പത്തനംതിട്ട- എല്ലാ പ്രവചനങ്ങളെയും കാറ്റിൽ പറത്തി യു.ഡി.എഫ് പത്തനംതിട്ട ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലും ഉജ്വല വിജയം നേടുമെന്ന് കെ.പി.സി.സി സെക്രട്ടറി പഴകുളം മധു. ജില്ലയിൽ സംഘടനാപരമായി കോൺഗ്രസ് വളരെ ശക്തമായിരിക്കുന്നു. അഞ്ച് നിയോജക മണ്ഡലങ്ങളിലും കോൺഗ്രസിന്റെ മുഴുവൻ നേതാക്കന്മാരും പ്രവർത്തകന്മാരും എണ്ണയിട്ട യന്ത്രംപോലെ പ്രവർത്തിച്ചു. അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ കർശന നിർദേശങ്ങളും ആഹ്വാനവും ജില്ലയിലെ എല്ലാ യു.ഡി.എഫ് പ്രവർത്തകരും കോൺഗ്രസ് പ്രവർത്തകരും ഉൾക്കൊണ്ട് അഞ്ച് നിയോജക മണ്ഡലങ്ങളെയും തിരികെ പിടിക്കുന്ന പോരാട്ടമാണ് നടത്തിയത്.
ഐക്യത്തോടെയുള്ള പ്രവർത്തനമായിരുന്നു നടന്നതെന്നും അദ്ദേഹം പറഞ്ഞു.
മഞ്ചേശ്വരത്ത് കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞ ബി.ജെ.പി-സി.പി.എം വോട്ട് കച്ചവടം അക്ഷരാർഥത്തിൽ ശരിയാണെന്ന് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം തെളിയിക്കും. ശബരിമല വിഷയം ഉൾപ്പെടെ വിശ്വാസ സമൂഹത്തിന്റെ വോട്ടും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിൽനിന്നും വ്യതിചലിച്ച വോട്ടും ഐക്യജനാധിപത്യ മുന്നണിയിലേക്ക് തിരിച്ചുവരുന്നത് തടയാൻ വേണ്ടിയുള്ള സി.പി.എം- ബി.ജെ.പി ഗൂഢ പദ്ധതിയുടെ ഭാഗമായിട്ടാണ് സുരേന്ദ്രൻ കോന്നിയിൽ മത്സരിച്ചത്. ആ മത്സരം സ്ഥാനാർഥിയായ സുരേന്ദ്രനോ ബി.ജെ.പി ജില്ലാ ഘടകമോ ഗൗരവമായി എടുത്തിട്ടില്ലെന്നും പഴകുളം മധു പറഞ്ഞു.
സി.പി.എം ഒരേ സമയം ഫാസിസ്റ്റ് വിരുദ്ധത പ്രസംഗിക്കുകയും, വർഗീയ മാർഗം സ്വീകരിക്കുകയും ചെയ്യുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായി പത്തനംതിട്ട ജില്ല മാറുകയാണ്. ശബരിമല വിഷയത്തിൽ സി.പി.എമ്മിന് യാതൊരു നീതിബോധവുമില്ല. ശബരിമല വിഷയം പത്തനംതിട്ടയിൽ ചർച്ച ചെയ്യപ്പെട്ടാൽ അതിന്റെ ഗുണം യു.ഡി.എഫിന് അർഹതപ്പെട്ടതാണ്. വിശ്വാസ സമൂഹത്തെ എന്നും പിന്തുണയ്ക്കുകയും, അതിന് യുക്തമായ നിലപാട് സ്വീകരിക്കുകയും, നിയമസഭയിൽ പ്രമേയം പാസാക്കുന്നതിലും, വിശ്വാസികളായ എം.എൽ.എമാർക്ക് മാത്രം ദേവസ്വം ബോർഡുകളിൽ വോട്ട് എന്ന നയം സ്വീകരിക്കുന്നതിലും, സുപ്രീം കോടതിയിൽ കേസ് നടത്തുന്ന കാര്യത്തിലും നിയമ നിർമാണം കൊണ്ടുവരുമെന്ന് പരസ്യമായി പറയാൻ തന്റെടം കാട്ടിയതും കോൺഗ്രസും യു.ഡി.എഫുമാണ്. ഇത്തരത്തിൽ വിശ്വാസ സമൂഹത്തിന്റെ വോട്ട് യു.ഡി.എഫിലേക്ക് വന്നുചേർന്നാൽ സി.പി.എമ്മിനും ഇടതു മുന്നണിക്കും പരാജയം ഉണ്ടാകുമെന്ന് തിരിച്ചറിഞ്ഞ് ആ വോട്ടുകൾ വിഭജിക്കാനുള്ള തന്ത്രമാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ആവിഷ്‌ക്കരിച്ചത്. ജില്ലയിൽ എല്ലായിടത്തും ഈ കള്ളക്കളി അവർ നടത്തിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് ചുമതലയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ജില്ലയിൽ സർക്കാരിന്റെയും സി.പി.എം നേതാക്കന്മാരുടെയും ആജ്ഞാനുവർത്തികളായി പ്രവർത്തിച്ചു. തെരഞ്ഞെടുപ്പിന് ശേഷം ഈ ഉദ്യോഗസ്ഥർക്ക് നിയമപരമായ നടപടികൾ നേരിടേണ്ടിവരുമെന്നും പഴകുളം മധു പറഞ്ഞു.