ഈരാറ്റുപേട്ട - തന്റെ മണ്ഡലത്തിൽ മാത്രം 42 പെൺകുട്ടികൾ ലൗ ജിഹാദിന് ഇരയായെന്ന പി.സി. ജോർജിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഇസ്ലാമിലേക്ക് മത പരിവർത്തനം നടത്തിയ യുവതി. 15 വർഷം മുമ്പ് ഈരാറ്റുപേട്ടയിലെ യുവാവുമായി പ്രണയിച്ച് വിവാഹം ചെയ്ത പി.സി. ജോർജിന്റെ ആരോപണങ്ങൾക്കെതിരെ പ്രാദേശിക ടി.വി. ചാനലിനോട് പ്രതികരിച്ചത്.
പാലാ കയ്യൂരിൽ ജനിച്ച യുവതി പഠന ശേഷം ഈരാറ്റുപേട്ടയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നതിനിടെ സ്ഥാപന ഉടമയുമായി പ്രണയത്തിലാവുകയായിരുന്നു. തുടർന്ന് രജിസ്റ്റർ വിവാഹം നടത്തി.
യുവതിയുടെ ബന്ധുക്കൾ പി.സി. ജോർജ് എം.എൽ.എക്ക് പരാതി നൽകിയതിനെത്തുടർന്ന് യുവതിയേയും യുവാവിനേയും വിളിപ്പിച്ച് കാര്യങ്ങൾ ചോദിച്ചറിഞ്ഞ എം.എൽ.എ ഇരുവരുടേയും വീട്ടുകാരുമായി സംസാരിച്ച് കാര്യങ്ങൾ രമ്യതയിലാക്കി ഒന്നിച്ച് അയക്കുകയായിരുന്നു. പിന്നീട് ഈരാറ്റുപേട്ടയിലെ മസ്ജിദിൽനിന്ന് ഇമാമിന്റെ കാർമികത്വത്തിൽ നിക്കാഹ് നടത്തിയെന്നും യുവതി പറയുന്നു.
സാധാരണ നാടുകളിൽ കാണുന്നതുപോലുള്ള പ്രണയ വിവാഹങ്ങൾ മാത്രമേ ഇവിടെയും നടക്കുന്നുള്ളൂവെന്നും ഇത്തരം വിവാഹങ്ങളെ ലൗജിഹാദ് എന്ന് ആരോപിച്ച് ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് പി.സി. ജോർജ് ലക്ഷ്യമിടുന്നതെന്നും ഇത്തരം ആരോപണങ്ങൾ കേൾക്കുമ്പോൾ ലജ്ജ തോന്നുകയാണെന്നും ശബാന പറഞ്ഞു.