Sorry, you need to enable JavaScript to visit this website.
Sunday , May   16, 2021
Sunday , May   16, 2021

പൂഞ്ഞാറിലെ ജോർജ് ഗോൾവാൾക്കർ 

പ്ലാത്തോട്ടത്തിൽ ചാക്കോയുടെ മകൻ ഈരാറ്റുപേട്ടക്കാരൻ ജോർജ് എന്നു പറഞ്ഞാൽ കേരളത്തിൽ അധികമാരും അറിഞ്ഞെന്നു വരില്ല. എന്നാൽ സംസ്ഥാന നിയമസഭയിൽ പൂഞ്ഞാർ മണ്ഡലത്തിലെ ജനപ്രതിനിധി പി.സി. ജോർജിനെ അറിയാത്തവരായി കേരളത്തിൽ അധികമാരും ഉണ്ടാവില്ലെന്ന് തന്നെ പറയാം. നാക്കും വാക്കും എങ്ങനെയെല്ലാം വളയ്ക്കാമെന്ന് കേരള രാഷ്ട്രീയത്തിന് പഠിപ്പിച്ചു കൊടുക്കുന്ന ഗുരുവാണ് അദ്ദേഹം. 


ജനനം കൊണ്ട് ക്രൈസ്തവനാണെങ്കിലും ജോർജിന് ഇപ്പോൾ ബൈബിളിനേക്കാൾ വിശ്വാസം ആർ.എസ്.എസിന്റെ തത്വസംഹിതയോടാണ്. തെരഞ്ഞെടുപ്പ് പണി കഴിഞ്ഞ് വെറുതെ ഇരിക്കുമ്പോൾ ഇതിലെ സൂക്തങ്ങൾ ഇടയ്ക്കിടെ അദ്ദേഹം  ഉരുവിട്ടുകൊണ്ടിരിക്കും. അങ്ങനെയാണ് ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കണമെന്ന ആർ.എസ്.എസ് സൂക്തം ഇക്കഴിഞ്ഞ ദിവസം ഉരുവിട്ടത്. അതിന് കാരണവും പറഞ്ഞു. ഇന്ത്യയെ എത്രയും വേഗം മുസ്‌ലിം രാഷ്ട്രമാക്കി മാറ്റാൻ പലരും ശ്രമിക്കുന്നതായി അദ്ദേഹത്തിന് ബോധോദയമുണ്ടായത്രേ. 
നാക്കിന് എല്ലില്ലാത്തതിനാലും വാക്കിന് കരം കൊടുക്കേണ്ടതില്ലാത്തതിനാലും ജോർജ് പലതും വിളിച്ചു പറയുമെന്ന് നാട്ടുകാർക്ക് പണ്ടേ അറിയാമെങ്കിലും താൻ പറഞ്ഞത് വിശ്വാസമാകാത്തവരെ വിശ്വസിപ്പിക്കുന്നതിനായി ഒന്നു കൂടി കടന്ന് പറഞ്ഞു. അത് ഇപ്രകാരമായിരുന്നു. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കണമെന്ന്  താൻ  പറഞ്ഞത് അബദ്ധമോ നാക്കുപിഴയോ അല്ല. 
ഇന്ത്യയെ  ഇസ്‌ലാമിക രാഷ്ട്രമാക്കാനുള്ള ശ്രമങ്ങൾ ജിഹാദികളുടെ ഭാഗത്ത് നിന്ന് നടക്കുന്നുണ്ടത്രേ. അതിനുള്ള ഏറ്റവും നല്ല മറുമരുന്ന് എത്രയും പെട്ടന്ന് ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കുകയാണെന്നാണ് ജോർജ് കണ്ടെത്തിയിരിക്കുന്നത്.


ഏതായാലും ഈ ഒരൊറ്റ പ്രസ്താവനയിലൂടെ പി.സി. ജോർജ് ആർ.എസ്.എസുകാർക്കും മറ്റു പരിവാറുകാർക്കും പതിനെട്ട് കളരിക്കും ആശാനായി മാറിയിരിക്കുകയാണ്. പൂഞ്ഞാറിലെ ജോർജ് ഗോൾവാൾക്കർ എന്ന് ഇനി ആർ.എസ്.എസുകാർ വിളിക്കുമായിരിക്കും. ആർ.എസ്.എസിന്റെ തലതൊട്ടപ്പൻമാർ പോലും കേരളത്തിൽ വന്ന് അത്ര എളുപ്പത്തിൽ പറയാൻ ധൈര്യപ്പെടാത്ത കാര്യമല്ലേ കണ്ണടച്ച് തുറക്കും മുൻപ് പി.സി പറഞ്ഞു കളഞ്ഞത്. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കണമെന്ന് പ്രഖ്യാപിച്ച ആർ.എസ്.എസ് നേതാവായിരുന്ന മാധവ സദാശിവ ഗോൾവാൾക്കർക്ക് പൂഞ്ഞാറിൽ നിന്നൊരു പിൻഗാമിയെ കിട്ടിയത് നന്നായി.


പി.സി. ജോർജ് പറയുന്നതെല്ലാം നേരമ്പോക്കും കുശുമ്പും കുന്നായ്മയുമൊക്കെയായി കണ്ടിരുന്നവരാണ് മലയാളികൾ. പലരും അതങ്ങ് ക്ഷമിക്കുകയാണ് പതിവ്. എന്നാൽ ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന പി.സിയുടെ പ്രസ്താവന അത്ര ലാഘവത്തോടെ കാണേണ്ട ഒന്നല്ല. രാജ്യത്തെ ഹിന്ദുത്വവൽക്കരിക്കാൻ സംഘപരിവാർ തീവ്രമായി നടത്തിക്കൊണ്ടിരിക്കുന്ന അജണ്ടയുടെ ഭാഗമായി തന്നെ ഇതിനെ കാണണം. അതിലേക്ക് ചവിട്ടിക്കയറാൻ ജോർജിനെപ്പോലുള്ളവർ മുതുക് കാട്ടിക്കൊടുക്കുമ്പോൾ മുന്നോട്ടുള്ള പടികളുടെ എണ്ണം കുറഞ്ഞു വരികയാണെന്നോർക്കണം. 
ഇന്ത്യയെ പൂർണമായും ഹൈന്ദവ രാഷ്ട്രമാക്കുകയെന്ന ആർ.എസ്.എസിന്റെ ലക്ഷ്യം സാക്ഷാത്കരിക്കാൻ നടത്തുന്ന ശ്രമങ്ങൾക്കിടയിൽ മതേതരത്വത്തിന്റെ അടിത്തറയ്ക്ക് ഇപ്പോഴും ഇളക്കം തട്ടിയിട്ടില്ലാത്ത കേരളത്തിൽ നിന്ന് പി.സി. ജോർജിനെപ്പോലെ ഒരാളെ തങ്ങളുടെ കൈയാളായി കിട്ടുകയെന്നത് ഒരു ചെറിയ കാര്യമായി അവർ കാണില്ലെന്നുറപ്പ്. ഹൈന്ദവനല്ലാത്ത ഒരാൾ, അതും ഒരു ജനപ്രതിനിധി ഹിന്ദു രാഷ്ട്രത്തിന് വേണ്ടി വാദിക്കുമ്പോൾ അതിന് രാഷ്ട്രീയമായും വർഗീയമായും കിട്ടുന്ന വ്യാപ്തി വളരെ വലുതാണ്. ഹിന്ദുത്വത്തെ മതേതരത്വം കൊണ്ട് ചെറുത്തു നിൽക്കുന്ന കേരളത്തിൽ മതേതര മതിൽക്കെട്ടിലുണ്ടാകുന്ന ഓരോ വിള്ളലും അതിന്റെ അടിത്തറയിളക്കാൻ പോന്നതാണ്. 


മുസ്‌ലിംകൾക്കിടയിൽ ചില സംഘടനകൾ പ്രചരിപ്പിക്കുന്ന വർഗീയതക്ക് ഹിന്ദു രാഷ്ട്രമാണ്  മറുപടിയെന്ന് പി.സി. ജോർജിനെപ്പോലുള്ളവർ പറയുമ്പോൾ ഹിന്ദുത്വ ശക്തികൾ കേരളത്തിൽ എത്രത്തോളം സ്വാധീനം ചെലുത്തിത്തുടങ്ങിയെന്ന് മനസ്സിലാക്കേണ്ടതാണ്. ഹിന്ദുക്കൾക്കിടയിൽ മാത്രമല്ല ക്രൈസ്തവർക്കിടയിലും മുസ്‌ലിം വിരോധം കത്തിച്ചു നിർത്തിയാൽ മാത്രമേ കേരളത്തിൽ മതേതരത്വം തകർക്കാൻ കഴിയുകയുള്ളൂവെന്ന് സംഘപരിവാർ ശക്തികൾ അടുത്ത കാലത്തായി മനസ്സിലാക്കിത്തുടങ്ങിയിട്ടുണ്ട്. അതിന്റെ ഒരു പ്രാക്ടിക്കൽ പെർഫോമൻസാണ് ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി പയറ്റിയത്. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോൾ ഇതിന്റെ ഗുണം ലഭിക്കുമെന്ന് ബി.ജെ.പിയും ആർ.എസ്.എസുമെല്ലാം ന്യായമായും പ്രതീക്ഷിക്കുന്നുമുണ്ട്. ആ പ്രതീക്ഷയിൽ കാത്തിരിക്കുമ്പോൾ ഹിന്ദു രാഷ്ട്രത്തിനു വേണ്ടിയുള്ള മുറവിളി കേരളത്തിൽ നിന്ന് ഉയർന്നു കേൾക്കുന്നത് അവർക്ക് നൽകുന്ന ഊർജം വളരെ വലുതാണ്.
ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കണമെന്ന പി.സി. ജോർജിന്റെ പ്രസ്താവനക്കെതിരെ വലിയ പ്രതികരണങ്ങളോ ചർച്ചകളോ ഒന്നും തന്നെ ഉണ്ടായില്ല.

 

ജോർജിന്റെ പതിവ് വിടുവായത്തമായി കണ്ട് എല്ലാവരും അതിനെ അവഗണിക്കുകയാണ് ചെയ്തത്. എന്നാൽ ഈ അവഗണന തന്നെയാണ് ആർ.എസ്.എസിന് മുതൽക്കൂട്ടാകുന്നത്. കഷണ്ടിക്ക് മരുന്ന് വിൽക്കുന്ന ആളെക്കുറിച്ചുള്ള കഥ പോലെയാണത്. കഷണ്ടിക്ക് മരുന്ന് കണ്ടുപിടിച്ചിട്ടില്ലാത്ത സ്ഥിതിക്ക് കഷണ്ടി മാറുമെന്ന് പറഞ്ഞ്  മരുന്ന് വിറ്റാൽ ആരെങ്കിലും വാങ്ങിക്കുമോയെന്ന ചോദ്യത്തിന് എന്റെ കച്ചവടം പൊടിപൊടിക്കാൻ ലോകത്ത് ഒരു വിഡ്ഢി ഉണ്ടായാൽ മതിയെന്നായിരുന്നു കച്ചവടക്കാരന്റെ മറുപടി. ഈ വിഡ്ഢി മറ്റു ആയിരക്കണക്കിന് വിഡ്ഢികളെ സൃഷ്ടിക്കുകയും കച്ചവടം ഗംഭീരമാകുകയും ചെയ്യുമത്രേ. അതേ പോലെ തന്നെയാണ് പി.സി. ജോർജിന്റെ കാര്യവും. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കണമെന്ന് ആദ്യം ഒരു പി.സി. ജോർജ് പറഞ്ഞാൽ മതി. ബാക്കി ജോർജുമാരെ അദ്ദേഹം തന്നെ പതിയെ സൃഷ്ടിച്ചുകൊള്ളുമെന്ന് സംഘപരിവാറുകാർ കണക്കുകൂട്ടുന്നുണ്ട്. 


പി.സി. ജോർജിന്റെ പതിവ് വിടുവായത്തമായി ഇതിനെ കാണാൻ കഴിയില്ല. കാരണം കളമറിഞ്ഞ് കളിക്കാൻ പണ്ടേ സമർത്ഥനാണ് പി.സി. ഇപ്പോൾ ഇടതിലും വലതിലും ഇല്ലാത്ത സ്ഥിതിക്ക് വീണ്ടും കയറിപ്പറ്റാൻ നല്ലത് ബി.ജെ.പി തന്നെയാണെന്ന് ജോർജിന് നന്നായി അറിയാം. അദ്ദേഹം തന്നെ രൂപീകരിച്ച് എവിടെയുമെത്താതെ കിടക്കുന്ന ജനപക്ഷം പാർട്ടിയിൽ നിന്ന് പോലും ജോർജ് പുറത്തായിക്കഴിഞ്ഞു.


പൂഞ്ഞാറിൽ നിന്ന് തെരഞ്ഞെടുപ്പിൽ ജയിച്ചാലും തോറ്റാലും ജോർജിന് കയറിക്കിടക്കാൻ ഒരു ഇടം കൂടിയേ തീരൂ. കേരളത്തിൽ ഇടതും വലതും ഇനി ഒരു കാരണവശാലും അടുപ്പിക്കില്ലെന്ന് ഉറപ്പ്. അപ്പോൾ പിന്നെ രാജ്യം ഭരിക്കുന്ന പാർട്ടിയുടെ തൊഴുത്തിലേക്ക് കയറുകയെന്നതാണ് ജോർജിന് നല്ലത്. വെറുതെ അങ്ങനെ കൈയും വീശി കയറിച്ചെല്ലാൻ പി.സി ഒരുക്കമല്ല. വിരുന്നിന് വരുമ്പോൾ എന്തെങ്കിലും ഒക്കെ കൈയിൽ കരുതേണ്ടേ. വൈകുന്നേരത്തെ ചായയ്ക്കുള്ള ഒരു ഉണ്ടംപൊരി പലഹാരമെന്ന നിലയ്ക്കാണ് ഹിന്ദു രാഷ്ട്രത്തെയും കൂട്ടുപിടിക്കുന്നത്. രാജ്യത്ത് പൗരത്വ നിയമം അടിച്ചേൽപിക്കാൻ ശ്രമിക്കുന്ന ബി.ജെ.പിക്കും മറ്റ് സംഘപരിവാറുകാർക്കും ഇതിൽപരം ആഹഌദത്തിന് മറ്റെന്താണുള്ളത്. കേരളത്തിൽ നിന്ന് അവർക്ക് കിട്ടാവുന്ന മരതക രത്‌നമാണ് ജോർജ്. മെയ് രണ്ടിന് തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നാൽ ഒരു പക്ഷേ ഇനിയും ചില രത്‌നങ്ങളെയും മുത്തുകളെയും മുത്തുച്ചിപ്പികളെയുമെല്ലാം ബി.ജെ.പിക്കും ആർ.എസ്.എസിനും കിട്ടിയേക്കാം.


ഹിന്ദു രാഷ്ട്രത്തിനായി കേരളത്തിൽ നിന്ന് കുമ്മായം കൂട്ടുന്നവരും ഭിത്തി പണിയുന്നവരുമെല്ലാം ഓർക്കേണ്ട ഒരു കാര്യമുണ്ട്. മതേതരത്വത്തിന്റെ അടിത്തറക്ക് ഇനിയും ഇളക്കം തട്ടാത്തതുകൊണ്ട് മാത്രമാണ് കേരളം ഇപ്പോഴും ഇങ്ങനെ തന്നെ നിലനിൽക്കുന്നത്. ഭൂരിപക്ഷ വർഗീയതയെയും ന്യൂനപക്ഷ വർഗീയതയെയും ഇവിടെ പടിക്ക് പുറത്ത് നിർത്തിയിരിക്കുകയാണ്.  അതുകൊണ്ടാണ് ബാബ്‌രി മസ്ജിദ് തകർക്കപ്പെട്ടപ്പോൾ രാജ്യത്ത് മുഴുവൻ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോഴും അതിനെ ചെറുക്കാൻ ഹിന്ദുവും മുസൽമാനുമെല്ലാം ഇവിടെ കൈകോർത്ത് പിടിച്ചത്. ക്രിസ്ത്യൻ മിഷനറിമാർക്കെതിരെ ഉത്തരേന്ത്യയിൽ പീഡനങ്ങൾ നടക്കുമ്പോൾ അതിനെതിരെ കേരളത്തിൽ നിന്ന് ഒറ്റക്കെട്ടായി ശബ്ദമുയരുന്നതും അതുകൊണ്ടാണ്. ഹിന്ദു തീവ്രവാദം പോലെ തന്നെ അപകടകരമാണ് മുസ്ലിം തീവ്രവാദമെന്നും അതിനെ തകർക്കണമെന്നും കേരളത്തിലെ ബഹുഭൂരിപക്ഷം മുസ്‌ലിംകളും വിളിച്ചു പറയുന്നതും അതുകൊണ്ട് തന്നെയാണ്. പൗരത്വ ബില്ലുമായി ആരും കേരളത്തിന്റെ അതിർത്തി കടന്നു വരേണ്ടതില്ലെന്ന് പറയാനുള്ള ചങ്കൂറ്റവും ഇതിൽ നിന്നുണ്ടായതാണ്. ഒരു തീപ്പൊരി മതി എല്ലാം ആളിക്കത്താൻ. ഗോൾവാൾക്കറിനേക്കാൾ വലിയ ഹിന്ദുത്വ ഭക്തി ചമയുന്നവർ ഇക്കാര്യങ്ങൾ ഓർത്തിരിക്കുന്നത് നല്ലതാണ്.

Latest News