യുഎസിലെ കൂട്ടവെടിവെപ്പില്‍ കൊല്ലപ്പെട്ടവരില്‍ നാല് ഇന്ത്യന്‍ വംശജരും

വാഷിങ്ടന്‍- ഇന്‍ഡിയാനപൊലിസിലെ ഫെഡെക്‌സ് പ്ലാന്റില്‍ വ്യാഴാഴ്ച രാത്രി ഉണ്ടായ കൂട്ടവെടിവെപ്പില്‍ കൊല്ലപ്പെട്ട എട്ടു പേരില്‍ നാലും പേരും ഇന്ത്യന്‍ വശംജര്‍. ഇവരില്‍ മൂന്ന് പേരും വനിതകളാണ്. സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ പറഞ്ഞു. അമര്‍ജീത് ജോഹല്‍ (66), ജസ്‌വീര്‍ കൗര്‍ (64), അമര്‍ജിത് സഖോന്‍ (48), ജസ് വീന്ദര്‍സിങ് (68) എന്നിവരാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രിയാണ് പോലീസ് ഇവരുടെ പേരുവിലരങ്ങള്‍ പുറത്തു വിട്ടത്. എല്ലാ സഹായങ്ങളും ഇന്ത്യ വാഗ്ദാനം ചെയ്തിട്ടുണ്ട്. 

പരിക്കേറ്റവരില്‍ ഒരാളും ഇന്ത്യന്‍ വംശജനാണ്. ഹര്‍പ്രീത് ഗില്ലിനാണ് പരിക്കേറ്റത്. സംഭവം നടന്ന ഫെഡെക്‌സ് പ്ലാന്റിലെ ജോലിക്കാരില്‍ 90 ശതമാനവും ഇന്ത്യന്‍ വംശജരായ അമേരിക്കക്കാരാണ്. ഇവരിലേറെ പേരും സിഖ് സമുദായക്കാരുമാണ്. കൂട്ടവെടിവെപ്പ് നടത്തുകയും പിന്നീട് ജീവനൊടുക്കുകയും ചെയ്ത കൊലയാളി 19കാരനായ ബ്രാന്‍ഡന്‍ ഹോള്‍ ആണെന്നും പോലീസ് അറിയിച്ചു.

ഇന്‍ഡിയാനപൊലിസിലെ പ്രാദേശിക അധികാരികളുമായും സിഖ് സമുദായ നേതാക്കളുമായും ചിക്കാഗോയിലെ കോണ്‍സുലേറ്റ് ജനറല്‍ ബന്ധപ്പെട്ടിട്ടുണ്ട്. എല്ലാ സഹായങ്ങളും നല്‍കുമെന്നും വിദേശകാര്യ മന്ത്രി ജയ്ശങ്കര്‍ ട്വീറ്റിലൂടെ അറിയിച്ചു. സംഭവത്തില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരിസും ദുഃഖം അറിയിച്ചു.
 

Latest News