VIDEO അത് വ്യാജ വാര്‍ത്ത; ടി.വി അവതാരക പ്രജ്ഞ മിശ്രയെ ആരും കുത്തിക്കൊന്നിട്ടില്ല

ലഖ്‌നൗ- കോവിഡ് രൂക്ഷമായിരിക്കെ നടത്തിയ കുംഭമേളയെ വിമര്‍ശിച്ച ടി.വി അവതാരകയെ പട്ടാപ്പകല്‍ കുത്തിക്കൊന്നുവെന്ന തരത്തില്‍ പ്രചരിക്കുന്നത് വ്യാജ ഫോട്ടോകളും വീഡിയോയും.

യു.പി ആസ്ഥാനമായ ഭാരത് സമാചാറിന്റെ ടെലിവിഷന്‍ അവതാരക പ്രജ്ഞാ മിശ്ര കൊല്ലപ്പെട്ടുവെന്നാണ് മലയാളികളടക്കം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത്.

കുംഭമേളയെ കൊറോണ ആറ്റം ബോംബെന്ന് വിശേഷിപ്പിച്ച പ്രജ്ഞക്കെതിരെ രൂക്ഷ വിമര്‍ശം ഉയര്‍ന്നതിനു പിന്നാലെയാണ് അവരെ പട്ടാപ്പകല്‍ കുത്തിക്കൊന്നുവെന്ന വാര്‍ത്ത വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിച്ചത്.

തബ് ലീഗ് സമ്മേളനവും കുംഭമേളയും താരതമ്യപ്പെടുത്തുന്ന അവരുടെ പ്രതികരണ വീഡിയോ കൂടി ചേര്‍ത്തായിരുന്നു പ്രചാരണം.

https://www.malayalamnewsdaily.com/sites/default/files/2021/04/18/pragya2.jpg

ഒരു യുവതിയെ ഒരാള്‍ 25 തവണ കുത്തിക്കൊല്ലുന്നതാണ് വീഡിയോ. വാര്‍ത്താ വീഡിയോയില്‍ പ്രജ്ഞ ധരിച്ച വസ്ത്രം തന്നെയാണ് ഈ യുവതിയും ധരിച്ചതെന്നത് വ്യാജ വാര്‍ത്തക്ക് സ്വീകാര്യത വര്‍ധിപ്പിച്ചു.

പ്രജ്ഞ മിശ്ര അവരുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ സജീവമായുണ്ട് എന്ന കാര്യം പോലും പരിശോധിക്കാതെയാണ് അവര്‍ ക്രൂരമായി കൊലചെയ്യപ്പെട്ടുവെന്ന വാര്‍ത്ത പ്രചരിപ്പിച്ചത്.

ഏപ്രില്‍ പത്തിന് ദല്‍ഹിയിലെ രോഹിണിയിലുണ്ടായ കൊലപാതകത്തിന്റെ വീഡിയോ ആണ് പ്രജ്ഞാ മിശ്രയുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നത്. സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന 26 കാരി നീതുവിനെയാണ് ഭാര്‍ത്താവ് ഹരീഷ് മേത്ത കുത്തിക്കൊല്ലുന്നത്.

 

 

Latest News