സര്‍ക്കാര്‍ സഹായത്തോടെയുള്ള പാര്‍പ്പിട വായ്പാ പദ്ധതി 2132 കോടി റിയാല്‍
ഉയര്‍ന്ന കാര്യക്ഷമതയുള്ള എയര്‍ കണ്ടീഷനറുകള്‍ക്ക് സഹായം 40 കോടി
സ്വകാര്യ സംരംഭങ്ങള്‍ക്ക് പ്രത്യേക ഫണ്ട് 1000 കോടി റിയാല്‍
പ്രതിസന്ധിയിലുള്ള സ്വകാര്യ കമ്പനികള്‍ക്ക് സഹായം 150 കോടി
കയറ്റുമതി പ്രോത്സാഹനത്തിന് 6.6 കോടി
കയറ്റുമതിക്ക് വായ്പ 500 കോടി
ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ക്ക് എളുപ്പത്തില്‍ വായ്പകള്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ള കഫാല പ്രോഗ്രാമിന്റെ മൂലധനം ഉയര്‍ത്തുന്നതിന് 80 കോടി
ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ക്ക് പരോക്ഷ വായ്പകള്‍ നല്‍കുന്നതിന് 160 കോടി
ചെറുകിട, ഇടത്തരം സ്ഥാപനങ്ങളിലെ നിക്ഷേപത്തിന് 280 കോടി
പുതുതായി സ്ഥാപിക്കുന്ന ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ ഗവണ്‍മെന്റ് ഫീസ് ഇനത്തില്‍ അടയ്ക്കുന്ന തുക തിരികെ നല്‍കുന്നതിന് 700 കോടി
വന്‍കിട നിക്ഷേപ പദ്ധതികള്‍ക്ക് 500 കോടി
ബ്രോഡ്ബാന്റ്, ഫൈബര്‍ ഒപ്റ്റിക് സേവനങ്ങള്‍ വ്യാപകമാക്കുന്നതിന് 256 കോടി
നിര്‍മാണ സാങ്കേതികവിദ്യ പ്രോത്സാഹിപ്പിക്കുന്നതിന് 1387 കോടി വിഷന്‍ പ്ലാറ്റ്‌ഫോം രണ്ടു കോടി
ശില്‍പശാലാ പദ്ധതി 80 കോടി
പാര്‍പ്പിട പദ്ധതികള്‍ വേഗത്തിലാക്കുന്നതിന് 2100 കോടി
സ്വകാര്യ മേഖലക്ക് വായ്പകള്‍ നല്‍കുന്നതിന് 1700 കോടി
കാര്യക്ഷമതയും സാങ്കേതിക മികവും ഉയര്‍ത്തുന്നതിന് 1700 കോടി ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ക്ക് പ്രോത്സാഹനമായി 1200 കോടി
റിയാദ് - സ്വകാര്യ മേഖലയെ പുരോഗതിയിലേക്ക് നയിക്കുന്നതിനുള്ള പദ്ധതിക്ക് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് അംഗീകാരം നല്‍കി. പദ്ധതി നടപ്പാക്കുന്നതിന് 7200 കോടി റിയാല്‍ നീക്കിവെച്ചു. കിരീടാവകാശിയും സാമ്പത്തിക, വികസന സമിതി അധ്യക്ഷനുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ സമര്‍പ്പിച്ച ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
സാമ്പത്തിക പരിഷ്‌കരണങ്ങളുടെ പശ്ചാത്തലത്തില്‍ സ്വകാര്യ മേഖലക്ക് കരുത്തു പകരുന്നതിന് ലക്ഷ്യമിട്ട് പതിനാറു പദ്ധതികള്‍ നടപ്പാക്കും. ഈ പദ്ധതികള്‍ക്ക് മൊത്തത്തിലാണ് 7200 കോടി റിയാല്‍ നീക്കിവെച്ചിരിക്കുന്നത്.
ദേശീയ സമ്പദ്‌വ്യവസ്ഥയുടെ മത്സര ശേഷി ഉയര്‍ത്തുന്നതിനും ഉല്‍പന്നങ്ങള്‍ നവീകരിക്കുന്നതിനും ബിസിനസ്, നിക്ഷേപ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ദേശീയ സമ്പദ്‌വ്യവസ്ഥയില്‍ സ്വകാര്യ മേഖലയുടെ പങ്ക് ശക്തിപ്പെടുത്തുന്നതിനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
പുതുതായി സ്ഥാപിക്കുന്ന ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുടെ മേലുള്ള സാമ്പത്തിക ഭാരം ലഘൂകരിക്കുന്നതിന് ലക്ഷ്യമിട്ടാണ് ഗവണ്‍മെന്റ് ഫീസുകള്‍ തിരികെ നല്‍കുന്ന പദ്ധതി ആസൂത്രണം ചെയ്തതെന്ന് വാണിജ്യ, നിക്ഷേപ മന്ത്രി ഡോ. മാജിദ് അല്‍ഖസബി പറഞ്ഞു. പതിനൊന്നിലേറെ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി ചെറുകിട, ഇടത്തരം കമ്പനികള്‍ക്ക് ഈ പദ്ധതി ഗുണം ചെയ്യും. 2018 മുതല്‍ 2021 വരെയുള്ള കാലത്ത് തെരഞ്ഞെടുക്കുന്ന സര്‍ക്കാര്‍ ഫീസുകളാണ് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് തിരിച്ചുനല്‍കുക. ഇതിന് ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ ജനുവരി ഒന്നു മുതല്‍ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുകയും ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കുകയും വേണം. നഗരസഭാ ലൈസന്‍സ് ഫീസ്, ട്രേഡ്മാര്‍ക്ക് രജിസ്‌ട്രേഷന്‍ ഫീസ്, കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷന്‍ ഫീസ്, സൗദി പോസ്റ്റ് രജിസ്‌ട്രേഷന്‍ ഫീസ്, വാണിജ്യ സ്ഥാപനങ്ങള്‍ക്കുള്ള ലൈസന്‍സ് ഫീസ് എന്നിവയും വിദേശ തൊഴിലാളികള്‍ക്ക് ലെവി ഇനത്തില്‍ അടക്കുന്ന തുകയുടെ 80 ശതമാനവുമാണ് പുതുതായി സ്ഥാപിക്കുന്ന ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ക്ക് നിശ്ചിത കാലം തിരിച്ചുനല്‍കുകയെന്ന് മന്ത്രി പറഞ്ഞു.
വികസനത്തിലെ പ്രധാന പങ്കാളിയെന്നോണം സ്വകാര്യ മേഖലക്കുള്ള പങ്കിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടാണ് ഉത്തേജന പദ്ധതി നടപ്പാക്കുന്നതെന്ന് വാണിജ്യ, നിക്ഷേപ മന്ത്രി ഡോ. മാജിദ് അല്‍ഖസബി പറഞ്ഞു. നാലു വര്‍ഷത്തിനുള്ളില്‍ ആകെ 20,000 കോടി റിയാല്‍ ഉത്തേജന പദ്ധതിക്ക് വിനിയോഗിക്കും. ഉത്തേജന പദ്ധതി സ്വകാര്യ മേഖലക്കു മുന്നില്‍ പുതിയ അവസരങ്ങള്‍ തുറക്കുകയും സൗദി യുവതീയുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.






