Sorry, you need to enable JavaScript to visit this website.
Sunday , May   16, 2021
Sunday , May   16, 2021

രാത്രി നമസ്‌കാരം: ആത്മാവും ചൈതന്യവും 


രാവിനെ ശാന്തതയുടെ സങ്കേതമായിട്ടാണ് ഖുർആൻ അവതരിപ്പിക്കുന്നത്. പകലിന്റെ അധ്വാനവും താപവും ക്ഷീണിതമാക്കിയ മനസ്സിനും ശരീരത്തിനും വിശ്രമവും സമാധാനവും നൽകുന്നത് രാവിന്റെ കുളിർമയും ശാന്തതയുമാണ്. വിശുദ്ധ ഖുർആൻ 'രാവ്' എന്ന പദത്തെ വളരെ അർഥസമ്പൂർണമായിട്ടാണ് അവതരിപ്പിച്ചിട്ടുള്ളത്. 'അവനത്ര ് രാവിനെ നിങ്ങൾക്ക ശാന്തമാക്കിത്തന്നത്. പകലിനെ വെളിച്ചമുള്ളതാക്കിയതും അവൻ തന്നെ.' (10:67). 'രാവിനെ അവൻ ശാന്തമായ വിശ്രമവേളയാക്കിയിരിക്കുന്നു' എന്ന് സൂറത്തുൽ അൻആമിലും  'പകലിനെ ജീവസന്ധാരണവേളയാക്കുകയും, രാവിനെ വസ്ത്രമാക്കുകയും ഉറക്കത്തെ വിശ്രമമാക്കുകയും ചെയ്തിരിക്കുന്നു' എന്ന് സൂറത്തുന്നബഇലും (78:911) പ്രതിപാദിക്കുന്നു. 


രാവ് ശാന്തതയും കുളിർമയും നൽകുമെങ്കിലും അത് പൈശാചിക ദുർബോധനങ്ങളും പ്രവർത്തനങ്ങളും ഏറെ വർധിക്കുന്ന വേള കൂടിയാണ്. പൈശാചിക സ്വാധീനങ്ങൾ കാരണം രാത്രികാലങ്ങളിൽ അക്രമങ്ങളും കവർച്ചകളും അനാശാസ്യങ്ങളും പെരുകുകയും ചെയ്യുന്നത് സർവസാധാരണമാണ്. അതുകൊണ്ടുതന്നെയാണ്  'ഇരുളടയുമ്പോഴുള്ള രാത്രിയുടെ കെടുതിയിൽനിന്നും' അല്ലാഹുവിൽ ശരണം തേടുവാൻ ദൈവഭയമുള്ള ഒരു വിശ്വാസിയോട് ഖുർആൻ (113:3) ഉദ്‌ബോധിപ്പിച്ചിട്ടുള്ളത്. ദൈവസ്മരണ ഹൃദയത്തിൽ സൂക്ഷിച്ചിട്ടുള്ള മനുഷ്യന് മാത്രമേ രാവിന്റെ ദുഷ്ടതകളിൽനിന്ന് രക്ഷപ്പെടുവാനും സൂക്ഷ്മതാബോധമുള്ളവനായിത്തീരുവാനും സാധിക്കുകയുള്ളൂ. അതുകൊണ്ടാണ് 'രാത്രികാലങ്ങളിൽ ജനങ്ങൾ ഉറങ്ങിക്കൊണ്ടിരിക്കെ നിങ്ങൾ നമസ്‌കാരങ്ങളിൽ മുഴുകുക' എന്ന് മുഹമ്മദ് നബി (സ്വ) വിശ്വാസികളെ ഉണർത്തിയത്. (തുർമുദി 2485). മനുഷ്യരെല്ലാം ശാന്തരായി ഉറങ്ങുമ്പോൾ രാവിന്റെ ഒരു ഭാഗം നമസ്‌കാരത്തിനും പ്രാർഥനയ്ക്കും വേണ്ടി മാറ്റിവെയ്ക്കുവാനാണ് പ്രവാചകൻ (സ്വ) വിശ്വാസികളെ ഉപദേശിക്കുന്നത്. 


പ്രവാചകന് ദിവ്യസന്ദേശം ലഭിച്ചു വന്നിരുന്ന ആദ്യനാളുകളിൽ രാത്രികാലങ്ങളിൽ ഉറക്കിൽനിന്നും എഴുന്നേറ്റ് നമസ്‌കരിക്കുവാൻ അല്ലാഹു അദ്ദേഹത്തിന് കൽപന നൽകിയിരുന്നു. 'ഹേ, വസ്ത്രം കൊണ്ട് മൂടിയവനേ, രാത്രി അൽപസമയം ഒഴിച്ച് എഴുന്നേറ്റ്‌നിന്ന് പ്രാർഥിക്കുക. രാത്രിയുടെ പകുതി, അല്ലെങ്കിൽ പകുതിയിൽ നിന്നു അൽപം കുറച്ച്. അല്ലെങ്കിൽ പകുതിയേക്കാൾ അൽപം കൂടുതൽ. ഖുർആൻ സാവകാശത്തിൽ പാരായണം നടത്തുകയും ചെയ്യുക.' (ഖുർആൻ 73:14). സൂറത്തുൽ മുസ്സമ്മിലിലെ ഈ ആദ്യ വചനങ്ങളിലൂടെ പ്രവാചകനും അനുചരന്മാർക്കും രാത്രി നമസ്‌കാരം നിർബന്ധമായിത്തീർന്നിരുന്നു. പിന്നീട് ഒരു വർഷത്തിന് ശേഷം അല്ലാഹു അതേ സൂറത്തിന്റെ തന്നെ അവസാന വചനത്തിലൂടെ ലഘൂകരണം നൽകി. അത് വളരെ പ്രധാനപ്പെട്ട ഐച്ഛിക കർമമാക്കി നിശ്ചയിച്ചുകൊടുത്തു. പ്രസ്തുത വചനം ഇങ്ങനെയാണ്: 'നീയും നിന്റെ കൂടെയുള്ളവരിൽ ഒരു വിഭാഗവും രാത്രിയുടെ മിക്കവാറും മൂന്നിൽ രണ്ടു ഭാഗവും ചിലപ്പോൾ പകുതിയും ചിലപ്പോൾ മൂന്നിലൊന്നും നിന്നു നമസ്‌കരിക്കുന്നുണ്ട് എന്ന് നിന്റെ രക്ഷിതാവിന്നറിയാം. അല്ലാഹുവാണ് രാത്രിയെയും പകലിനെയും കണക്കാക്കുന്നത്. നിങ്ങൾക്ക് അത് ക്ലിപ്തപ്പെടുത്താനാവുകയില്ലെന്ന് അവന്നറിയാം. അതിനാൽ അവൻ നിങ്ങൾക്ക് ഇളവ് ചെയ്തിരിക്കുന്നു. ആകയാൽ നിങ്ങൾ ഖുർആനിൽ നിന്ന് സൗകര്യപ്പെട്ടത് ഓതിക്കൊണ്ട് നമസ്‌കരിക്കുക.' (ഖുർആൻ 73:20). രോഗികൾക്കും ഉപജീവനാർഥം യാത്ര ചെയ്യുന്നവർക്കും യുദ്ധം പോലെയുള്ള ത്യാഗപരിശ്രമങ്ങളിൽ ഏർപ്പെടുന്നവർക്കും വലിയ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുമെന്ന കാരണത്താലാണ് അതിന്റെ നിർബന്ധസ്വഭാവത്തെ അല്ലാഹു എടുത്തുകളഞ്ഞത്. 


രാത്രി നമസ്‌കാരത്തിന്റെ നിർബന്ധസ്വഭാവം ഇല്ലാതായെങ്കിലും മുഹമ്മദ് നബി (സ്വ) അത് അദ്ദേഹത്തിന്റെ നിത്യജീവിതത്തിൽ പാലിച്ചുവന്നു. ഒരു കൽപനയോടുള്ള പ്രതികരണം എന്നതിനേക്കാളുപരി സ്രഷ്ടാവിനോടുള്ള കടപ്പാട് എന്ന നിലയിലായിരുന്നു രാത്രി നമസ്‌കാരത്തെ പ്രവാചകർ കണ്ടിരുന്നത്. ആഇശ (റ) പറയുന്നു: 'പ്രവാചകൻ രാത്രി കാലങ്ങളിൽ അദ്ദേഹത്തിന്റെ കാലുകളിൽ നീര് കെട്ടിനിൽക്കുമാറ് സുദീർഘമായി നമസ്‌കരിക്കുമായിരുന്നു. അപ്പോൾ ഞാൻ അദ്ദേഹത്തോട് ചോദിച്ചു: പ്രവാചകരേ, താങ്കളുടെ കഴിഞ്ഞുപോയതും വരാനിരിക്കുന്നതുമായ മുഴുവൻ പാപങ്ങളും പൊറുക്കപ്പെട്ടിരിക്കുന്ന സ്ഥിതിക്ക് എന്തിനാണ് ഇത്രമാത്രം കഷ്ടപ്പെടുന്നത്? അപ്പോൾ പ്രവാചകൻ പറഞ്ഞു: ആയിശാ, ഞാൻ ഒരു നന്ദിയുള്ള അടിമയാവേണ്ടതില്ലേ?' (മുസ്‌ലിം 2820). ലോകത്തുള്ള മുഴുവൻ മനുഷ്യർക്കുമുള്ള സന്ദേശമാണിത്. ജീവിതത്തിന്റെ ഓരോ നിമിഷങ്ങളിലും സ്രഷ്ടാവ് നൽകിയിട്ടുള്ള അനുഗ്രഹങ്ങൾ ആസ്വദിച്ചുകൊണ്ടും അവന്റെ കാരുണ്യം അനുഭവിച്ചു കൊണ്ടുമാണ് ഓരോ മനുഷ്യനും ഭൂമിയിൽ കഴിയുന്നത്. അതിനുപുറമെ മരണശേഷമുള്ള പരലോകജീവിതത്തിൽ വിജയിക്കുവാനാവശ്യമായ കാര്യങ്ങളെല്ലാം സ്രഷ്ടാവ് അവന്റെ ദിവ്യസന്ദേശങ്ങളിലൂടെ മനുഷ്യന് നൽകുകയും ചെയ്തു. ഇരുലോകങ്ങളിലും ശരിയായ വിജയം കൈവരിക്കുവാൻ മനുഷ്യനെ പ്രാപ്തനാക്കിയ നാഥനെ സ്തുതിക്കുവാനും അവന്റെ മുമ്പിൽ സാഷ്ടംഗം നമിച്ച് വിനയാന്വിതനായിത്തീരുവാനും മനുഷ്യൻ സമയം കണ്ടെത്തേണ്ടതുണ്ട്. ഈ സന്ദേശമാണ് രാത്രി നമസ്‌കാരത്തിലൂടെ പ്രവാചകൻ മാനവസമൂഹത്തിന് നൽകിയിട്ടുള്ളത്. അതുകൊണ്ടുതന്നെയാണ് നിർബന്ധ നമസ്‌കാരങ്ങൾ കഴിഞ്ഞാൽ ഏറ്റവും ശ്രേഷ്ഠം രാവിന്റെ ഉള്ളറകളിൽ നിർവഹിക്കപ്പെടുന്ന നമസ്‌കാരമാണെന്ന് പ്രവാചകൻ പറഞ്ഞത്. (മുസ്‌ലിം 1163). 


രാത്രിനമസ്‌കാരം റമദാനിൽ മാത്രം നിർവഹിക്കപ്പെടുന്ന ഒരു ആരാധനാകർമമല്ല. എല്ലാ കാലങ്ങളിലും നിർവഹിക്കപ്പെടേണ്ട അതിപ്രധാനമായ ആരാധനയാണത്. അതൊരു ചടങ്ങല്ല. ഓരോ മനുഷ്യനും സാധിക്കുന്ന അത്ര ദൈർഘ്യമെടുത്ത് ഭക്തിയുടെ പാരമ്യത്തിലേക്ക് മനസ്സിനെ ആനയിച്ച് അതീവമായ വണക്കത്തോടെയാണ് അത് നിർവഹിക്കേണ്ടത്. പ്രവാചകന്റെ രാത്രി നമസ്‌കാരത്തെ കുറിച്ച് പ്രിയപത്‌നി ആഇശ (റ) വിശദീകരിച്ചത് ഹദീസുകളിൽ ധാരാളം വന്നിട്ടുണ്ട്. അതൊരു ചടങ്ങായിരുന്നില്ല; അൽപനേരത്തെ അഭ്യാസവുമായിരുന്നില്ല. ധൃതിപിടിക്കാതെ, രണ്ടുവീതം റക്അത്തുകൾ നമസ്‌കരിച്ച് സുദീർഘമായി പാരായണം ചെയ്തും ഇടയ്ക്ക് കുറെ സമയം വിശ്രമമെടുത്തുമായിരുന്നു അദ്ദേഹം നമസ്‌കരിച്ചിരുന്നത്. പതിനൊന്ന് റക്അത്ത് നമസ്‌കരിക്കാറുണ്ടായിരുന്ന അദ്ദേഹത്തിന്റെ ഓരോ നാല് റക്അത്തുകളുടെയും സൗന്ദര്യവും ദൈർഘ്യവും വർണനാതീതമാണെന്നാണ് ആഇശ (റ) പറഞ്ഞത്. കണ്ണുകൾക്ക് ഉറക്കം ബാധിക്കാമെങ്കിലും മനസ്സുറങ്ങാറുണ്ടായിരുന്നില്ല എന്ന് പ്രവാചകൻ (സ്വ) തന്നെ ആഇശ (റ) യോട് പറയാറുണ്ടായിരുന്നു. (ബുഖാരി 2013). 


രാത്രി നമസ്‌കാരത്തിന്റെ റക്അത്തുകളുടെ എണ്ണത്തെ കുറിച്ച് മാത്രം ചർച്ച ചെയ്യുകയും അതിന്റെ വണ്ണമാകുന്ന ദൈർഘ്യത്തെ കുറിച്ചോ നിർവഹണത്തിന്റെ സൗന്ദര്യത്തെ കുറിച്ചോ ചർച്ച ചെയ്യപ്പെടാതെ പോവുകയും ചെയ്യുമ്പോൾ  നമസ്‌കാരത്തിന്റെ ആത്മീയ ചൈതന്യം തൃണവൽക്കരിക്കപ്പെടുകയാണ് ചെയ്യുന്നത്. കാലിൽ നീര് കെട്ടി നിൽക്കുമ്പോൾ പോലും ശാരീരിക വിഷമങ്ങൾ മറന്ന് സ്രഷ്ടാവുമായുള്ള ആത്മബന്ധം രൂപപ്പെടുത്തി നമസ്‌കാരം ആസ്വദിക്കാൻ സാധിക്കുക എന്നു പറയുന്നത് വിശ്വാസവും കൃതജ്ഞതയും പൂർണമായ അളവിൽ മനസ്സിൽ സൂക്ഷിക്കുന്നവർക്ക് മാത്രം സാധിക്കുന്ന കാര്യമാണ്. രാവിന്റെ നിശ്ശബ്ദവും ശാന്തവുമായ അന്തരീക്ഷത്തിൽ സ്രഷ്ടാവിനോട് സകല തെറ്റുകളും ഏറ്റുപറഞ്ഞും സങ്കടങ്ങളും വിഷമങ്ങളും സമർപ്പിച്ചും മനസ്സിനെ സ്രഷ്ടാവിൽ ബന്ധിപ്പിച്ചും നമസ്‌കാരത്തെ ഏറെ ഭംഗിയുള്ളതാക്കുക എന്ന ഉദാത്തമായ കർമമാണ് രാത്രി നമസ്‌കാരത്തിലൂടെ ഒരു വിശ്വാസിക്ക് ചെയ്യുവാനുള്ളത്. 


രാത്രി നമസ്‌കാരം ഐച്ഛികമാണെന്നു സൂചിപ്പിച്ചുവല്ലോ. ഐച്ഛിക നമസ്‌കാരങ്ങളെല്ലാം വീടുകളിൽ നമസ്‌കരിക്കുന്നതാണ് ഉചിതമെന്ന് പ്രവാചകൻ (സ്വ) പഠിപ്പിച്ചിട്ടുണ്ട്. പ്രവാചകൻ പറഞ്ഞു: 'നിങ്ങൾ നിങ്ങളുടെ വീടുകളിൽ നമസ്‌കരിക്കുക, ഒരു മനുഷ്യന്റെ നിർബന്ധ നമസ്‌കാരമല്ലാത്ത മറ്റെല്ലാ നമസ്‌കാരങ്ങളും വീടുകളിൽ നിർവഹിക്കുന്നതാണ് ഏറ്റവും ശ്രേഷ്ഠം.' (ബുഖാരി 7290). റമദാനിലെ രാത്രി നമസ്‌കാരം പ്രവാചകൻ മൂന്നോ നാലോ ദിവസം മാത്രമാണ് അദ്ദേഹത്തിന്റെ മസ്ജിദിൽ വെച്ച് അനുചരന്മാരുമൊത്ത് നിർവഹിച്ചത്. അടുത്ത ദിവസം അനുചരന്മാർ അദ്ദേഹത്തെ പ്രതീക്ഷിച്ചിരുന്നുവെങ്കിലും അദ്ദേഹം നമസ്‌കരിക്കാൻ വന്നില്ല. അതിനു കാരണമായി അദ്ദേഹം പറഞ്ഞത് ഇങ്ങനെയായിരുന്നു: 'നിങ്ങൾ വന്നതെല്ലാം ഞാൻ അറിഞ്ഞു. എന്നാൽ ഈ നമസ്‌കാരം നിങ്ങൾക്ക് നിർബന്ധമാക്കപ്പെടുമോ എന്നു ഞാൻ ഭയന്നു. അതുകൊണ്ടാണ് ഞാൻ നിങ്ങളിലേക്ക് പുറപ്പെടാതിരുന്നത്.' (മുസ്‌ലിം 761). പിന്നീട് നബി (സ്വ) യുടെ കാലത്ത് രാത്രിനമസ്‌കാരം പള്ളികളിൽ നിർവഹിക്കപ്പെട്ടിട്ടില്ല.  അബൂബക്ർ (റ) വിന്റെ കാലത്തും ഉമർ (റ) വിന്റെ ആദ്യകാലത്തും അങ്ങനെ തന്നെ തുടർന്നു. ജനങ്ങൾ ഒറ്റക്കൊറ്റക്ക് നമസ്‌കരിച്ചുവന്നു.  പിന്നീട് ജനങ്ങൾ പള്ളിയിൽ ഓരോരുത്തരേയും ചെറിയ കൂട്ടമായും നമസ്‌കരിക്കുന്നത് വർധിച്ചപ്പോൾ ഉമർ (റ) അവരെ ഒരു ഇമാമിന്റെ കീഴിൽ ആക്കി. അതുമുതൽ ഇന്നുവരെ റമദാനിൽ പള്ളികളിൽ രാത്രി നമസ്‌കാരം ജമാഅത്തായി നിർവഹിക്കപ്പെട്ടു വരുന്നു. ഉമർ (റ) ഉബയ്യുബ്‌നു കഅബിനെയും തമീമുദ്ദാരിയെയും ജനങ്ങൾക്ക് ഇമാമായി നിശ്ചയിച്ചു. അവർ ജനങ്ങൾക്ക് ഇമാമായി നമസ്‌കരിച്ചപ്പോൾ നമസ്‌കാരത്തിന്റെ ദൈർഘ്യം കാരണം ജനങ്ങൾക്ക് ഊന്നുവടികളെ അവലംബമാക്കേണ്ടി വന്നു എന്നെല്ലാം ഹദീസുകളിൽ വന്നിട്ടുണ്ട്. (മാലിക് 250).


ഇതെല്ലാം സൂചിപ്പിക്കുന്നത് രാത്രിനമസ്‌കാരം സുദീർഘമായി പാരായണം ചെയ്തുകൊണ്ട് വളരെ ഭംഗിയായി നിർവഹിക്കപ്പെടേണ്ട നമസ്‌കാരമാകുന്നു എന്ന യാഥാർഥ്യമാണ്. വളരെ പെട്ടെന്ന് അവസാനിപ്പിച്ചുകൊണ്ട് ഒരു ചടങ്ങായി അവശേഷിപ്പിക്കപ്പെടേണ്ട കർമമല്ല അത്. റമദാനിലും അല്ലാത്ത കാലത്തും അത് നിർവഹിക്കുക ഒരു വിശ്വാസിക്ക് അനിവാര്യമാണ്. റമദാൻ പുണ്യകർമങ്ങൾ വർധിപ്പിക്കുന്ന മാസമായതിനാൽ അത് ജനങ്ങൾക്ക് കൂടുതൽ എളുപ്പമാകുന്നതിന് വേണ്ടി പള്ളികളിൽ നിർവഹിക്കപ്പെടുന്നു.  ഖുർആൻ മനഃപാഠമില്ലാത്തവർക്കും പാരായണം ചെയ്യാൻ സാധിക്കാത്തവർക്കും സ്ത്രീകൾക്കും കുട്ടികൾക്കും പ്രായം ചെന്നവർക്കും ഒരുപോലെ നമസ്‌കാരത്തിന്റെ പ്രതിഫലം ലഭിക്കാൻ അതുപകരിക്കും. 'ഇമാം നമസ്‌കാരത്തിൽനിന്ന് വിരമിക്കുന്നതു വരെ അദ്ദേഹത്തെ പിന്തുടർന്ന് നമസ്‌കരിക്കുന്നവർ രാത്രി മുഴുവൻ നമസ്‌കരിച്ചവരെ പോലെയാണ്.' എന്ന് നബി (സ്വ) പറഞ്ഞിട്ടുണ്ട്. (നസാഈ 1364). പള്ളികളിൽ വെച്ച് തന്നെ അത് നിർവഹിക്കണം എന്നില്ല. ഖുർആൻ ധാരളാമായി പാരായണം ചെയാൻ സാധിക്കുന്നവർക്കും അല്ലാത്തവർക്കും വീടുകളിൽ വെച്ച് ഒറ്റക്കോ ജമാഅത്തായോ ആയി നിർവഹിക്കാവുന്നതാണ്. എവിടെയായിരുന്നാലും മനഃസാന്നിധ്യവും ഭക്തിയും അവധാനതയുമാണ് ആവശ്യമായിട്ടുള്ളത്.


വിശ്വാസത്തോടെയും പ്രതിഫലേച്ഛയോടെയും റമദാനിൽ ആരെങ്കിലും രാത്രി എഴുന്നേറ്റ് നമസ്‌കരിച്ചാൽ അവന്റെ കഴിഞ്ഞു പോയ ചെറുദോഷങ്ങൾ പൊറുക്കപ്പെടുന്നതാണ് എന്നു നബി (സ്വ) പറഞ്ഞിട്ടുണ്ട്. രാത്രിയിൽ ഒരു പ്രത്യേക വേളയുണ്ട്. അതിൽ ഒരു വിശ്വാസി തന്റെ നാഥനോട് ഇഹലോകവുമായോ പരലോകവുമായോ ബന്ധപ്പെട്ട കാര്യങ്ങൾ ചോദിച്ചാൽ അവൻ അത് പൂർത്തീകരിച്ചുകൊടുക്കാതിരിക്കില്ല എന്നും നബി (സ്വ) പറഞ്ഞിട്ടുണ്ട്. രാത്രികാലങ്ങളിൽ കുടുംബാംഗങ്ങൾ പരസ്പരം വിളിച്ചുണർത്തി നമസ്‌കാരങ്ങൾക്കായി പ്രേരിപ്പിക്കണമെന്നും ഉണർന്നില്ലെങ്കിൽ മുഖത്ത് വെള്ളം തളിച്ചെങ്കിലും ഉണർത്തണമെന്നും അദ്ദേഹം പഠിപ്പിച്ചു.  


രാത്രി നമസ്‌കാരം അല്ലാഹുവിനെ കൃത്യമായി അറിഞ്ഞു മനസ്സിലാക്കിയവർ സ്വാഭാവികമായും നിർവഹിച്ചിരിക്കും. അല്ലാഹുവിലുള്ള ഭയവും പ്രതീക്ഷയുമാണ് ഒരു വിശ്വാസിയെ രാത്രി നമസ്‌കാരത്തിന് പ്രേരിപ്പിക്കുന്നത്. അല്ലാഹു പറയുന്നു: 'ഭയത്തോടും പ്രത്യാശയോടും കൂടി തങ്ങളുടെ രക്ഷിതാവിനോട് പ്രാർഥിക്കുവാനായി, കിടന്നുറങ്ങുന്ന സ്ഥലങ്ങൾ വിട്ട് അകലുന്നതാണ്.' (32:16). പ്രവാചകന്റെ രാത്രി നമസ്‌കാരത്തിന്റെ രീതികളും അതിന്റെ ദൈർഘ്യവും ഭംഗിയുമെല്ലാം സ്വായത്തമാക്കി അതിന്റെ പൂർണതയിലേക്കെത്തണമെങ്കിൽ ഇനിയും എത്രയോ കാതങ്ങൾ നാം സഞ്ചരിക്കേണ്ടതുണ്ട്. രാത്രി നമസ്‌കാരത്തിന്റെ ആത്മാവും ചൈതന്യവും ഉൾക്കൊണ്ട്, അതിന്റെ അകക്കാമ്പുകൾ ആസ്വദിച്ചുകൊണ്ട് നിർവഹിക്കുവാൻ മനസ്സിനെയും ശരീരത്തെയും നാം ഇനിയും പാകപ്പെടുത്തേണ്ടതുണ്ട്. ഈ റമദാൻ അതിനു പ്രചോദനമാകട്ടെ. 

Latest News