Sorry, you need to enable JavaScript to visit this website.

അന്യംനിൽക്കുന്ന കാർഷിക സംസ്‌കൃതി 


വിത്തും കൈക്കോട്ടും.. വിഷുപ്പക്ഷിയുടെ പാട്ട് സോഷ്യൽ മീഡിയയുടെ വാളുകളിൽ മാത്രമായി ഒതുങ്ങിപ്പോയോ? ആചാരങ്ങളെയും ദുരാചാരങ്ങളെയും ഒരുപോലെ വാഴ്ത്തുകയും വളർത്തുകയും ചെയ്യുന്ന ഈ കാലത്ത്, വിഷുവിന്റെ മഹത്വം പഴങ്കഥയായിപ്പോയോ? വിഷു മാത്രമല്ല, ഓണവും ചിലരുടെ മാത്രം ആചാരങ്ങളായി ചുരുങ്ങുന്നു. ഓണം വിരിപ്പൂകൃഷിയുമായി ബന്ധപ്പെട്ടാണെങ്കിൽ, വിഷു വേനൽ പച്ചക്കറി വിളകളുടെ ഉത്സവമാണെന്ന സത്യത്തെ കുഴിച്ചുമൂടാനാണ് വിശ്വാസത്തെയും ആചാരത്തെയും മഹത്വവൽക്കരിക്കുന്നവർ ബോധപൂർവം ശ്രമിച്ചുകൊണ്ടിരിക്കുന്നത്.


ഏതാനും കാർഷിക ഫലങ്ങൾ ഒരുക്കിവെച്ച്, പുലരുമ്പോൾ അവയെ കണിയായി കാണുന്ന ആചാരത്തിലേക്കായി മാത്രം നമ്മുടെ ആധുനിക കാലത്തെ വിഷു ചുരുങ്ങുകയാണ്. ഐശ്വര്യ സമ്പൂർണമായ ഒരു വർഷത്തേയ്ക്കുള്ള പ്രതീക്ഷയാണ് അക്ഷരാർത്ഥത്തിൽ വിഷു. അതിനെ പ്രകാശവും ധനവും ഫലങ്ങളും ധാന്യങ്ങളും ഒരുക്കിവെച്ച് വരവേൽക്കുന്ന കർഷക മനസ്സുമായല്ല, ഇന്ന് മലയാളികൾ വിഷു ആഘോഷിക്കുന്നത്. ആദ്യകാലത്ത് കേരളീയർ മാത്രമായിരുന്നില്ല, കേരളത്തോട് ചേർന്നുകിടക്കുന്ന അയൽസംസ്ഥാനങ്ങളിലെ കാർഷിക ഗ്രാമങ്ങളിലുള്ളവരും വിഷുദിനം ആഘോഷിച്ചിരുന്നു. വിഷു പോലെ രാജ്യത്തെ നിരവധി കാർഷിക സംസ്ഥാനങ്ങളിൽ നിരവധി ആഘോഷങ്ങളുണ്ട്. അതെല്ലാം ഇന്ന് ഭക്തിയുടെയും ആചാരത്തിന്റെയും ഭാഗമെന്ന നിലയിലേക്ക് വഴിമാറിക്കൊണ്ടിരിക്കുകയാണ്.


ഇന്നത്തെ തലമുറയ്ക്ക് മുന്നിൽ പനസം എന്ന് പറഞ്ഞാൽ അതെന്ത് എന്ന മറുചോദ്യം വരും. പണ്ട് വിഷുവിന്റെ തുടക്കം പനസം മുറിച്ചാണ്. പനസം എന്ന പ്രയോഗം വിഷു ദിവസം മാത്രം പറയുന്ന ഒന്നാണ്. വരിക്കച്ചക്കയെ ആണ് പനസം എന്ന് പഴമക്കാർ വിഷുദിനം വിളിക്കുന്നത്. പനസമില്ലാത്തൊരു വിഷു അന്നില്ല. വീട്ടിൽ കരുതിവെച്ച പനസം ഗൃഹനാഥൻ വെട്ടുന്നതോടെ വിഷുദിന ആഘോഷങ്ങൾക്ക് തുടക്കമാകും. ഒരു മുഴുവൻ ചക്കയുടെ എല്ലാ ഭാഗങ്ങളും വേർതിരിച്ചു തന്നെ ചേർത്തുണ്ടാക്കുന്ന എരിശ്ശേരി മുതൽ ചക്ക കൊണ്ടുള്ള പലവിധ വിഭവങ്ങൾ. കഞ്ഞി, വാഴപ്പോള വൃത്താകൃതിയിൽ ചുരുട്ടി അതിൽ വാഴയില വെച്ച് ഒഴിച്ചുകൊണ്ട് പഴുത്ത പ്ലാവിലയാൽ കോരിക്കുടിക്കുന്ന വള്ളുവനാടൻ വിഷുവാഘോഷവും കേമമായിരുന്നു. ഇവിടെയും ചക്ക എരിശ്ശേരി തന്നെ മറ്റൊരു വിഭവം. നാളികേര പാലിൽ പുന്നെല്ലിന്റെ അരി മുക്കാൽ വേവിച്ച് ജീരകം ചേർത്ത് ഉപ്പും മധുരവുമില്ലാതെ വറ്റിച്ചുണ്ടാക്കുന്ന വിഷുക്കട്ട ശർക്കര പാനിയോ മത്തനും പയറും ചേർത്തുണ്ടാക്കുന്ന കറിയോ കൂട്ടിക്കഴിക്കുന്ന വിഷു മധ്യകേരളത്തിന്റെ പലയിടങ്ങളിലും വിശേഷമാണ്.


ഇതെല്ലാം തീറ്റക്കാര്യം. ഓണം പോലെ വിഷുദിനത്തിലും റെഡിമെയ്ഡ് സദ്യയെത്തുന്നതും കാത്തിരിക്കുന്ന പുതിയ തലമുറയ്‌ക്കെന്ത് സംക്രാന്തി? എന്നാൽ വിഷു എങ്ങനെയെന്ന് അറിഞ്ഞിരിക്കണം. വിഷു ദിവസം സദ്യയുണ്ണും മുമ്പും ശേഷവും ചെയ്യേണ്ട ചില ആചാരങ്ങളുണ്ട്. ദുരാചാരണ ഗണത്തിൽ പെടാത്തവയായതിനാൽ അതിന് ഇന്ന് പരിഗണനയില്ലെന്ന് മാത്രം. രാവിലെ കന്നുകാലികളെ കുളിപ്പിച്ച് നെറുകയിൽ കൊന്നപ്പൂക്കുല അണിയിച്ച് കൃഷിസ്ഥലത്ത് കൊണ്ടുനിർത്തും. പുതിയ കാർഷികോപകരണങ്ങളും നിരത്തും. ഇവ കാലികളിൽ പൂട്ടി നിലം ഉഴുതുമറിച്ച് ചാലിടും. ആ ചാലുകളിൽ അവൽ, മലർ, ഓട്ടട എന്നിവ നേദിക്കുന്ന കാർഷക ആചാരം. എവിടെയുണ്ട് ഇന്നീ ആചാരം. കുളിച്ചൊരുങ്ങി ക്ഷേത്രനട ലക്ഷ്യം വെയ്ക്കുന്ന വിഷുക്കാലത്ത് എന്ത് കാർഷികാചാരം?


വിഷുസദ്യ കഴിച്ചാലും ഉണ്ട് ഒരു ആചാരം. പുതിയ കൈക്കോട്ട് കഴുകി, ചന്ദനം ചാർത്തി, കൊന്നപ്പൂ കൊണ്ട് അലങ്കരിച്ച് വീടിന്റെ കിഴക്കുപടിഞ്ഞാറു ഭാഗത്ത് വെയ്ക്കും. പിന്നീട്, കുറച്ചുസ്ഥലത്ത് കൈക്കോട്ട് കൊണ്ട് കൊത്തിയിളക്കും. മണ്ണിളക്കിയ ആ ഭാഗത്ത് കുറച്ച് നവധാന്യങ്ങൾ, പച്ചക്കറി വിത്തുകൾ എന്നിവ ഒരുമിച്ച് നടും. പാടത്ത് കൃഷിയിറക്കിക്കഴിഞ്ഞ കർഷകൻ ആ വിളവെടുപ്പിനു ശേഷം പറമ്പുകളിലും കൃഷിക്ക് തുടക്കമിടുന്നു എന്നതാണ് ഈ കാർഷികാചാരത്തിന്റെ വിശേഷം. ആരാണിന്ന് വിഷുദിനത്തിൽ സദ്യയും ഉണ്ടുകഴിഞ്ഞ് കൈക്കോട്ടുമായി വീട്ടുപറമ്പിലിറങ്ങുന്നത്.
കാർഷിക വിഭവങ്ങളുടെയും മറ്റു ഗ്രാമീണ ഉൽപന്നങ്ങളുടെയും വിപണനം നടക്കുന്ന/നടത്തുന്ന ദിവസം കൂടിയാണ് വിഷു. കാർഷിക വിത്തുകളുടെ വിൽപനയും ഈ ദിവസം തകൃതിയായി നടക്കുന്ന ഓട്ടേറെ സ്ഥലങ്ങൾ കേരളത്തിലുണ്ടായിരുന്നു. കൃഷിയിൽ നിന്ന് മനസ്സ് മറ്റിടങ്ങളിലേക്ക് പറിച്ചു നട്ടുതുടങ്ങിയതോടെ ഇല്ലാതായത് മനുഷ്യന്റെ സംസ്‌കാരം തന്നെയാണ്. കാർഷിക വിശുദ്ധിയുള്ള നന്മയേറിയ മനസ്സുകൾക്ക് ഇന്ന് എവിടെയും സ്ഥാനമില്ലെന്നു തന്നെ വേണം കരുതാൻ. നാടിന്റെ നിലനിൽപ് തന്നെ എല്ലാം കൊണ്ടും കാർഷിക സംസ്‌കാരത്തിലൂന്നിയായിരുന്നു. അതെല്ലാമാണ് ഇന്ന് മാറ്റിമറിക്കപ്പെട്ടത്.


കാർഷിക രാജ്യത്തിന്റെ അപകടകരമായ മുന്നോട്ടുപോക്കിനു തടയിടാൻ ദൽഹിയുടെ അതിർത്തി പ്രദേശങ്ങളിൽ ഇപ്പോഴും കർഷകർ സമരം ചെയ്യുകയാണ്. അതിനെതിരെ ഒരു കൂട്ടം ഭരണകർത്താക്കളും അവർക്ക് ശ്രുതി പാടുന്ന ചില രാഷ്ട്രീയ കക്ഷികളും നടത്തുന്ന നീക്കങ്ങൾ നന്മയുടെ ആ കാർഷിക സംസ്‌കാരം ഇനിയൊരിക്കലും രാജ്യത്ത് തിരിച്ചുവരരുത് എന്ന് ആസൂത്രിതമായി ആഗ്രഹിച്ചുകൊണ്ടുള്ളതാണ്. എന്നാൽ, കാർഷികോത്സവമായ വിഷുവിനും ഓണത്തിനുമെല്ലാം നമ്മൾ പ്രതിജ്ഞയെടുക്കേണ്ടതും പൊരുതേണ്ടതും വിശുദ്ധമായ കാർഷിക സംസ്‌കാരവും ആരോഗ്യം പകരുന്ന കാർഷിക ആചാരവും തിരിച്ചു കൊണ്ടുവരുന്നതിനാവണം. പൊയ്‌പോയ മഹത്തായ കാർഷിക സംസ്‌കാരം നമുക്ക് തിരിച്ചു പിടിക്കേണ്ടതുണ്ട്.  

Latest News