കോഴിക്കോട് - വോട്ടെണ്ണും മുമ്പെ യു.ഡി.എഫ് തോൽവി ഏറ്റുവാങ്ങിയ മണ്ഡലമാണ് എലത്തൂർ. മൂന്നാം തവണയും ഇവിടെ ജനവിധി തേടുന്ന എൻ.സി.പി നേതാവ് എ.കെ. ശശീന്ദ്രനോട് ഒന്നു പ്രതിഷേധിക്കാനുള്ള അവസരം പോലും നഷ്ടപ്പെടുത്തിക്കളഞ്ഞു യു.ഡി.എഫ്. എന്തിനായിരുന്നു, മാണി സി കാപ്പന്റെ പാർട്ടിയിലെ ആരാലും അറിയാത്ത സുൽഫിക്കർ മയൂരിയെ എലത്തൂരിൽ തന്നെ മത്സരിപ്പിച്ചത് എന്ന് വഴിയെ തെളിയുമായിരിക്കും.
ഇടതുപക്ഷത്തിന് നല്ല സ്വാധീനമുള്ള മണ്ഡലമാണ്. എത്ര വലിയ സ്ഥാനാർഥിയായാലും ഇവിടെ ഇടതുപക്ഷത്തെ തോൽപിക്കുക എളുപ്പമല്ല എന്നതെല്ലാം ശരിയാവുമ്പോൾ തന്നെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 105 വോട്ടിന് യു.ഡി.എഫ് മുന്നിലായിരുന്നുവെന്നത് കാണണം. അതും എ. പ്രദീപ് കുമാറെന്ന പ്രശസ്തനായ സ്ഥാനാർഥി ഇടതുപക്ഷത്തിന് ഉണ്ടായിട്ടു കൂടി.
മാണി സി. കാപ്പന് എൻ.സി.പിയിൽ നിന്ന് പുറത്തു കടക്കേണ്ട സാഹചര്യം സൃഷ്ടിക്കുന്നതിൽ വലിയ പങ്കു വഹിച്ച എ.കെ. ശശീന്ദ്രനെ ഇത്ര നിഷ്പ്രയാസം ജയിപ്പിച്ചു വിടണമെന്ന് കാപ്പൻ ആഗ്രഹിക്കുന്നുണ്ടാവുമോ? കായംകുളത്തുനിന്ന് കോഴിക്കോട്ട് വന്നു മത്സരിക്കുന്ന ഒരാൾക്ക് ജയിക്കാവുന്ന മണ്ഡലമല്ല എലത്തൂരെന്ന് ഇവിടെ വന്ന ശേഷമെങ്കിലും സുൽഫിക്കർ മയൂരിക്ക് ബോധ്യമായിരിക്കില്ലേ? ഇക്കാര്യം മണ്ഡലത്തിലെയും ജില്ലയിലെയും യു.ഡി.എഫ് നേതാക്കൾ ബന്ധപ്പെട്ടവരെ അറിയിക്കാതിരിക്കുമോ?
എലത്തൂർ മറ്റൊരു നേമം ആയി മാറും എന്ന് പറഞ്ഞത് സ്ഥലം എം.പി.യായ എം.കെ. രാഘവനാണ്. നേമത്ത് സംഭവിച്ചത് അതുവരെ ഇടതുമുന്നണിയുടെ ഭാഗമായിരുന്ന സുരേന്ദ്രൻ പിള്ള വന്ന് ജനതാദൾ വഴി ഇടതു സ്ഥാനാർഥിയായതിന്റെ കെടുതിയാണ്. നേമത്ത് പക്ഷേ സ്ഥാനാർഥിത്വത്തിലെ പിഴവ് ബി.ജെ.പിയുടെ വിജയത്തിൽ കലാശിച്ചുവെങ്കിൽ ഇവിടെ ബി.ജെ.പി വിജയിക്കില്ല. യു.ഡി.എഫ് മൂന്നാം സ്ഥാനത്തായാൽ അത്ഭുതപ്പെടുകയും വേണ്ട.
എ.കെ. ശശീന്ദ്രനെ വെട്ടാൻ സ്വന്തം പാർട്ടിയിലും മുന്നണിയിലും ആളുകൾ തക്കം പാർത്തു കഴിയുമ്പോഴാണ് എല്ലാം അദ്ദേഹത്തിന്റെ വഴിക്ക് വന്നത്. പാലാ സീറ്റിന് വേണ്ടി മുന്നണിയിൽ കലഹം വന്നപ്പോൾ മുഖ്യമന്ത്രിയുടെ താൽപര്യത്തിനനുസരിച്ച് നീങ്ങിയ ശശീന്ദ്രൻ സ്വന്തം പാർട്ടിയിൽ അപ്രിയനായെങ്കിലും സി.പി.എമ്മിന്റെ സ്‌നേഹത്തിന് പാത്രമായി. അതോടെ എലത്തൂർ എന്ന ജില്ലയിലെ സി.പി.എമ്മിന്റെ ശക്തി കേന്ദ്രത്തിൽ വീണ്ടും സ്ഥാനാർഥിയാവാൻ ശശീന്ദ്രന് കഴിഞ്ഞു.
ചേളന്നൂർ, കക്കോടി, കാക്കൂർ, കുരുവട്ടൂർ, നന്മണ്ട, തലക്കുളത്തൂർ എന്നീ പഞ്ചായത്തുകളും കോഴിക്കോട് കോർപറേഷനിലെ ആറു വാർഡുകളും ഉൾപ്പെട്ടതാണ് എലത്തൂർ മണ്ഡലം. ഇതിൽ ചേളന്നൂർ ഒഴികെ എല്ലാ പഞ്ചായത്തുകളും ഭരിക്കുന്നത് ഇടതുപക്ഷമാണ്. കോർപറേഷനിലെ ആറിൽ അഞ്ചു വാർഡുകളും ഇടതിന്റെ വശമാണ്. ഇതിൽ കാക്കൂർ യു.ഡി.എഫിന് നഷ്ടമായത് ഒരു വാർഡിന്റെ ഭൂരിപക്ഷത്തിനാണ്. മറ്റു പഞ്ചായത്തുകളിൽ ഇടത് സ്വാധീനം ശക്തം.
കോഴിക്കോട് ജില്ലയിൽ യു.ഡി.എഫിലെ സീറ്റ് വിഭജനം താരതമ്യേന പ്രശ്‌നരഹിതമായിരുന്നു. എൽ.ഡി.എഫിൽ കുറ്റിയാടി മണ്ഡലം കേരള കോൺഗ്രസിന് നൽകിയതിനെച്ചൊല്ലി സി.പി.എമ്മുകാർ പ്രകടനം നടത്തുകയും തീരുമാനം തിരുത്തിക്കുകയും ചെയ്തപ്പോഴാണ് യു.ഡി.എഫിൽ എല്ലാം സുഗമമായത്. അതിന് കല്ലുകടിയായി എലത്തൂർ. അവസാന നിമിഷമെങ്കിലും സ്ഥാനാർഥിയെ മാറ്റുമെന്ന് യു.ഡി.എഫിൽ പ്രതീക്ഷയുണ്ടായിരുന്നു. എന്നിട്ടും വിമത സ്ഥാനാർഥികളെ പിൻവലിപ്പിക്കാൻ യു.ഡി.എഫിന് കഴിഞ്ഞത് ജയസാധ്യത തീരെയില്ലെന്നതുകൊണ്ടു തന്നെയാണ്.
യു.ഡി.എഫ് സ്ഥാനാർഥി നിർണയത്തിലെ അപാകം ബി.ജെ.പിയെ ഒരു പരിധി വരെ സഹായിക്കുമെന്നതിൽ തർക്കമില്ല. ജില്ലയിൽ ഏറ്റവും കൂടുതൽ വോട്ട് ലഭിക്കുന്ന ബി.ജെ.പി സ്ഥാനാർഥി ടി.പി.ജയചന്ദ്രനാകും.