കോവിഡ് നിയന്ത്രിക്കാന്‍ ചെന്നിത്തലയുടെ 14 നിര്‍ദേശങ്ങള്‍

തിരുവനന്തപുരം- രണ്ടാം തരംഗമായി സംസ്ഥാനത്ത് കോവിഡ് വീണ്ടും വന്‍ തോതില്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ കാര്യങ്ങള്‍ കൈവിട്ടുപോകാതെ നിയന്ത്രണവിധേയമാക്കുന്നതിനായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സര്‍ക്കാരിന് 14 ഇന നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചു. നിര്‍ദേശങ്ങള്‍ അടങ്ങിയ കത്ത് ചീഫ് സെക്രട്ടറിക്ക് നല്‍കി. ചികിത്സ, പ്രതിരോധം, ഗവേഷണം, ക്രൈസിസ് മാനേജ്‌മെന്റ് എന്നിങ്ങനെ നാല് മേഖലകളായി തിരിച്ചുള്ള നിര്‍ദേശങ്ങളാണ് നല്‍കിയത്.
രോഗികളെ ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നതിന് വ്യക്തമായ അഡ്മിഷന്‍ പ്രോട്ടോക്കോള്‍ ഉണ്ടാക്കണമെന്നു കത്തില്‍ പറയുന്നു. റഫറല്‍ സംവിധാനത്തിലൂടെ അഡ്മിഷന്‍ നല്‍കണം. പ്രാഥമിക ചികിത്സയ്ക്കും റഫറല്‍ സംവിധാനത്തിനുമുള്ള ശൃംഖല സംസ്ഥാനത്തുടനീളം തയാറാക്കണം. ഐസിയുവുകളുടെയും വെന്റിലേറ്ററുകളുടെയും ക്ഷാമം മുന്‍കൂട്ടി കണ്ട് സംസ്ഥാനത്തുള്ള എല്ലാ  ഐസിയുകളും വെന്റിലേറ്റര്‍ സൗകര്യമുള്ള ഐസിയുകളും സര്‍ക്കാര്‍ ഏറ്റെടുത്ത്  'കോമണ്‍ പൂള്‍' ഉണ്ടാക്കണം. എന്നിട്ട് ജില്ലാതല മെഡിക്കല്‍ ബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ അഡ്മിഷന്‍ പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് അവയിലേക്ക് രോഗികളെ അഡ്മിറ്റ് ചെയ്യണം. ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷാമം പരിഹരിക്കണം. ആശുപത്രികള്‍ക്ക് പുറമേ സ്വകാര്യ ക്ലിനിക്കുകള്‍, ഡെന്റല്‍ ക്ലിനിക്കുകള്‍, ഒപിഡികള്‍ തുടങ്ങിയവയിലെ കിടക്കകളും അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ പാകത്തിന് സജ്ജമാക്കണം. ജീവന്‍രക്ഷാ മരുന്നുകളുടെയും ഓക്‌സിജന്‍ സിലിണ്ടറുകളുടെയും ലഭ്യത  ഉറപ്പാക്കണം. സ്വകാര്യ ആശുപത്രികളിലെ ചികിത്സാചെലവ് നിയന്ത്രിക്കണം. ബിപിഎല്‍ കുടുംബങ്ങള്‍ക്കും സ്വകാര്യ ആശുപത്രികളില്‍ സൗജന്യ ചികിത്സ ഉറപ്പാക്കണം. വാക്‌സിന്‍ ഓപ്പണ്‍ മാര്‍ക്കറ്റിലും ലഭ്യമാക്കണം. സംസ്ഥാനതല ലോക്ഡൗണ്‍ ആവശ്യമില്ല. കടകള്‍ക്ക് സമയപരിധി നിശ്ചയിക്കുന്നതിന് പകരം ടോക്കണ്‍ സമ്പ്രദായത്തിലൂടെ ജനത്തിരക്ക് നിയന്ത്രിക്കണം. സാമൂഹിക അകലം, മാസ്‌ക്, സാനിറ്റൈസര്‍ ഉപയോഗം എന്നിവ കര്‍ശനമാക്കണം. ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കണം. സമ്പര്‍ക്ക പട്ടിക തയാറാക്കണം. ക്വാറന്റെയിന്‍ നടപടികള്‍ കര്‍ശനമാക്കണം. രോഗവ്യാപന രീതിയെക്കുറിച്ചും വൈറസ്സിന്റെ ജനിതക മാറ്റത്തെക്കുറിച്ചുമുള്ള ഗവേഷണം അത്യാവശ്യമാണ്. തദ്ദേശസ്ഥാപനങ്ങളെ ശക്തരാക്കണം. വ്യാപകമായ ബോധവത്ക്കരണം വേണം. ആരോഗ്യം, ആഭ്യന്തരം, തദ്ദേശസ്വയംഭരണം, റവന്യൂ വകുപ്പുകള്‍ ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കണം. എന്നിവയാണ് നിര്‍ദേശങ്ങള്‍.

 

 

Latest News