ജിദ്ദയില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായിരുന്ന അബ്‌സാര്‍ അലി കറാച്ചിയില്‍ നിര്യാതനായി

കറാച്ചി- മലയാളം ന്യൂസിന്റെ സഹോദര പ്രസിദ്ധീകരണമായ ഉര്‍ദു ന്യൂസില്‍ ന്യൂസ് എഡിറ്ററായിരുന്ന സയ്യിദ് അബ്‌സാര്‍ അലി കറാച്ചിയില്‍ നിര്യാതനായി. 67 വയസ്സായിരുന്നു.
ജിദ്ദിയില്‍നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ഉര്‍ദു ന്യൂസില്‍ ആദ്യകാലം മുതല്‍ തന്നെ പ്രവര്‍ത്തിച്ച അദ്ദേഹം രണ്ട് വര്‍ഷം മുമ്പ് പ്രിന്റ് എഡിഷന്‍ നിര്‍ത്തിയതിനുശേഷമാണ് സ്വദേശമായ കറാച്ചിയിലേക്ക് മടങ്ങിയത്.
ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ശനിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചതെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.
കറാച്ചി യൂനിവേഴ്‌സിറ്റിയില്‍നിന്ന് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടിയശേഷം ജസ്രത്തിലൂടെയാണ് മാധ്യമ രംഗത്ത് പ്രവേശിച്ചത്. തുടര്‍ന്ന് ഹുരിയത്തിലും ശേഷം ജംഗിലും ന്യൂസ് എഡിറ്ററായിരുന്നു. സൗദി അറേബ്യയില്‍ എസ്.ആര്‍.പി.സി ആരംഭിച്ച ഉര്‍ദു ന്യൂസില്‍ ആദ്യം കറാച്ചിയില്‍ റിപ്പോര്‍ട്ടറായിരുന്ന അബ്‌സാറിനെ പിന്നീട് ജിദ്ദ എഡിറ്റോറിയല്‍ ഡെസ്‌കിലേക്ക് വിളിക്കുകയായിരുന്നു.
40 വര്‍ഷമായി പത്രപ്രവര്‍ത്തന രംഗത്തുള്ള അബ്‌സാര്‍ കറാച്ചിയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരിലൊരാളാണ്.
നേരത്തെ ഉര്‍ദു ന്യൂസ് ചുമതല വഹിച്ചിരുന്ന മലയാളം ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് താരിഖ് മിശ്ഖസും ഉര്‍ദു ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് രാജ സുല്‍ഫിഖര്‍ അലിയും പത്രാധിപ സമിതി അംഗങ്ങളും അനുശോചനം രേഖപ്പെടുത്തി.
മലയാളം ന്യൂസുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന അബ്‌സാര്‍ അലിയുടെ വിയോഗത്തില്‍ മലയാളം ന്യൂസ് ന്യൂസ് എഡിറ്റര്‍ മുസാഫിറും പത്രാധിപ സമിതി അംഗങ്ങളും അനുശോചിച്ചു.

 

Latest News