ബുലന്ദ്ഷഹര്‍- വീട്ടിലെത്തിയ പരിചയക്കാരന് നല്കിയ ഭക്ഷണം കഴിച്ചപ്പോള്‍ മയങ്ങിയെന്നും തുടര്‍ന്ന് ബലാത്സംഗത്തിനിരയായെന്നും യുവതിയുടെ പരാതി. കേസ് ഫയല്‍ ചെയ്ത് അന്വേഷണം ആരംഭിച്ചെങ്കിലും യഥാര്‍ഥത്തില്‍ സംഭവിച്ചതാണോയെന്ന് പോലീസിന് സംശയം നീങ്ങിയിട്ടില്ല.
അന്വേഷണത്തിലൂടെ മാത്രമേ യഥാര്‍ഥ വസ്തുത പുറത്തുവരികയുള്ളൂവെന്നും തുടര്‍ന്ന് നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ ജില്ലയിലാണ് സംഭവം.
നേരത്തെ പരിചയമുള്ള ദിഗ് വിജയ സിംഗ് എന്നയാള്‍ വീട്ടിലെത്തി ഭക്ഷണം നല്‍കിയെന്നും അതു കഴിച്ചതോടെ മയക്കത്തിലായെന്നും ബലാത്സംഗം ചെയ്ത ശേഷം മൊബൈലില്‍ പകര്‍ത്തിയെന്നും യുവതി പരാതിയില്‍ പറഞ്ഞു. വീഡിയോ ഓണ്‍ലൈനില്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നും പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പറയുന്നു.
പരാതി ഫയലില്‍ സ്വീകരിച്ചതായി സിറ്റി കോട് വാലി എസ്.എച്ച്.ഒ അഖിലേഷ് ത്രിപാഠി പറഞ്ഞു.






