കോഴിക്കോട്- സ്ഥാനാർഥി നിർണയത്തിലെ അപാകം കൊണ്ടു മാത്രം യു.ഡി.എഫിന് കൈമോശം വന്നേക്കാവുന്ന രണ്ടു മണ്ഡലങ്ങൾ കോഴിക്കോട് ജില്ലയിലുണ്ട്. അവ കൊയിലാണ്ടിയും തിരുവാമ്പാടിയുമാണ്. മണ്ഡലം കോൺഗ്രസ് ഏറ്റെടുത്ത് ക്രിസ്ത്യൻ സമുദായത്തിൽനിന്നുള്ള ആളെ സ്ഥാനാർഥിയാക്കിയാൽ തിരുവാമ്പാടി യു.ഡി.എഫിനൊപ്പം നിൽക്കും. കോഴിക്കോട് നോർത്തിൽ മത്സരിച്ച കെഎം. അഭിജിത്തിനെപോലെ ശ്രദ്ധേയനായ യുവ സ്ഥാനാർഥി വന്നിരുന്നെങ്കിൽ കൊയിലാണ്ടിയിലും യു.ഡി.എഫിന് വിജയം ഉറപ്പാണ്. ഐക്യ ജനാധിപത്യ മുന്നണിക്ക് അനുകൂലമായ പൊതുവികാരം ഉണ്ടെങ്കിലേ ഇപ്പോഴത്തെ നിലയിൽ ഈ മണ്ഡലങ്ങളിൽ യു.ഡി.എഫ് വിജയിക്കുകയുള്ളൂ. തിരുവാമ്പാടിയിലെ യു.ഡി.എഫ് സ്ഥാനാർഥി സി.പി. ചെറിയ മുഹമ്മദ് സംശുദ്ധ പ്രതിഛായയുള്ള പൊതു പ്രവർത്തകനാണ്. മണ്ഡലത്തിലെ ആനയാംകുന്ന് സ്‌കൂളിലെ ഹയർ സെക്കണ്ടറി അധ്യാപകനായി വിരമിച്ച ചെറിയ മുഹമ്മദ് എം.എസ്.എഫിന്റെയും കേരള സ്‌കൂൾ ടീച്ചേഴ്‌സ് യൂണിയന്റെയും സംസ്ഥാന പ്രസിഡന്റായിരുന്നു. രണ്ടു വിദ്യാഭ്യാസ മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിയായ ചെറിയ മുഹമ്മദ് കരിക്കുലം കമ്മിറ്റിയിലും അംഗമായി. മണ്ഡലത്തിലെ കൊടിയത്തൂർ പഞ്ചായത്തുകാരനുമാണ്.
പ്രശ്‌നം സ്ഥാനാർഥിയുടേതല്ല. കാരശ്ശേരി, കോടഞ്ചേരി, കൊടിയത്തൂർ, കൂടരഞ്ഞി, പുതുപ്പാടി, തിരുവാമ്പാടി പഞ്ചായത്തുകളും മുക്കം മുനിസിപ്പാലിറ്റിയും അടങ്ങിയതാണ് മണ്ഡലം. ഇതിൽ കൂടരഞ്ഞി ഒഴികെ പഞ്ചായത്തുകളിൽ വിജയിച്ചത് യു.ഡി.എഫാണ്. മുക്കം മുനിസിപ്പാലിറ്റിയിൽ വിമതരുടെ പിന്തുണയോടെ ഇടത് അധികാരത്തിൽ വന്നു. രാഹുൽ ഗാന്ധി പ്രതിനിധാനം ചെയ്യുന്ന വയനാട് ലോക്‌സഭാ മണ്ഡലത്തിൽ പെട്ടതാണ് തിരുവാമ്പാടി. 54471 വോട്ടിന്റെ ഭൂരിപക്ഷമാണ് രാഹുലിന് മണ്ഡലം നല്കിയത്. ഇടതു സ്ഥാനാർഥിക്ക് ആകെ കിട്ടിയത് 36681 വോട്ടാണ്. ഈ തരത്തിൽ ഏതു കണക്ക് വെച്ചു നോക്കിയാലും യു.ഡി.എഫ് ഇവിടെ ജയിക്കണം. എന്നാൽ 2006ൽ മത്തായി ചാക്കോയും തുടർന്ന് ഉപതെരഞ്ഞെടുപ്പിലും 2016ലും ജോർജ് എം. തോമസും ജയിച്ചത് ക്രിസ്ത്യൻ സമുദായത്തിന്റെ യു.ഡി.എഫിനോടുള്ള അതൃപ്തി മുതലെടുത്താണ്.
മണ്ഡലം കോൺഗ്രസ് ഏറ്റെടുത്ത് ക്രിസ്ത്യൻ സമുദായക്കാരനെ മത്സരിപ്പിക്കണമെന്ന് സഭാ നേതാക്കൾ മുന്നണിയോട് പല തവണ ആവശ്യപ്പെട്ടതാണ്. പക്ഷെ സിറ്റിംഗ് മണ്ഡലങ്ങൾ അതത് പാർട്ടികൾക്ക് വിട്ടുനൽകാനുള്ള തീരുമാനം യു.ഡി.എഫിൽ ഉണ്ടാവുന്നതോടെ മണ്ഡലം വെച്ചുമാറൽ പ്രയാസമാവുന്നു. എങ്കിലും ഇത്തവണ സ്ഥാനാർഥിയെ സ്ഥാനാർഥിയെ പ്രഖ്യാപിക്കും മുമ്പ് ക്രിസ്ത്യൻ സഭാനേതാക്കളെ ലീഗിലെ പി.കെ. കുഞ്ഞാലിക്കുട്ടിയും ഡോ.എം.കെ. മുനീറും സന്ദർശിച്ചത് ഈ അതൃപ്തിയെ ലഘൂകരിക്കാനാണ്. ഈ സാഹചര്യം മുതലെടുക്കാൻ യോജിച്ച സ്ഥാനാർഥിയെയാണ് എൽ.ഡി.എഫ് കണ്ടെത്തിയത്.
2016ൽ ഇടതിന് അനുകൂലമായ കാറ്റ് ഉണ്ടായപ്പോഴും ഇടത് സ്ഥാനാർഥിക്ക് തിരുവാമ്പാടിയിൽ ലഭിച്ച ഭൂരിപക്ഷം 3008 ആണ്. 2016ൽ 2226 വോട്ട് നേടിയ വെൽഫെയർ പാർട്ടി ഇത്തവണ യു.ഡി.എഫിനെ പിന്തുണക്കും. ചെറിയ വോട്ടിനാണെങ്കിലും ജയിക്കാമെന്ന പ്രതീക്ഷ ചെറിയ മുഹമ്മദിനുണ്ട്.
കഴിഞ്ഞ മൂന്ന് ലോക്‌സഭാ തെരഞ്ഞടുപ്പുകളിലും യു.ഡി.എഫ് സ്ഥാനാർഥിക്ക് വലിയ ഭൂരിപക്ഷം നൽകിയ മണ്ഡലമാണ് കൊയിലാണ്ടി. നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് തോൽക്കുകയും ചെയ്തു. കൊയിലാണ്ടി, പയ്യോളി മുനിസിപ്പാലിറ്റികൾക്ക് പുറമെ ചെങ്ങോട്ടുകാവ്, ചേമഞ്ചേരി, മൂടാടി, തിക്കോടി പഞ്ചായത്തുകളാണ് ഈ മണ്ഡലത്തിലുള്ളത്. എൽ.ഡി.എഫിന് സ്വന്തമെന്ന് പറയാൻ ഒരിടംപോലും ഇവിടെയില്ല. കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലാണ് തെല്ലെങ്കിലും എൽ.ഡി.എഫ് ശക്തം. കോൺഗ്രസുകാരെ മാത്രം ജയിപ്പിച്ചു വിട്ട ഈ മണ്ഡലം ഐ വിഭാഗത്തിന്റേതെന്ന നിലയിലാണ് സുബ്രഹ്മണ്യൻ രണ്ടു തവണയായി സ്ഥാനാർഥിയാവുന്നത്. 2011 ൽ സ്ഥാനാർഥിയായ കെ.പി. അനിൽ കുമാർ 2016 വരെ മണ്ഡലത്തിൽ സജീവമായിരുന്നു. എന്നാൽ 2016 ൽ സുബ്രഹ്മണ്യൻ വന്നു. 2021 ൽ വീണ്ടും അദ്ദേഹം തന്നെ സ്ഥാനാർഥിയായി.
കെ.പി.സി.സി ജനറൽ സെക്രട്ടറിയെന്ന നിലയിലും മറ്റും അധികാര രാഷ്ട്രീയത്തിന്റെ ഇടനാഴിയിൽ കരുത്തനാണ് സുബ്രഹ്മണ്യൻ. പക്ഷേ കൊയിലാണ്ടിയിലെ കോൺഗ്രസ് പ്രവർത്തകർക്ക് ആവേശം നൽകുന്ന സ്ഥാനാർഥിത്വമായി മാറാൻ കഴിയുന്നില്ല. കൊയിലാണ്ടിയിൽ ഇടതുപക്ഷത്ത് ഇത്തവണ ചെറിയ അതൃപ്തിയുണ്ട്. കഴിഞ്ഞ രണ്ടു തവണയും മണ്ഡലത്തിൽനിന്ന് ജയിച്ച കെ. ദാസന് ഒരു തവണ കൂടി നൽകണമെന്ന നിർദേശം ഉണ്ടായിരുന്നു. അത് അംഗീകരിക്കപ്പെട്ടില്ലെന്ന് മാത്രമല്ല ഒരു വനിതയെയാണ് കൊയിലാണ്ടിയിലേക്ക് നിയോഗിച്ചത്. ഇത്തരം അസംതൃപ്തികളിൽ അത്യാവശ്യം മീൻ പിടിക്കാൻ കഴിവുള്ളയാളാണ് സുബ്രഹ്മണ്യൻ എന്നതു മാത്രമാണ് കൊയിലാണ്ടിയിലെ യു.ഡി.എഫ് പ്രതീക്ഷ.