ന്യൂദല്‍ഹി- മഹാരാഷ്ട്രയില്‍ നിന്നുള്ള എല്ലാ യാത്രക്കാരുടെയും കോവിഡ്പരിശോധനാ ഫലം പരിശോധിക്കാത്തതിന് നാല് വിമാന കമ്പനികള്‍ക്കെതിരെ നടപടിയുമായി ദല്‍ഹി സര്‍ക്കാര്‍.
ഇന്‍ഡിഗോ, വിസ്താര, സ്പൈസ് ജെറ്റ്, എയര്‍ ഏഷ്യ എന്നിവക്കെതിരെ ദുരന്ത നിവാരണ നിയമ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ദല്‍ഹി സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ദേശീയ തലസ്ഥാന പ്രദേശത്ത് ഈ മാസം പത്തിന് ദല്‍ഹി സര്‍ക്കാര്‍ പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരുന്നു.
ഇതു പ്രകാരം മഹാരാഷ്ട്രയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടി-പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. ഇതു ലംഘിച്ചാണ് വിമാന കമ്പനികള്‍ യാത്രക്കാരെ ദല്‍ഹിയിലേക്ക് കൊണ്ടുവന്നത്.
ദല്‍ഹിയില്‍ ശനിയാഴ്ച 24,375 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് വ്യാപിച്ചു തടങ്ങിയതിനുശേഷം ദല്‍ഹിയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്.