Sorry, you need to enable JavaScript to visit this website.
Sunday , May   16, 2021
Sunday , May   16, 2021

റോബർട്ട് കിയോസാക്കി നൽകുന്ന പാഠങ്ങൾ

ഒരു സാധാരണ അധ്യാപക കുടുംബത്തിൽ ജനിച്ചു അമേരിക്ക കണ്ട മികച്ച ധനികരിൽ ഒരാളായി മാറിയ റോബർട്ട് ടി. കിയോസാക്കി ശ്രദ്ധേയനായ ഒരു പരിശീലകനും മെന്ററുമാണ്. വിജയമന്ത്രത്തെക്കുറിച്ച അദ്ദേഹത്തിന്റെ പ്രായോഗിക കാഴ്ചപ്പാടുകൾ അവതരിപ്പിക്കുന്ന പ്രധാനപ്പെട്ട ഗ്രന്ഥമാണ് rich dad poor dad. മലയാളമടക്കം നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ഈ കൃതി  സാമ്പത്തിക വിദ്യാഭ്യാസത്തിന്റെ അടിത്തറ രൂപീകരിക്കാൻ സഹായിക്കുന്ന ഒരു പുസ്തകമാണ്.  വളരെ ലളിതമായ ഉദാഹരണങ്ങളിലൂടെയും അനുഭവങ്ങളിലൂടെയും കളികളിലൂടെയുമാണ് റോബർട്ട് കിയോസാക്കി നമ്മോട് സംവദിക്കുന്നത്. എല്ലാവരും ഈ പുസ്തകം വായിക്കുന്നത് ഏറെ ഗുണകരമാകുമെന്ന് ആദ്യമേ സൂചിപ്പിക്കട്ടെ.  
അമേരിക്കയിലെ ഹവായി ദ്വീപിൽ ജനിച്ച റോബർട്ട് ബിരുദം നേടിയത് യു.എസ് മെർച്ചന്റ് അക്കാദമിയിൽ നിന്നാണ്. പഠനശേഷം മറൈൻ ഓഫീസർ,  ഹെലികോപ്റ്റർ ഗൺഷിപ് പൈലറ്റ് എന്നീ പദവികൾ വഹിച്ചു. വിയറ്റ്‌നാം യുദ്ധത്തിൽ പങ്കെടുത്തതിന്  ശേഷം അദ്ദേഹം സേനയിൽ നിന്ന് നാട്ടിൽ തിരിച്ചെത്തി. സിറോക്‌സ് കമ്പനിയിൽ മൂന്നു വർഷം ജോലി ചെയ്ത ശേഷമാണ് സ്വന്തം സ്ഥാപനം തുടങ്ങിയത്. ആദ്യ സംരംഭങ്ങൾ പരാജയപ്പെട്ട ശേഷം  1985 ൽ ആരംഭിച്ച കാഷ് ഫ്േളാ ടെക്‌നോളജീസ് പുതുമ കൊണ്ട് ശ്രദ്ധിക്കപ്പെട്ടു. പിന്നീട് അദ്ദേഹത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. റിയൽ എസ്റ്റേറ്റ്, ഓഹരി വിപണി, ഖനികൾ എന്നിവയിലൂടെ നിക്ഷേപ രംഗത്ത് ചുവടുറപ്പിച്ചു. ജീവിതാനുഭവത്തിന്റെ വെളിച്ചത്തിൽ അദ്ദേഹം പങ്കുവെക്കുന്ന പല കാര്യങ്ങളും ഏറെ പ്രസക്തമാണ്. 


'തെറ്റുകൾ പറ്റുന്നത് മോശമാണെന്ന് സ്‌കൂളുകളിൽ നാം പഠിക്കുന്നു. ശിക്ഷകൾ വാങ്ങുകയും ചെയ്യുന്നു. എന്നാൽ തെറ്റുകൾ പറ്റിയാണ് ഓരോ മനുഷ്യനും ജീവിതം പഠിക്കുന്നത്. ഒരിക്കലും വീഴാതെ ഒരു കുട്ടിക്ക് എങ്ങനെ നടക്കാൻ കഴിയും?'
മോശം കാലമാണ് മികച്ച ബിസിനസുകാരെ സൃഷ്ടിക്കുക. ആദ്യ കാലങ്ങളിൽ പതിമൂന്നു മാസം വരെ ഒരു വരുമാനവുമില്ലാതെ ഞാൻ ബിസിനസ് ചെയ്തിട്ടുണ്ട്. ഒരു സാധാരണ വ്യക്തിക്ക് ഇത്തരം സമ്മർദം പലപ്പോഴും താങ്ങാനാവില്ല. മൂലധനം സമാഹരിക്കുന്നത് പോലും പലർക്കും  വൻ കടമ്പയാണ്. സ്വയം നിങ്ങൾ എന്ത് മന്ത്രിക്കുന്നുവോ, അതിനാണ് വാ തോരാതെ സംസാരിക്കുന്നതിനേക്കാൾ  ശക്തി.' പണത്തെക്കുറിച്ചാണ് പലരും ഏറ്റവും കൂടുതൽ ആലോചിക്കുന്നത്. എന്നാൽ ഏറ്റവും വലിയ സ്വത്ത് പ്രായോഗിക വിദ്യാഭ്യാസമാണ്. കാലത്തിനൊത്ത് മാറാൻ കഴിയണം.തുറന്ന മനസ്സോടെ അറിവ് നേടണം. അങ്ങനെ ചെയ്യുന്നവർക്ക് മാത്രമേ കൂടുതൽ സമ്പാദിക്കാൻ കഴിയൂ. സാമ്പത്തിക വിജ്ഞാനം ഇല്ലാത്തവന്റെ കൈയിൽ പണം അധിക നാൾ നിൽക്കില്ല.


മനസ്സിനെ പരിശീലിപ്പിക്കുകയാണ് ആദ്യ പടി. പഴഞ്ചൻ ആശയങ്ങളുമായി കഠിനമായി ജോലി ചെയ്യുന്ന നിരവധി പേരെ ഞാൻ കണ്ടിട്ടുണ്ട്. മാറ്റത്തെ ചെറുക്കുന്നതാണ് അവരുടെ പ്രശ്‌നം. ടെക്‌നോളജിയെ പഴി പറയുന്നത് മണ്ടന്മാരാണ്. ഇന്നലെയുടെ അറിവ് ഇന്ന് ഉപയോഗിക്കാൻ കഴിയണം എന്നില്ല. കാരണം ഇന്നലെ പോയിക്കഴിഞ്ഞു.
കൊടുക്കുന്നവർക്ക് മാത്രമേ കിട്ടുകയുള്ളൂ. ചിരിയോ പണമോ സൗഹൃദമോ എന്തു തന്നെ ആയാലും. അതിനാൽ നൽകുന്നതിന്റെ  ആനന്ദം തിരിച്ചറിയുകയും പിശുക്കില്ലാതെ നൽകുകയും ചെയ്യുക.
നിങ്ങളുടെ സ്വപ്‌നമാണ് നിങ്ങളുടെ വിജയം കൊണ്ടുവരുന്നത്. നിരാശയെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതാണ് ഏറ്റവും പ്രധാനം. പ്രതിമാസ ബില്ലുകൾ അടയ്ക്കാൻ വേണ്ടിയാണ് പലരും ജോലി ചെയ്യുന്നത്. ഭയമാണ് അവരെ നയിക്കുന്നത്. സ്വന്തം ബോസിനെ പഴി പറഞ്ഞുകൊണ്ട് ജോലി ചെയ്യുന്നവർക്ക് പുതിയൊരു ബിസിനസ് തുടങ്ങാൻ ഭയമാണ്. ഒരു തൊഴിലിനു വേണ്ടി മാത്രം പഠിക്കുന്നതിന്റെ കുഴപ്പമാണിത്. ഭയത്തെ അതിജീവിക്കാതെ സമ്പത്ത് സൃഷ്ടിക്കാനാവില്ല.'        


നമ്മുടെ നാട്ടിലെ സാധാരണക്കാർക്കിടയിലെ പൊതുവായ ഒരു ധാരണയാണ് പണം കുറച്ചധികമുണ്ടെങ്കിൽ നമ്മൾ ധനികരായ മാറി എന്നത്. അതുകൊണ്ട് തന്നെ ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും പണത്തിനു പിറകെ ഓടുന്നതാണ് പതിവ്. യാഥാർഥ്യത്തെ തിരിച്ചറിയാതെ എളുപ്പം പണക്കാരനാവാൻ വേണ്ടി ചതിക്കുഴികളിൽ ചാടുന്നത് ഇന്നത്തെ കാലത്തു ഒരു സർവസാധാരണമായ കാഴ്ചയാണ്. എന്നാൽ എന്താണ് യഥാർഥത്തിൽ ഒരാളെ ധനികനാക്കി മാറ്റുന്നത് എന്ന് ഒരു സാധാരണക്കാരൻ ചിന്തിക്കാറില്ല. ഒന്നുകിൽ പണം ഉണ്ടാക്കാൻ വേണ്ടി കഷ്ടപ്പെട്ട് ജോലി ചെയ്യുക, അല്ലെങ്കിൽ ഉയർന്ന ജോലി വാങ്ങുക എന്ന് ധരിച്ചു ജീവിതകാലം മുഴുവനും പണത്തിനു വേണ്ടി അധ്വാനിക്കും. എന്നാൽ ഏറ്റവും വലിയ സത്യം അവർ മനസ്സിലാക്കാതെ പോകുന്നത് എന്താണെന്നു വെച്ചാൽ: സാധാരണക്കാർ പണത്തിനു വേണ്ടി പ്രവർത്തിക്കും, എന്നാൽ പണം ധനികർക്കു വേണ്ടി പ്രവർത്തിക്കും എന്നതാണ്. അതെ, അതാണ് സത്യം, എല്ലാവരും പണത്തിനു വേണ്ടി പ്രവർത്തിക്കുമ്പോൾ അതെ പണം ധനികർക്കു വേണ്ടി പ്രവർത്തിക്കുന്നു. 


എങ്ങനെ എന്നല്ലേ? ഒരു ഉദാഹരണം പറയാം. നിങ്ങൾ ഒരു കമ്പനിയിലെ ഉയർന്ന സ്ഥാനത്തു ഇരിക്കുന്ന ഒരാളാണ് എന്ന് കരുതുക. ഏകദേശം കഴിഞ്ഞ 15 വർഷമായി അവിടെ ജോലി ചെയ്യുന്നു. നിങ്ങൾക്ക് നല്ല ഉയർന്ന ശമ്പളവുമുണ്ട്. അതേ സമയം നിങ്ങളുടെ കമ്പനിയിൽ ഇൻവെസ്റ്റ് ചെയ്തിട്ടുള്ള ഒരാളാണ് ഞാൻ എന്ന് കരുതുക. ഒന്നുകിൽ ഞാൻ ആദ്യമേ ഒരു നല്ല തുക കമ്പനിയിൽ മുടക്കിയിട്ടുണ്ട് അല്ലെങ്കിൽ കുറച്ചു വർഷങ്ങൾക് മുൻപ് പലപ്പോഴായി ഇൻവെസ്റ്റ്‌മെന്റ് നടത്തിയിട്ടുണ്ട്. ഇങ്ങനെ ഒരു അവസരത്തിൽ ഒരു പക്ഷേ നിങ്ങൾ കഷ്ടപ്പെട്ട് ജോലി ചെയ്തുണ്ടാക്കുന്നതിനേക്കാൾ ധനം ഞാൻ കുറച്ചുനാളുകൾക്ക് മുൻപേ നടത്തിയിട്ടുള്ള എന്റെ നിക്ഷേപത്തിൽ നിന്നും നേടുന്നുണ്ടാവും. നിങ്ങൾ എത്രത്തോളം കഷ്ടപ്പെട്ട് കമ്പനി മുകളിലോട്ടു കൊണ്ടുപോകുന്നുണ്ടോ അത്രയും ലാഭം എനിക്ക് കൂടിക്കൂടി വരുന്നു. അതിന്റെ വളരെ ചെറിയ വിഹിതം സാലറി,  ഇൻക്രെമെന്റ്, ബോണസ് എന്നും പറഞ്ഞു തരുമ്പോൾ താങ്കൾ തൃപ്തൻ ആവുന്നു. ഇനി കമ്പനി നഷ്ടത്തിൽ ആയാലോ? നിങ്ങൾക്ക് ജോലി വരെ പോകാം. ആകെ ഉണ്ടായ വരുമാനം നിലക്കും. എന്നാൽ എനിക്ക് ചെറിയ നഷ്ടത്തിൽ ഇൻവെസ്റ്റ് ചെയ്ത പണം പിൻവലിക്കാം, മാത്രവുമല്ല, ഇങ്ങനെ നിക്ഷേപം നടത്തുന്ന ആളുകൾക്കു ഇത്തരത്തിൽ ഒന്നിൽ കൂടുതൽ വരുമാന സ്രോതസ്സ് ഉണ്ടാവും. അതുകൊണ്ട് തന്നെ ലാഭം കുറച്ചു കുറയും എന്നല്ലാതെ നഷ്ടം അവരെ ബാധിക്കുന്നില്ല.


ഇത് വായിച്ചപ്പോൾ ആദ്യമേ മനസ്സിൽ വന്നത് ഇത്തരത്തിൽ നിക്ഷേപം നടത്താൻ എനിക്ക് എവിടുന്നാ പണം, ഇൻവെസ്റ്റ്‌മെന്റ് ഒക്കെ റിസ്‌കാണ്, ഇതൊന്നും നമ്മളെക്കൊണ്ട് പറ്റിയ പണിയല്ല എന്നൊക്കെയല്ലേ. ഏതൊരു സാധാരക്കാരന്റെയും മനസ്സിൽ ആദ്യം വരുന്ന കാര്യങ്ങൾ ഇതൊക്കെയാണ്. എന്നാൽ ഞാൻ ഇപ്പോൾ പറഞ്ഞ ഉദാഹരണം ഒരു ചെറിയ സാധ്യത മാത്രമാണ്. ഇത്തരത്തിൽ അനേകായിരം അവസരങ്ങൾ നമ്മുടെ ചുറ്റും ഉണ്ടെങ്കിലും അതൊന്നും കാണാനും കണ്ടാലും അതിനെ ഉപയോഗിക്കാനും നമ്മുടെ മനസ്സിനെ പാകപ്പെടുത്തുക എന്നുള്ളതാണ് ആദ്യം ചെയ്യേണ്ടത്. 
സാമ്പത്തിക വിദ്യാഭ്യാസമുണ്ടാക്കിയെടുക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയാണ് ഞാൻ പറഞ്ഞു വരുന്നത്. വളരെ ചെറിയ പ്രായത്തിൽ തന്നെ ധനികർ അവരുടെ മക്കൾക്കു പകർന്നു നൽകുന്നതും ഒരിക്കലും സാധാരണക്കാർ മനസ്സിലാക്കാത്തതും ഇതാണ്. സാമ്പത്തിക വിദ്യാഭ്യാസത്തിന്റെ അടിത്തറ എല്ലാവരിലേക്കും എത്തേണ്ടത് ഇന്നത്തെ കാലത്തിന്റെ അനിവാര്യതയാണ്.  

Latest News