പിയ്ക്ക് എതിരെ നിൽക്കുന്നത്.
കാർഷിക മേഖല തകർന്നപ്പോഴാണ് ഒരു ഹീറോയെ പോലെ ഹാർദിക് പട്ടേൽ ഉയർന്നു വന്നത്. നോട്ട് റദ്ദാക്കലിന്റേയും ജി.എസ്.ടിയുടേയും ഭാരം പേറേണ്ടി വന്നതും പട്ടേൽ വിഭാഗത്തിലെ വാണിജ്യ വർഗമാണ്. ഇവർ ഭരണകക്ഷിയ്‌ക്കെതിരെ തിരിഞ്ഞാൽ ബി.ജെ.പിയുടെ വിജയ സാധ്യതകൾക്ക് ഇളക്കം തട്ടുകയാവും ഫലം. ദളിതുകളും താക്കൂർ സമുദായവും കോൺഗ്രസിനൊപ്പം ചേർന്നതും ശ്രദ്ധേയമാണ്. ഒബിസിയിൽ പകുതിയോളം വരുന്ന താക്കൂർ വിഭാഗം വടക്കൻ ഗുജറാത്തിൽ നിർണായക ശക്തിയാണ്. ഏഴ് ലക്ഷം അംഗങ്ങളാണ് അൽപേഷ് താക്കൂറിന്റെ ക്ഷത്രിയ താക്കൂർ സേനയിൽ. 45 മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാൻ ഇവർക്കാവും. 15 ശതമാനത്തോളം വരുന്ന ആദിവാസികളും പ്രധാന ഘടകമാണ്. ഗുജറാത്തിന്റെ മറ്റൊരു സവിശേഷത നഗര വോട്ടർമാരിൽ ദശകങ്ങളായി ബി.ജെ.പി ചെലുത്തുന്ന സ്വാധീനമാണ്. ഗ്രാമങ്ങളിലെ തിരിച്ചടി ഇതിലൂടെ നികത്താനാവുമോ എന്നതായിരിക്കും നോട്ടം. മേവാനി ദളിത് വോട്ടർമാരെ സ്വാധീനിച്ചേക്കാം. മോഡിയുടെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തിയ അൽപേഷ് ഠാക്കൂറിന്റെ വാക്കുകൾ അവസാന റൗണ്ടിൽ വർഷിച്ച ബോംബാണ്. ഇവരെല്ലാം രാഹുലിന്റെ കൂട്ടുകാർ.
ഏറ്റവുമൊടുവിൽ രാഹുൽ ഗാന്ധി ഗുജറാത്തി ചാനലിന് നൽകിയ അഭിമുഖത്തിന്റെ പേരിലാണ് അദ്ദേഹത്തെ ഭരണകക്ഷി വേട്ടയാടുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന പരാതിയിൽ രാഹുൽ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടിസയക്കുകയും ചെയ്തു. ചാനലിന് അഭിമുഖം നൽകിയത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന ബി.ജെ.പിയുടെ ആരോപണത്തെ തുടർന്നായിരുന്നു കമ്മീഷന്റെ നടപടി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായുള്ള രാഷ്ട്രീയ എതിർപ്പ് വെറുപ്പിലേക്ക് നയിക്കുന്നില്ലെന്ന് രാഹുൽ ഗാന്ധി ഇന്റർവ്യൂവിൽ വ്യക്തമാക്കി. പകരം, സ്‌നേഹം മാത്രമാണുള്ളത്. കോൺഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി അനുവദിച്ച ചാനൽ അഭിമുഖത്തിലാണ് പ്രതികരണം.
'എനിക്ക് രണ്ട് പ്രതികരണം ഉണ്ടാവും, ഞാൻ സ്‌നേഹിക്കുന്ന എന്റെ പിതാവിനെപ്പറ്റി എന്തെങ്കിലും പറയുമ്പോഴും, അവർ എന്നെ അവഹേളിക്കുമ്പോഴും. എനിക്ക് വെറുക്കാനോ കൂടുതൽ സ്‌നേഹിക്കാനോ സാധിക്കും. എന്റെ മുമ്പിൽ അവർ കൂടുതൽ തടസ്സമാവുമ്പോൾ, എനിക്ക് കൂടുതൽ ശക്തി ലഭിക്കും. മോഡിജി എന്നെ ഒരുപാട് സഹായിച്ചു, എനിക്കെങ്ങനെ അദ്ദേഹത്തെ വെറുക്കാനാവും?' ഗുജറാത്തി വാർത്താ ചാനലായ ജി.എസ്.ടി.വിയിൽ നൽകിയ അഭിമുഖത്തിൽ രാഹുൽ ഗാന്ധി വിശദമായി പറഞ്ഞു.
'ഈ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് പേടിയുണ്ട്' അഭിമുഖത്തിൽ അദ്ദേഹം തുടർന്നു- 'ഞാൻ പറഞ്ഞത് ഗുജറാത്തിന് എന്താണോ പറയാനുള്ളത്, അതു മാത്രമാണ്, ജനങ്ങൾ എന്നോട് പറഞ്ഞ പ്രശ്‌നങ്ങൾ മാത്രമാണ്. ജനങ്ങൾ എന്തു പറയുന്നു എന്നതിൽ ബി.ജെ.പിക്ക് പേടിയുണ്ട്, രാഹുൽ ഗാന്ധി എന്തു പറയുന്നു എന്നതിലല്ല'-രാഹുൽ പറഞ്ഞു.
തെരഞ്ഞെടുപ്പിന് 48 മണിക്കൂർ മുൻപ് മാധ്യമങ്ങൾക്ക് അഭിമുഖം നൽകുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്കുണ്ട്. അഭിമുഖത്തിന്റെ സി.ഡി നൽകാൻ ചാനലിനോട് ആവശ്യപ്പെട്ട കമ്മീഷൻ ചാനലിനെതിരേ കേസെടുക്കുകയും ചെയ്തു.
ഫലപ്രഖ്യാപന ദിനമായ 18 ന് വൈകുന്നേരം അഞ്ചു മണിക്കു മുമ്പ് മറുപടി നൽകാനാണ് നിർദേശം. രാഹുൽ ഗാന്ധിയുടെ അഭിമുഖത്തിലെ പരാമർശങ്ങളാണ് ബി.ജെ.പിയെ കുടുക്കിയത്. തന്നെ ഏറെ സഹായിച്ച വ്യക്തിയാണ് മോഡിജിയെന്നും അതിനാൽ അദ്ദേഹത്തെ ഒരിക്കലും വെറുക്കാൻ കഴിയില്ലെന്നും രാഹുൽ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇരുത്തം വന്ന രാഷ്ട്രീയ നേതാവിന്റെ തലത്തിലേക്ക് രാഹുൽ ഉയർന്നുവെന്നതിന് ഇതിൽപരം എന്ത് തെളിവ് വേണം?