നാഗ്പൂര്‍- കോവിഡ് ഏറ്റവും രൂക്ഷമായ മഹാരാഷ്ട്രയില്‍ ലോക്ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ്. നാഗ്പൂരില്‍ കഴിഞ്ഞ ദിവസം തെരുവില്‍ ഇറങ്ങിയവരെ പോലീസ് പിടികൂടി ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീലാക്കി. മതിയായ കാരണങ്ങളില്ലാതെ പുറത്തിറങ്ങിയതിന് 12 പേരാണ് അകത്തായത്. 14 ദിവസം കഴിഞ്ഞു മാത്രമെ ഇവര്‍ക്കിനി പുറത്തിറങ്ങാന്‍ കഴിയൂ.
നാഗ്പൂര്‍ നഗരസഭയും പോലീസും സംയുക്തമായി നഗരത്തില്‍ പലയിടത്തും വേണ്ടി റാപിഡ് ആന്റിജന്‍ ടെസ്റ്റുകളും സംഘടിപ്പിച്ചു. വിലക്ക് ലംഘിച്ച് തെരുവിലിറങ്ങി അലഞ്ഞു നടക്കുന്നവരെയാണ് ടെസ്റ്റിനു വിധേയരാക്കിയത്. 225 ചെക്ക് പോയിന്റുകളിലാണ് ടെസ്റ്റുകള്‍ നടത്തിയത്. 18 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 12 പേരേയാണ് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീനിലാക്കിയത്. മാസ്‌ക് ശരിയായ വിധം ധരിക്കാത്തതിന് 265 പേര്‍ക്കെതിരെ നടപടി സ്വീകരിച്ചു. സാമുഹിക അകലം പാലിക്കാത്തതിന് 619 പേര്‍ക്കെതിരേയും നടപടി ഉണ്ടായി.






