Sorry, you need to enable JavaScript to visit this website.

'ഇഹ്‌സാന്‍' തുണയായി; കടബാധ്യതമൂലം ജയിലിലായ യുവാവിന് മോചനം

റിയാദ് - കടം വീട്ടാനാകാത്തതിനാല്‍ പതിനാലു മാസമായി ജയിലില്‍ കഴിഞ്ഞുവന്ന യുവാവിന്റെ സാമ്പത്തിക ബാധ്യതകള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള 'ഇഹ്‌സാന്‍' പദ്ധതിയിലൂടെ തീര്‍ത്ത് ജയില്‍ മോചനം സാധ്യമാക്കി. 11,71,000 റിയാലിന്റെ സാമ്പത്തിക ബാധ്യതകളാണ് 21 കാരനുണ്ടായിരുന്നത്. ഈ തുക മുഴുവന്‍ 'ഇഹ്‌സാന്‍' തീര്‍ത്തു. സംഭാവന സംസ്‌കാരം പ്രചരിപ്പിക്കാനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കാനുമാണ് ഇഹ്‌സാന്‍ പ്ലാറ്റ്‌ഫോം ലക്ഷ്യമിടുന്നതെന്ന് ഗ്രാന്റ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ആലുശൈഖ് പറഞ്ഞു.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സൗദി ഗവണ്‍മെന്റ് വലിയ ശ്രദ്ധയാണ് നല്‍കുന്നതെന്ന് ഇസ്‌ലാമികകാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് പറഞ്ഞു. നിര്‍ധനര്‍ അടക്കമുള്ളവര്‍ക്ക് എളുപ്പത്തിലും വേഗത്തിലും വിശ്വസനീയമായും സംഭാവനകള്‍ നല്‍കാന്‍ ഈ പ്ലാറ്റ്‌ഫോം എല്ലാവരെയും സഹായിക്കുന്നു. ശരിയായ മാര്‍ഗങ്ങളില്‍ സകാത്തുകളും ധാനധര്‍മ്മങ്ങളും വിതരണം ചെയ്യാന്‍ ഇഹ്‌സാന്‍ പ്ലാറ്റ്‌ഫോം മുസ്‌ലിംകളെ സഹായിക്കും.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വ്യവസ്ഥാപിതമാക്കുന്ന പ്ലാറ്റ്‌ഫോം നിശ്ചിത വ്യവസ്ഥകള്‍ക്ക് അനുസൃതമായി അര്‍ഹരായവര്‍ക്ക് സകാത്ത് എത്തിക്കും. പുണ്യമാസത്തില്‍ സകാത്തും സദഖകളും അടക്കം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സദ്‌വൃത്തികളും വര്‍ധിപ്പിക്കാന്‍ മുസ്‌ലിംകള്‍ അതിയായി ആഗ്രഹിക്കുന്നു. ഇതിന്റെ പ്രാധാന്യം കണക്കിലെടുത്തും സകാത്തും സദഖകളും അര്‍ഹരായവര്‍ക്ക് എത്തിക്കുന്നത് ഉറപ്പുവരുത്താനുമാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവനകള്‍ നല്‍കാന്‍ സുരക്ഷിതവും സുതാര്യവുമായ സംവിധാനം സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ദേശീയ പ്ലാറ്റ്‌ഫോം ആണിത്. വികസന പദ്ധതികളുടെയും സേവനങ്ങളുടെയും സ്വാധീനവും സുസ്ഥിരതയും പരമാവധി വര്‍ധിപ്പിക്കുന്നതിന് ഡാറ്റയും കൃത്രിമ ബുദ്ധിയും പ്രയോജനപ്പെടുത്തി പ്രവര്‍ത്തിക്കുന്ന ഇഹ്‌സാന്‍ പ്ലാറ്റ്‌ഫോം രാജ്യത്തിന്റെ അഭിമാനങ്ങളില്‍ ഒന്നാണ്. എവിടെ വെച്ചും ഏതു സമയത്തും എളുപ്പത്തില്‍ സംഭാവനകള്‍ നല്‍കാന്‍ ഇഹ്‌സാന്‍ പ്ലാറ്റ്‌ഫോം എല്ലാവര്‍ക്കും അവസരമൊരുക്കുന്നു. എല്ലാവരും ഈ പ്ലാറ്റ്‌ഫോം വഴി സംഭാവനകള്‍ നല്‍കണമെന്നും ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് ആവശ്യപ്പെട്ടു.
ഇഹ്‌സാന്‍ പ്ലാറ്റ്‌ഫോം വഴി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം വഹിക്കാന്‍ മക്ക പ്രവിശ്യ നിവാസികളോട് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവര്‍ണറുമായ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന്‍ ആവശ്യപ്പെട്ടു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ദേശീയ യജ്ഞത്തിന്റെ ഉദ്ഘാടനത്തിലാണ് ഇഹ്‌സാന്‍ പ്ലാറ്റ്‌ഫോം വഴി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം വഹിക്കാന്‍ പ്രവിശ്യ നിവാസികളോട് മക്ക ഗവര്‍ണര്‍ ആവശ്യപ്പെട്ടത്. ജീവകാരുണ്യ മേഖലയില്‍ വലിയ സാങ്കേതിക കുതിച്ചുചാട്ടത്തിനാണ് നാം സാക്ഷ്യം വഹിക്കുന്നത്.

 

Latest News