Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പോലീസ് പ്രൗഢി വേണ്ട;  കുവി സ്വന്തം വീട്ടിൽ തിരിച്ചെത്തി 

വീട്ടിൽ തിരിച്ചെത്തിയ കുവി പളനിയമ്മയോടൊപ്പം.

ഇടുക്കി - പെട്ടിമുടി ഉരുൾപൊട്ടൽ ദുരന്തമുഖത്ത് രക്ഷാപ്രവർത്തനത്തിനിടയിൽ പോലീസ് സേന കൂടെ കൂട്ടിയ കുവി എന്ന നായ എട്ടുമാസത്തിന് ശേഷം സ്വന്തം കുടുംബത്തിന്റെ തണലിലേക്ക് തിരികെയെത്തി. ദുരന്തം നടന്ന് എട്ട് ദിവസങ്ങൾക്ക് ശേഷം ഒന്നരവയസുള്ള കളിക്കൂട്ടുകാരി ധനുഷ്‌കയുടെ മൃതദേഹം കിലോമീറ്ററുകൾക്കപ്പുറം പുഴയിൽനിന്ന് കണ്ടെത്താൻ രക്ഷാപ്രവർത്തകരെ സഹായിച്ച് ജനശ്രദ്ധ നേടിയ നായയാണ് കുവി. കുടുംബാംഗങ്ങളുടെ കൂട്ടമരണത്തിന് ശേഷം ആഹാരം കഴിക്കാതെ ഒറ്റപ്പെട്ട് വീടിന് പുറകിൽ ചടഞ്ഞുകൂടി അവശനായിക്കിടന്നിരുന്ന നായയെ ഇടുക്കി ജില്ലാ ഡോഗ് സ്‌ക്വാഡിലെ പരിശീലകനും സിവിൽ പോലീസ് ഓഫീസറുമായ അജിത് മാധവൻ ഏറ്റെടുത്ത് പരിപാലിച്ചു.  തുടർന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ നിർദേശപ്രകാരം പോലീസ് ഡോഗ് സ്‌ക്വാഡിനൊപ്പം വളർത്തി സംരക്ഷണം നൽകിവരുകയായിരുന്നു. ഇടുക്കി ചെറുതോണിയിലെ ശ്വാനസംരക്ഷണ കേന്ദ്രത്തിലായിരുന്നു താമസം. ശ്വാനസേനയിലെ മറ്റ് അംഗങ്ങൾക്കൊപ്പം തുല്യപ്രാധാന്യവും പരിചരണവും നൽകിയാണ് പോലീസ് കുവിയെ സംരക്ഷിച്ചിരുന്നത്. കുടുംബത്തിലെ ഭൂരിഭാഗം പേരെയും കവർന്ന ഉരുൾപൊട്ടലിൽ ബാക്കിയായ ധനുഷ്‌കയുടെ മുത്തശ്ശി പളനിയമ്മയുടെ ആഗ്രഹ പ്രകാരമാണ് കുവിയെ കേരളാ പോലീസ് തിരികെ നൽകിയത്. 


ദുരന്തത്തിൽ ഒറ്റപ്പെട്ട് മൂന്നാർ ടൗണിൽ താമസിക്കുന്ന പളനിയമ്മ തനിക്ക് തണലാകാൻ കുവിയെ തിരിച്ചുകിട്ടുമോ എന്ന് അന്വേഷിച്ചിരുന്നു. ഒരു ഇംഗ്ലീഷ് ഓൺലൈൻ മാധ്യമത്തിൽ ഇതു സംബന്ധിച്ചുവന്ന വാർത്ത ശ്രദ്ധയിൽപെട്ട സംസ്ഥാന പോലീസ് മേധാവി കുവിയെ തിരികെ ബന്ധുക്കൾക്ക് നൽകുന്ന കാര്യം പരിഗണിക്കാൻ ഇടുക്കി ജില്ലാ പോലീസ് മേധാവിയോട് നിർദേശിച്ചു. തുടർന്നാണ് മൂന്നാർ ഡിവൈ.എസ്.പി സുരേഷ്. ആർ, ഇടുക്കി ഡോഗ് സ്‌ക്വാഡ് ഇൻചാർജ് എസ്.ഐ റോയ് തോമസ് എന്നിവരടങ്ങിയ പോലീസ് സംഘം മൂന്നാറിൽ പളനിയമ്മ താമസിക്കുന്ന വീട്ടിൽ കുവിയെ എത്തിച്ചു നൽകിയത്. 

Latest News