ന്യൂദൽഹി- കോൺഗ്രസ് പാർട്ടിയുടെ തുല്യതയില്ലാത്ത ദിവസമാണിതെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് പറഞ്ഞു. സോണിയാ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് വൻ നേട്ടങ്ങൾ കൈവരിച്ചതായും പ്രതീക്ഷയുടെ രാഷ്ട്രീയം ഉയർത്താൻ രാഹുൽ ഗാന്ധിക്ക് കഴിയട്ടെയെന്നും മൻമോഹൻ സിംഗ് പറഞ്ഞു.
സോണിയാഗാന്ധി പാർട്ടിയെ പതിനഞ്ച് വർഷം നയിച്ചു. ഈ കാലയളവിൽ പത്തുവർഷം പ്രധാനമന്ത്രിയായി ഞാൻ പ്രവർത്തിച്ചു. പ്രധാനമന്ത്രിയായ കാലത്ത് ചരിത്രപരമായ തീരുമാനങ്ങളെടുക്കാൻ സോണിയാ ഗാന്ധി എന്നെ സഹായിച്ചു. രാജ്യത്തിന്റെ ജി.ഡി.പി നിരക്ക് ഏഴ് ശതമാനത്തിന് മുകളിലെത്താനും കോടിക്കണക്കിന് ജനങ്ങളെ ദാരിദ്ര്യത്തിൽനിന്ന് കരകയറ്റാനുള്ള തീരുമാനങ്ങളെടുക്കാനും ഈ സമയത്ത് സാധിച്ചു. ഇതിനുള്ള മാർഗരേഖകൾ നൽകിയത് സോണിയാ ഗാന്ധിയായിരുന്നു.
രാജ്യം കടുത്ത ഭീഷണിയിലൂടെയാണ് കടന്നുപോകുന്നത്. രാജ്യത്തിന്റെ മുഴുവൻ പ്രതീക്ഷയും രാഹുൽ ഗാന്ധിയിലാണ്. അങ്ങയുടെ നേതൃത്വത്തെ രാജ്യം പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നതെന്നും അവരുടെ പ്രതീക്ഷ നിർവഹിക്കാൻ രാഹുലിന് കഴിയട്ടെയെന്നും മൻമോഹൻ സിംഗ് പറഞ്ഞു.