റിയാദ്- വാക്സിനില്ലാതെ കാലി സിറിഞ്ചുമായി സൗദി പൗരന് കുത്തിവെപ്പ് നടത്തിയ സംഭവത്തില്‍ ഏഷ്യക്കാരനായ ആരോഗ്യ പ്രവർത്തകനെ അപ്പോള്‍ തന്നെ അറസ്റ്റ് ചെയ്തിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി.
കോവിഡ് വാക്‌സിൻ നൽകുന്നതിൽ തട്ടിപ്പ് നടത്തിയെന്ന തരത്തില്‍ വീഡിയോ പ്രചരിച്ചതിനു പിന്നാലെയാണ് റിയാദ് ആരോഗ്യവിഭാഗം വിശദീകരണം നല്‍കിയത്.
റിയാദിലെ ഒരു മെഡിക്കൽ കോളേജിൽ ഏകദേശം ഒരു മാസം മുമ്പ് നടന്ന സംഭവമാണ് ഇപ്പോൾ പ്രചരിക്കുന്നതെന്നും ഇതിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഏഷ്യൻ വംശജനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ആരോഗ്യ വിഭാഗം വെളിപ്പെടുത്തി.
കോളേജിലെ ആരോഗ്യവിഭാഗം ജീവനക്കാരനായിരുന്ന ഇയാൾ സ്വദേശി പൗരന് ശരിയായ രീതിയിൽ കുത്തിവെപ്പ് നടത്തിയില്ലെന്ന് തെളിയുന്ന വീഡിയോ പ്രചരിക്കുകയായിരുന്നു. സ്വദേശിക്ക് അപ്പോള്‍തന്നെ വാക്‌സിൻ ലഭ്യമാക്കിയിരുന്നതായും ആരോഗ്യവിഭാഗം വ്യക്തമാക്കി. ഇത്തരം പ്രവർത്തനങ്ങൾ യാതൊരു കാരണവശാലും അനുവദിക്കില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതായും പ്രതിയെ തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറിയതായും അധികൃതർ കൂട്ടിച്ചേർത്തു.