കോച്ചുകള്‍ ഇന്ത്യന്‍ റെയില്‍വേ കോവിഡ് കിടക്കകളാക്കുന്നു

മുംബൈ- ഇന്ത്യയില്‍ കോവിഡ് രോഗബാധ അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍  റെയില്‍വേയുടെ കോച്ചുകള്‍ കോവിഡ് ചികിത്സയ്ക്കായി വിട്ടു നല്‍കി. 4002 റെയില്‍വേ കോച്ചുകളാണ് ചികിത്സയുടെ ആവശ്യങ്ങള്‍ക്കായി ഇപ്പോള്‍ വിട്ട് നല്‍കിയിരിക്കുന്നത്. റെയില്‍വെയുടെ 16 സോണുകളിലും ഈ കോച്ചുകളുടെ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനങ്ങളുടെ ആവശ്യമനുസരിച്ച് ഈ കോച്ചുകള്‍ എത്തിച്ച് കൊടുക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇപ്പോള്‍ കോവിഡ് ചികിത്സായ്ക്കായി സജ്ജീകരിച്ചിരിക്കുന്നതില്‍ 92 കോച്ചുകള്‍ മഹാരാഷ്ട്രയില്‍ എത്തിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ കോവിഡ് രോഗബാധ പടര്‍ന്ന് പിടിച്ച് കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ മഹാരാഷ്ട്രയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.17 ശതമാനം ആണ്. അതായത് ഇന്ത്യയുടെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിനും വളരെ മുകളിലാണിത്. 
 ദല്‍ഹി സര്‍ക്കാരും 2 സ്‌റ്റേഷനുകളിലായി 5000 കോവിഡ് കിടക്കകളുടെ സൗകര്യം ഒരുക്കണമെന്ന് റെയില്‍വേയോട് ആവശ്യപെട്ടിട്ടുണ്ട്. ഷാകുര്‍ ബസ്തി, ആനന്ദ് വിഹാര്‍ എന്നിവിടങ്ങളിലായി കോച്ചുകള്‍ എത്തിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറുകളില്‍ ദല്‍ഹിയിലെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തോട് എടുത്തിട്ടുണ്ട്.

Latest News