കാലിത്തീറ്റ കുംഭകോണം: നാലാം കേസിലും ലാലുവിന് ജാമ്യം, ഇനി വീട്ടിലേക്കു മടങ്ങാം

പട്‌ന- കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് 3.13 കോടി രൂപ വെട്ടിച്ച കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ആര്‍ജെഡി നേതാവും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന് ജാര്‍ഖണ്ഡ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കാലിത്തീറ്റ അഴിമതിയുമായി ബന്ധപ്പെട്ട മറ്റ് മൂന്ന് കേസുകളിലും നേരത്തെ ലാലുവിന് ജാമ്യം ലഭിച്ചിരുന്നു. ഇപ്പോള്‍ ദല്‍ഹി എയിംസില്‍ ചികിത്സയില്‍ കഴിയുന്ന ലാലുവിന് ഇനി ജയില്‍ മോചിതനായി വീട്ടിലേക്ക് മടങ്ങാം.

ലാലു മുഖ്യമന്ത്രിയായിരിക്കെ 1991നും 1996നുമിടയില്‍ ദുംക ട്രഷറിയില്‍ നിന്ന് പണം വെട്ടിച്ച കേസിലാണ് ലാലു ഇപ്പോള്‍ തടവു ശിക്ഷ അനുഭവിക്കുന്നത്. ഛായ്ബാസ ട്രഷറി കേസില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ലാലുവിന് ജാമ്യം ലഭിച്ചിരുന്നു. 2017 മുതല്‍ തടവുശിക്ഷ അനുഭവിച്ചു വരുന്ന ലാലു ഏറെ കാലവും കഴിച്ചു കൂട്ടിയത് ആശുപത്രിയിലാണ്. ജാര്‍ഖണ്ഡിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കഴിഞ്ഞ ജനുവരിയിലാണ് ദല്‍ഹി എയിംസിലേക്ക് മാറ്റിയത്.
 

Tags

Latest News