Sorry, you need to enable JavaScript to visit this website.

പിണറായി മാപ്പു പറയുകയോ, അസാധ്യം, നോർവെ പ്രധാനമന്ത്രിയെ ഓർമ്മിപ്പിച്ച വി. മുരളീധരൻ

ന്യൂദൽഹി- കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചുവെന്ന് ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണം കടുപ്പിച്ച് കേന്ദ്രമന്ത്രി വി. മുരളീധരൻ. പ്രോട്ടോക്കോൾ ലംഘിച്ചതിന് രാജ്യത്തോട് മാപ്പു പറഞ്ഞ നോർവെ പ്രധാനമന്ത്രി എർണ സോൾബർഗിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടിയാണ് മുരളീധരന്റെ വിമർശനം. 
ഫെയ്‌സ്ബുക്ക് കുറിപ്പ് ഇങ്ങിനെ

എർണ സോൾബർഗും പിണറായി വിജയനും
'എല്ലാ ദിവസവും നോർവീജിയൻ ജനതയോട് കോവിഡ് വ്യാപനം തടയേണ്ടതിനെക്കുറിച്ച് പറയുന്ന ഞാൻ ചട്ടങ്ങളെക്കുറിച്ച് കൂടുതൽ ജാഗ്രത പുലർത്തേണ്ടിയിരുന്നു. പക്ഷേ ഞാൻ ചട്ടങ്ങൾ ശരിക്ക് പഠിച്ചില്ല. ഒരു കുടുംബത്തിലെ പത്തുപേരിൽ കൂടുതൽ ഒത്തുചേരുന്നത് ഒരു പരിപാടിയായി കണക്കാക്കപ്പെടുമെന്ന് ഓർത്തില്ല.'
കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിന് പോലീസ് പിഴ ഈടാക്കിയ നോർവെ പ്രധാനമന്ത്രി എർണ സോൾബർഗിന്റെ വാക്കുകളാണിത്.
പറ്റിയ തെറ്റിന് ടെലിവിഷൻ ചാനലിലൂടെയും ഫേസ് ബുക്കിലൂടെയും  പ്രധാനമന്ത്രി രാജ്യത്തോട് മാപ്പും പറഞ്ഞു.
അറുപതാം പിറന്നാളാഘോഷത്തിന് സർക്കാർ ചട്ടപ്രകാരമുള്ളതിനെക്കാൾ കൂടുതൽ എണ്ണം കുടുംബാംഗങ്ങൾക്ക് വിരുന്നൊരുക്കിയതിനാണ് പ്രധാനമന്ത്രിക്ക് നോർവീജിയൻ പോലീസ് പിഴയിട്ടത്.
എർണ സോൾബർഗ് പോലീസ് മേധാവിയെ വിരട്ടിയില്ല.....
പ്രധാനമന്ത്രി വിമർശനാതീതയാണെന്ന് പറഞ്ഞ് കൺസർവേറ്റീവ് പാർട്ടി നേതാക്കൾ ചാടി വീണില്ല.....
നോർവീജിയൻ ജനാധിപത്യം തല ഉയർത്തിപ്പിടിച്ച് നിന്നു.
ലോകത്തിലെ ഏറ്റവും മികച്ച ജനാധിപത്യങ്ങളിലൊന്നാണ് നോർവെയെന്ന് ഒരു മാധ്യമം നടത്തിയ പഠനം പറഞ്ഞിരുന്നു.
അതിൻറെ കാരണം ചൂണ്ടിക്കാട്ടിയത് ജനങ്ങളാണ് അധികാരികൾ എന്ന ചിന്ത പൊതുസമൂഹത്തിനാകെയുണ്ട് എന്നതായിരുന്നു
രാഷ്ട്രീയ ഉന്നതസ്ഥാനങ്ങളിലിരിക്കുന്നവർ നിയമങ്ങൾക്കോ വിമർശനങ്ങൾക്കോ അതീതരാണെന്ന തോന്നൽ നോർവെയിലെ ജനങ്ങൾക്കില്ല.
(ഇടത് പാർട്ടികളെ പരാജയപ്പെടുത്തിയാണ് എർണ സോൾബെർഗ് നയിക്കുന്ന വലത് കൺസർവേറ്റീവ് പാർട്ടി അധികാരത്തിലേറിയത്) 
പ്രോട്ടോക്കോൾ ലംഘിച്ച മുഖ്യമന്ത്രിയെ വിമർശിക്കാമോ?
 മുഖ്യമന്ത്രി മാപ്പുപറയുകയോ , അസാധ്യം  ! എന്നെല്ലാം പറയുന്നവർ  നോർവെയിലേക്ക് ഒന്ന് നോക്കുക
ആരാണ് യഥാർഥ ജനാധിപത്യവാദികൾ ? ആരാണ് ജനാധിപത്യത്തിൻറെ സംരക്ഷകർ.?
ഏതാണ് നമുക്ക് വേണ്ട മാതൃക?
ഉത്തരം ജനങ്ങൾക്ക് വിടുന്നു.
  ശുഭരാത്രി
 

Latest News