കോവിഡ് ചികിത്സയിലിരിക്കുന്ന രോഗി മരിച്ചതായി പ്രഖ്യാപിച്ചു, രണ്ടു തവണ; അധികൃതര്‍ക്ക് പിഴച്ചു

ഭോപാല്‍- മധ്യപ്രദേശിലെ വിധിഷയില്‍ ആശുപത്രിയില്‍ കോവിഡ് ചികിത്സയില്‍ കഴിയുന്ന 58കാരനെ രണ്ടു വ്യത്യസ്ത ദിവസങ്ങളിലായി രണ്ടു തവണ മരിച്ചതായി പ്രഖ്യാപിച്ചു. രണ്ടാം തവണ മരണ വിവരം അറിഞ്ഞ് വീട്ടുകാര്‍ സംസ്‌ക്കാരചടങ്ങുകക്കുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി കാത്തിരിക്കുമ്പോഴാണ് രോഗി മരിച്ചിട്ടില്ലെന്നും അബദ്ധം പിണഞ്ഞതാണെന്നും വീട്ടുകാരെ ആശുപത്രി അധികൃതര്‍ അറിയിച്ചത്. 

കോവിഡാണെന്ന സംശയത്തില്‍ ഗുരുതാവസ്ഥയിലാണ് ഗൊരെലാല്‍ കോറിയെ വിധിഷയിലെ അടല്‍ ബിഹാരി മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ തിങ്കളാഴ്ച പ്രവേശിപ്പിച്ചത്. ബുധനാഴ്ച മുതല്‍ കോറി വെന്റിലേറ്ററിലായിരുന്നു. 'തൊട്ടടുത്ത ദിവസം ആശുപത്രിയില്‍ നിന്ന് വിളിച്ച് അച്ഛന്റെ നില ഗുരുതരമാണെന്ന് അറിയിച്ചു. ഉടന്‍ ആശുപത്രിയിലെത്തി. ജീവന്‍ രക്ഷിക്കാനായില്ലെന്നാണ് അവര്‍ പറഞ്ഞത്. അച്ഛന്‍ വീണ്ടും ശ്വാസമെടുക്കുന്നുണ്ടെന്ന് പിന്നീട് നഴ്‌സാണ് വന്നു പറഞ്ഞത്'- മകന്‍ കൈലാശ് കോറി പറഞ്ഞു. 

പിന്നീട് ഡോക്ടര്‍മാര്‍ ഓപറേഷന്‍ വേണമെന്ന് അറിയിച്ചു. കുടുംബം സമ്മതവും നല്‍കി. ശസ്ത്രക്രിയയ്ക്കിടെ മരണം സംഭവിച്ചതായി അവര്‍ അറിയിച്ചു. ശസ്ത്രക്രിയയ്ക്കിടെ കോവിഡ് പോസിറ്റീവായെന്നും മൃതദേഹം വിട്ടുനല്‍കാന്‍ കഴിയില്ലെന്നും അവര്‍ രാത്രി എട്ടരയോടെ അറിയിച്ചുവെന്ന് കൈലാശ് പറയുന്നു. വെള്ളിയാഴ്ച രാവിലെ സംസ്‌ക്കാര ചടങ്ങുകള്‍ നടത്താന്‍ കുടുംബം ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു ശ്മശാനത്തിലെത്തി. അപ്പോഴാണ് അച്ഛന്‍ മരിച്ചിട്ടില്ലെന്നും ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചത്. അദ്ദേഹം ഇപ്പോഴും വെന്റിലേറ്ററില്‍ തുടരുകയാണ്. രണ്ടു തവണ ഒരാളെ മരിച്ചതായി പ്രഖ്യാപിച്ചത് നിരുത്തരവാദിത്തപരമാണെന്ന് മകന്‍ കൈലാശ് പറഞ്ഞു. 

അതേസമയം ആശയക്കുഴപ്പത്തെ തുടര്‍ന്നാണ് ഇതു സംഭവിച്ചതെന്ന് ആശുപത്രി അധികൃതര്‍ പ്രതികരിച്ചു. വെന്റിലേറ്ററില്‍ കഴിയുന്ന രോഗിയുടെ ഹൃദയം പെട്ടെന്ന് നിലച്ചു. ഇതോടെ മരിച്ചതായി നഴ്‌സ് അറിയിച്ചു. ഇത്തരം ഘട്ടങ്ങളില്‍ ഡോക്ടര്‍മാരെത്തി ഹൃദയംപൂര്‍വ്വസ്ഥിതിയിലാക്കാനുള്ള ശ്രമങ്ങള്‍ നടത്തും. ഒന്നു രണ്ടു മണിക്കൂറിനുള്ളില്‍ ഈ ശ്രമം വിജയിച്ചു. ഇതാണ് ആശയക്കുഴപ്പത്തിന് കാരണമായതെന്ന് ആശുപത്രിയിലെ ഡീന്‍ ഡോ. സുനില്‍ നന്ദേശ്വര്‍ പറഞ്ഞു. 

Latest News