തിരുവല്ല നഗരമധ്യത്തിലെ റോഡരികില്‍ യുവാവിന്റെ മൃതശരീരം തലച്ചോറ് ചിന്നി ചിതറിയ നിലയില്‍  

ചങ്ങനാശേരി- തലച്ചോറ് ചിന്നി ചിതറിയ നിലയില്‍ യുവാവിന്റെ മൃതശരീരം നഗരമധ്യത്തിലെ റോഡരികില്‍. തിരുവല്ല കെഎസ്ആര്‍ടിസി സ്റ്റാന്റന് എതിര്‍വശം തിരുവല്ല പുത്തൂപറമ്പില്‍ പരേതനായ വര്‍ഗീസ് തോമസിന്റെ മകന്‍ നെവിന്‍ തോമസ് (35) ന്റെ മൃതദേഹമാണ് വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ എംസി റോഡരികില്‍ കാണപ്പെട്ടത്.
ഹോട്ടല്‍ തിലകിലോട്ട് കയറുന്ന ഭാഗത്ത് ഇടതു വശത്തായാണ് മൃതദേഹം കാണപ്പെട്ടത്. തിലകിനടുത്തുള്ള പാഴ്‌സല്‍ കമ്പനിയിലേക്ക് വന്ന ലോറിയുടെ പിന്‍ചക്രങ്ങള്‍ക്കിടയില്‍ മഡ്ഗാഡിനിടയില്‍ നിന്നും ശരീര അവശിഷ്ടങ്ങള്‍ കണ്ടെടുത്തതായി തിരുവല്ല സിഐ പറഞ്ഞു. ഈ ലോറി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാല്‍ താന്‍ ഒന്നും കണ്ടിട്ടില്ലന്ന് െ്രെഡവര്‍ പറയുന്നു.
വ്യാഴാഴ്ച രാത്രി 11 മണിക്ക് യുവാവ് വീട്ടില്‍ നിന്ന് പോയതാണെന്ന് വീട്ടുകാര്‍ പറയുന്നു. ബാര്‍ ഹോട്ടലിന് മുന്നില്‍ യുവാവിന്റെ ബൈക്ക് കണ്ടെത്തി. തിരിച്ചറിയല്‍ കാര്‍ഡും ലൈസന്‍സും അടങ്ങിയ പേഴ്‌സ് ബാര്‍ ഹോട്ടലിന് സമീപത്തുള്ള റോഡിലെ പുല്ലിനിടയില്‍ നിന്നും പോലീസ് കണ്ടെടുത്തു. ചില ആളുകള്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നതായി കാണിച്ച് നെവിന്റെ അമ്മ അന്നമ്മ തോമസ് കഴിഞ്ഞ ദിവസം സിഐയ്ക്ക് പരാതി നല്‍കിയിരുന്നു. ആരെങ്കിലും അപായപ്പെടുത്തി ഇട്ടതാണോ അതോ അപകട മരണമാണോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.
രാത്രി അമിതമായി മദ്യപിച്ചിരുന്ന യുവാവിനെ ബാറില്‍ നിന്നും ഇറക്കി വിട്ടിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. രാവിലെ നടക്കാനിറങ്ങിയവരാണ് മൃതദേഹം കിടക്കുന്നത് പോലീസിനെ അറിയിച്ചത്. പോലീസ് എത്തി വിശദമായ പരിശോധന നടത്തി എട്ട് മണിയോടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. ശനിയാഴ്ച കോവിഡ് പരിശോധനാ ഫലം വന്ന ശേഷം പോസ്റ്റ്‌മോര്‍ട്ടം നടത്തും. സംസ്‌കാരം പിന്നീട്. വിവാഹബന്ധം വേര്‍പെടുത്തി കഴിയുന്ന നെവിന് ഒരു മകളുണ്ട്.
 

Latest News