നിയമം ലംഘിച്ച സൈനികരുടെ ഫോണുകൾ സേന നശിപ്പിച്ചു

ന്യൂദൽഹി -സൈനിക കേന്ദ്രങ്ങളിലെ വിലക്ക് ലംഘിച്ച് മൊബൈൽ ഫോൺ ഉപയോഗിക്കുന്ന സൈനികരുടെ മൊബൈൽ സേന പിടിച്ചെടുത്ത് നശിപ്പിക്കുന്നു. ചില റെജിമെന്റുകളിലെ ട്രെയ്‌നി സൈനികരുടെ ഫോണുകളാണ് സേനാ അധികൃതർ പിടിച്ചെടുത്ത് ഉപയോഗശൂന്യമാക്കിയത്. പരിശീലന കാലത്ത് അച്ചടക്ക ലംഘനം വച്ചു പൊറുപ്പിക്കില്ലെന്ന ശക്തമായ സന്ദേശം എല്ലാവരിലേക്കും എത്തിക്കാനാണ് നടപടി. പുതുതായി സേനയിൽ എടുത്തവർക്ക് ഒരു വർഷത്തോളം നീണ്ടു നിൽക്കുന്ന പരിശീലനമാണ് നൽകുക. ഫോൺ ഉപയോഗിച്ചതിന് അവ പിടിച്ചെടുത്ത് നശിപ്പിക്കുന്ന നടപടി അസാധാരണമാണ്. ഏതാനും ദിവസങ്ങൾക്കു മുമ്പ് സൈനികർ മൊബൈൽ ഫോണുകൾ അടിച്ചു തകർക്കുന്ന വീഡിയോ വൈറലായതോടെയാണ് ഈ നടപടി പുറത്തറിയുന്നത്. 

കല്ലും പാറക്കഷ്ണങ്ങളും ഉപയോഗിച്ച് മൊബൈൽ ഫോണുകൾ തകർക്കുന്ന ഇന്ത്യൻ സൈനികരുടെ വീഡിയോ ചൈന ഗ്ലോബൽ ടെലിവിഷൻ നെറ്റ്വർക്ക് വെബ്‌സൈറ്റിലാണ് ആദ്യം വന്നത്. മധ്യപ്രദേശിലെ മഹർ റെജിമെന്റൽ സെന്ററിലേതാണ് ദൃശ്യങ്ങൾ. വീഡിയോ 2015 സെപ്തംബറിലേതാണെങ്കിലും ഇത്തരം നടപടികൾ സേന സ്വീകരിക്കുന്നതായി സൈനിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. കർശനമായ നിർദേശങ്ങളും വിലക്കുകളും ലംഘിച്ചാൽ പരിശീലനത്തിലുള്ള സൈനികർക്കെതിരെ ഇത്തരത്തിലുള്ള നടപടികൾ എടുക്കാറുണ്ടെന്ന് സൈനിക ഉദ്യോഗസ്ഥർ പറയുന്നു.
 

Latest News