Sorry, you need to enable JavaScript to visit this website.

സംഭാവന നല്‍കുമ്പോള്‍ ശ്രദ്ധിക്കുക, ചിലപ്പോള്‍ പിടിവീഴും

റിയാദ് - വിദേശ രാജ്യങ്ങളില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി സംഭാവനകള്‍ സ്വീകരിക്കാന്‍ കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയിഡ് ആന്റ് റിലീഫ് സെന്ററിനു മാത്രമാണ് അനുമതിയുള്ളതെന്ന് സെന്റര്‍ പ്രസ്താവനയില്‍ പറഞ്ഞു. ചില രാജ്യങ്ങളില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി സംഭാവനകള്‍ ശേഖരിക്കാന്‍ ചില സംഘടനകളും ഏജന്‍സികളും ശ്രമിക്കുന്നത് നിയമലംഘനമാണ്. സര്‍ക്കാര്‍, സ്വകാര്യ ഏജന്‍സികളില്‍ നിന്നും വകുപ്പുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും സംഭാവനകള്‍ സ്വീകരിച്ച് വിദേശങ്ങളില്‍ അര്‍ഹരായവര്‍ക്ക് എത്തിക്കാന്‍ അനുമതിയുള്ള ഏക ഏജന്‍സി കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയിഡ് ആന്റ് റിലീഫ് സെന്റര്‍ മാത്രമാണ്.
വിദേശങ്ങളില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കെന്ന പേരില്‍ സംഭാവനകള്‍ തേടി മാധ്യമങ്ങളിലും സാമൂഹികമാധ്യമങ്ങളിലും പ്രചരിക്കുന്ന വീഡിയോ ക്ലിപ്പിംഗുകളോടും റിപ്പോര്‍ട്ടുകളോടും ആരും പ്രതികരിക്കരുത്. ഇത്തരം സംഭാവനകള്‍ നല്‍കുന്നത് പണം വെളുപ്പിക്കല്‍, ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കല്‍ പോലെ സംശയകരമായ സാമ്പത്തിക ഇടപാടുകളില്‍ കുടുങ്ങാന്‍ ഇടയാക്കിയേക്കും. കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയിഡ് ആന്റ് റിലീഫ് സെന്റര്‍ വഴി മാത്രമേ സംഭാവനകള്‍ നല്‍കാന്‍ പാടുള്ളൂ.
സംഭാവനകള്‍ നല്‍കാന്‍ കിംഗ് സല്‍മാന്‍ സെന്റര്‍ പോര്‍ട്ടല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 5565 എന്ന നമ്പറില്‍ എസ്.എം.എസ്സുകള്‍ വഴിയും ഇഹ്‌സാന്‍ പോര്‍ട്ടല്‍ വഴിയും സംഭാവനകള്‍ ചെയ്യാന്‍ കഴിയും. ഇതിനു പുറമെ, രാജ്യത്തെ ബാങ്കുകളില്‍ സെന്ററിന്റെ പേരിലുള്ള അക്കൗണ്ടുകള്‍ വഴിയും വിദേശങ്ങളിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവനകള്‍ ചെയ്യാന്‍ സാധിക്കുമെന്ന് കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയിഡ് ആന്റ് റിലീഫ് സെന്റര്‍ പറഞ്ഞു.
പ്രാദേശികമായും അന്തര്‍ദേശീയമായും പിന്തുടരുന്ന ഉയര്‍ന്ന പ്രൊഫഷനല്‍ മാനദണ്ഡങ്ങള്‍ക്കും സാമ്പത്തിക സുതാര്യതക്കും അനുസൃതമായി വിദേശങ്ങളില്‍ അര്‍ഹരായവര്‍ക്ക് സഹായം എത്തിക്കാന്‍ കിംഗ് സല്‍മാന്‍ സെന്റര്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. ഉദാരമതികളില്‍ നിന്ന് ലഭിക്കുന്ന സംഭാവനകളില്‍ നിന്ന് ഭരണപരമായ ചെലവുകളൊന്നും സെന്റര്‍ പിടിക്കുന്നില്ല. നിലവില്‍ കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയിഡ് ആന്റ് റിലീഫ് സെന്റര്‍ 59 രാജ്യങ്ങളില്‍ ജീവകാരുണ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പ്രസ്താവന പറഞ്ഞു.

 

 

Latest News