Sorry, you need to enable JavaScript to visit this website.

വിദേശങ്ങളിൽ പന്ത്രണ്ടു ലക്ഷം മുസ്ഹഫ്  കോപ്പികൾ വിതരണം ചെയ്യുന്നു

മുസ്ഹഫുകൾ കയറ്റിയയക്കുന്നതിനായി ട്രക്കുകളിലേക്ക് മാറ്റുന്നു
മുസ്ഹഫുകൾ കയറ്റിയയക്കുന്നതിനായി ട്രക്കുകളിലേക്ക് മാറ്റുന്നു

റിയാദ് - തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ നിർദേശാനുസരണം ഇസ്‌ലാമികകാര്യ മന്ത്രാലയം വിദേശ രാജ്യങ്ങളിൽ പന്ത്രണ്ടു ലക്ഷം മുസ്ഹഫ് കോപ്പികൾ വിതരണം ചെയ്യുന്നു. മന്ത്രാലയത്തിനു കീഴിലെ മദീന കിംഗ് ഫഹദ് മുസ്ഹഫ് പ്രിന്റിംഗ് കോംപ്ലക്‌സിൽ അച്ചടിച്ച വ്യത്യസ്ത വലിപ്പങ്ങളിലുള്ള മുസ്ഹഫുകളും 21 ഭാഷകളിലുള്ള ഖുർആൻ വിവർത്തനങ്ങളും രാജാവിന്റെ ഉപഹാരമെന്നോണം 29 രാജ്യങ്ങളിലാണ് വിതരണം ചെയ്യുന്നത്. എല്ലാ ഭൂഖണ്ഡങ്ങളിലെയും രാജ്യങ്ങളിൽ മുസ്ഹഫ് വിതരണം ചെയ്യുന്നുണ്ട്. 
വിദേശ രാജ്യങ്ങളിലെ സൗദി എംബസികളുമായും വിദേശങ്ങളിൽ സൗദി അറേബ്യക്കു കീഴിലുള്ള ഇസ്‌ലാമിക്, കൾച്ചറൽ സെന്ററുകളുമായും ഏകോപനം നടത്തിയാണ് മുസ്ഹഫ് കോപ്പികളും വിവർത്തനങ്ങളും വിതരണം ചെയ്യുന്നത്. കൊറോണ വ്യാപനം തടയുന്ന ആരോഗ്യ നടപടികൾ പാലിച്ച് വിദേശങ്ങളിലേക്ക് മുസ്ഹഫ് കോപ്പികൾ ഇസ്‌ലാമികകാര്യ മന്ത്രാലയം അയക്കാൻ തുടങ്ങിയിട്ടുണ്ട്. 


ഭരണാധികാരികളുടെ ശക്തമായ പിന്തുണയിലൂടെ കിംഗ് ഫഹദ് മുസ്ഹഫ് പ്രിന്റിംഗ് കോംപ്ലക്‌സ് വലിയ നേട്ടങ്ങൾ കൈവരിച്ചതായി ഇസ്‌ലാമികകാര്യ മന്ത്രിയും കിംഗ് ഫഹദ് മുസ്ഹഫ് പ്രിന്റിംഗ് കോംപ്ലക്‌സ് സൂപ്പർവൈസർ ജനറലുമായ ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് പറഞ്ഞു. മുസ്ഹഫുകളുടെയും ഖുർആൻ വിവർത്തനങ്ങളുടെയും അച്ചടി ഇരട്ടിയായി കോംപ്ലക്‌സ് ഉയർത്തിയിട്ടുണ്ട്. കൊറോണ മഹാമാരിക്കിടെയും ഈ വർഷം (ഹിജ്‌റ 1442) 18.5 ദശശലക്ഷത്തിലേറെ മുസ്ഹഫ് കോപ്പികളും വ്യത്യസ്ത ഭാഷകളിലുള്ള ഖുർആൻ വിവർത്തനങ്ങളും കിംഗ് ഫഹദ് മുസ്ഹഫ് പ്രിന്റിംഗ് കോംപ്ലക്‌സിൽ അച്ചടിച്ചിട്ടുണ്ടെന്നും ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് പറഞ്ഞു. 

Tags

Latest News