Sorry, you need to enable JavaScript to visit this website.

ഫാസിസത്തിലേക്ക് വഴി തുറക്കുന്ന അരാഷ്ട്രീയം 


കേരളീയ സമൂഹം അടിമുടി അരാഷ്ട്രീയമാകുകയാണെന്ന അഭിപ്രായത്തെ കൂടുതൽ കൂടുതൽ അടിവരയിടുന്ന സംഭവങ്ങളാണ് അനുദിനം നടക്കുന്നത്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകാലം തന്നെ അതിന്റെ മകുടോദാഹരണമായിരുന്നു. രാജ്യവും സംസ്ഥാനവും നേരിടുന്ന അതിഗുരുതരമായ വിഷയങ്ങളായിരുന്നില്ല തെരഞ്ഞെടുപ്പു പ്രചാരണങ്ങളിൽ പ്രധാന ചർച്ചയായത്. തെരഞ്ഞെടുപ്പിനു ശേഷവും അതു തന്നെയാണവസ്ഥ. മാത്രമല്ല വളരെ മോശമായ സംഭവങ്ങളാണ് അരങ്ങേറുന്നത്.
നമ്മുടെ ജനാധിപത്യ സംവിധാനം തന്നെ അതിരൂക്ഷമായ വെല്ലുവിൡൾ നേരിടുമ്പോൾ നടന്ന തെരഞ്ഞെടുപ്പിൽ സ്വാഭാവികമായും ചർച്ച ചെയ്യേണ്ട പ്രധാന വിഷയം അതു തന്നെയാകണമായിരുന്നു. രാജ്യത്തെ ജനാധിപത്യവും മതേതരത്വവും സാമൂഹ്യ നീതിയും ഫെഡറലിസവുമൊക്കെ വെല്ലുവിളി നേരിടുന്നത് കേന്ദ്ര ഭരണകൂടത്തിൽ നിന്നും അതിനു നേതൃത്വം നൽകുന്ന സംഘപരിവാറിൽ നിന്നുമാണ്. സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട ജനാധിപത്യ പ്രക്രിയയിൽ ഈ വിഷയം സജീവമായ ചർച്ചാവിഷയമായോ എന്നു പരിശോധിച്ചാൽ ഇല്ല എന്നായിരിക്കും ഉത്തരം. എന്തൊക്കെ വെല്ലുവിളികളുണ്ടെങ്കിലും ജനാധിപത്യ സംവിധാനത്തിനു താങ്ങായി നിലനിൽക്കുമെന്നു നാം കരുതിയിരിക്കുന്ന തെരഞ്ഞെടപ്പു കമ്മീഷനേയും കോടതികളേയും മാധ്യമങ്ങളേയുമടക്കം തങ്ങളുടെ നിയന്ത്രണത്തിൽ കൊണ്ടുവരാൻ കേന്ദ്ര ഭരണകൂടം ഏറെക്കുറെ വിജയിച്ചിരിക്കുന്നു.

ഗവർണമാരുടെ ഒത്താശയോടെയും പണം വാരിയെറിഞ്ഞും  തികച്ചും ജനാധിപത്യ വിരുദ്ധമായി സംസ്ഥാന സർക്കാരുകളെ അട്ടിമറിക്കുന്നു. ജനാധിപത്യപരമായി പ്രതികരിക്കുന്നവരെ തീവ്രവാദികളെന്നും മാവോയിസ്റ്റുകളെന്നും മുദ്രയടിച്ച് ഭീകര നിയമങ്ങൾ ചുമത്തി തുറുങ്കിലടക്കുന്നു. ചരിത്രം തങ്ങളുടെ താൽപര്യങ്ങൾക്കനുസരിച്ച് മാറ്റിയെഴുതുന്നു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ചരിത്ര സ്ഥാപനങ്ങളും കൈപ്പിടിയിലാക്കുന്നു. സിലബസുകൾ മാറ്റിയെഴുതുന്നു.

രാജ്യമെങ്ങും ഇസ്‌ലാമോഫോബിയ പ്രചരിപ്പിക്കുന്നു. ബീഫിന്റെയും ശ്രീറാം വിളയുടെയും പേരിൽ നടത്തിയിരുന്ന വംശീയ കൊലകൾ ലൗ ജിഹാദിന്റെ പേരിലും ആരംഭിക്കാൻ ശ്രമിക്കുന്നു. പ്രണയം പോലും കുറ്റകരമാകുന്നു. സംവരണത്തെ അട്ടിമറിക്കുന്നു. ഒരൊറ്റ ഇന്ത്യ, ഒറ്റ ഭാഷ, ഒറ്റ നികുതി, ഒറ്റ തെരഞ്ഞെടുപ്പ്, ഒറ്റ വിപണി എന്നിങ്ങനെ ഫെഡറലിസത്തെ അട്ടിമറിക്കുന്ന മുദ്രാവാക്യങ്ങൾ പ്രത്യക്ഷപ്പെടുന്നു. നാളെയത് ഒറ്റ മതം, ഒറ്റ സംസ്‌കാരം, ഒറ്റ ഭക്ഷണം എന്നിങ്ങനെ മാറുമെന്നുറപ്പ്. ഹിന്ദത്വ രാഷ്ട്രം എന്ന ലക്ഷ്യത്തിലേക്കാണ് സംഘപരിവാർ രാജ്യത്തെ നയിക്കുന്നത് എന്നു വ്യക്തം. ആ രാജ്യമാകട്ടെ അംബാനി - അദാനിമാർക്കുള്ള ഒറ്റ വിപണിയായരിക്കുമെന്നും ഉറപ്പ്.


ഇന്ത്യയിലെ ഒരു സംസ്ഥാനം  എന്ന രീതിയിൽ ഈ വിഷയങ്ങളെല്ലാം കേരളത്തിനും ബാധകമാണ്. അതിനാൽ തന്നെ ഈ രാഷ്ട്രീയ പ്രശ്‌നങ്ങളായിരിക്കും തെരഞ്ഞെടുപ്പു പ്രചാരണ വേളകളിൽ സജീവമായി ഉന്നയിക്കപ്പെടുക എന്നു കരുതിയവർക്ക് തെറ്റുകയായിരുന്നു. പൊതുവിൽ സംഘപരിവാറിനെ എതിർക്കുന്നു എന്ന അവകാശവാദങ്ങൾ ഇരുമുന്നണികളും നടത്തിയിരുന്നു എന്നത് ശരിയാണ്. അതോടൊപ്പം അവരുമായി രഹസ്യ ധാരണ എന്നും പരസ്പരം ആരോപിക്കുകയായിരുന്നു. മറിച്ച് അവരുന്നയിക്കുന്ന വിഷയങ്ങൾക്ക് രാഷ്ട്രീയമായി മറുപടി പറയുന്നത് വിരളമായിരുന്നു.

പല വിഷയങ്ങളിലും സംഘപരിവാറിന്റെ നിലപാടു തന്നെയാണ് ഇരുമുന്നണികളുടേതും എന്നതും ശ്രദ്ധേയമാണ്. ഭരണഘടനാ മൂല്യങ്ങളെ അട്ടിമറിക്കുന്ന സവർണ സംവരണം തന്നെ ഉദാഹരണം. അതിന്റെ ക്രെഡിറ്റ് തങ്ങൾക്കാണെന്ന് സിപിഎം വാദിക്കുമ്പോൾ മറിച്ചൊരു നിലപാട് കോൺഗ്രസിനുമില്ല. ഇസ്‌ലാമോഫോബിയയുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. അക്കാര്യത്തിൽ പലപ്പോഴും സിപിഎം മുൻനിരയിലാണ്. ലീഗിനെ പോലും തീവ്രവാദികളായി ചിത്രീകരിച്ച പ്രചാരണത്തിനു കേരളം സാക്ഷ്യം വഹിച്ചല്ലോ. ഇപ്പോഴിതാ എൻ.ഐ.എയും സുപ്രീം കോടതിയും അന്വേഷണത്തിനു ശേഷം തള്ളിക്കളഞ്ഞ ലൗ ജിഹാദ് വിഷയം സംഘപരിവാറിനൊപ്പം മറ്റു ചില സമുദായങ്ങളും ഏറ്റടുക്കുമ്പോൾ ഫലപ്രദമായി പ്രതിരോധിക്കാൻ ഇരുമുന്നണികളും തയാറാകുന്നുണ്ടോ? ഭീകര നിയമങ്ങളുടെ ഉപയോഗത്തിലും കേരളം പിന്നിലല്ല. 


വ്യാജ ഏറ്റുമുട്ടൽ കൊലകളിലും പോലീസ് അതിക്രമങ്ങളിലും രാജ്യത്തു തന്നെ മുന്നിലും. അക്കാര്യത്തിൽ ഒരു ആത്മപരിശോധനക്ക് എൽഡിഎഫോ ശക്തമായ പ്രതിരോധത്തിന് യുഡിഎഫോ തയാറായില്ല. ശബരിമലയുടെ പേരിൽ ലിംഗനീതിക്കെതിരെ ഇരുമുന്നണികളും രംഗത്തു വന്നപ്പോൾ അക്കാര്യം ചർച്ച ചെയ്യാനില്ലെന്നാണ് എൽഡിഎഫ് പറഞ്ഞത്. കേന്ദ്രം കേരളത്തോട് കാണിക്കുന്ന അനീതികൾക്കെതിരായ യോജിച്ച  പ്രതിരോധനിര വളർത്തിയെടുക്കാനും ഇരുകൂട്ടർക്കും താൽപര്യമില്ല. മറിച്ച് ദുരിത വേളകളിൽ ഏതൊരു സർക്കാരും ചെയ്യാൻ ബാധ്യസ്ഥമായ ക്ഷേമനടപടികളെ കേന്ദ്രീകരിച്ചായിരുന്നു കേരളത്തിൽ തെരഞ്ഞെടുപ്പു പ്രചാരണം നടന്നത്. ഒപ്പം യാതൊരു യാഥാർത്ഥ്യ ബോധവുമില്ലാത്ത രീതിയിൽ പരസ്പരം മത്സരിച്ചുള്ള വാഗ്ദാനങ്ങളും.


രാജ്യത്തെ ജനാധിപത്യ സംവിധാനം വെല്ലുവിളികൾ നേരിടുമ്പോൾ അതിനെ സംരക്ഷിക്കാനും ഗുണപരമായി വികസിപ്പിക്കാനുള്ള യാതൊരു നീക്കവും കേരളത്തിലെ രാഷ്ട്രീയ രംഗത്തു നിന്നുണ്ടാകുന്നില്ല എന്നതാണ് വസ്തുത. മറിച്ച് ജനാധിപത്യത്തെ ജീർണിപ്പിക്കാനും അരാഷ്ട്രീയവാദം ശക്തിപ്പെടുത്താനുമുള്ള നീക്കങ്ങളാണ് ബോധപൂർവമോ അബോധപൂർവമോ ആയി നടക്കുന്നത്. തെരഞ്ഞെടുപ്പു വിജയങ്ങളുടേയും പരാജയങ്ങളുടേയും കാരണം സാമുദായിമായി മാറുന്ന അവസ്ഥയിലേക്ക് കേരളവും എത്തിയിരിക്കുന്നു. അതിനനുസരിച്ചാണ് പ്രമുഖ പാർട്ടികൾ പോലും തന്ത്രങ്ങൾ മെനയുന്നത്. മാത്രമല്ല, ജനാധിപത്യ സംവിധാനത്തിന് വെല്ലുവിളിയായ അഴിമതിയുടേയും സ്വജന പക്ഷപാതത്തിന്റേയും വാർത്തകളാണ് മാസങ്ങളായി കേരളം കേൾക്കുന്നത്. എന്നാലതിനെ തികച്ചും കക്ഷിരാഷ്ട്രീയമായാണ് ഉന്നത നേതാക്കൾ പോലും വ്യാഖ്യാനിക്കുന്നത്. ലൈഫ് അഴിമതി പറഞ്ഞാൽ മറുപടിയായി പാലാരിവട്ടം കൊണ്ടുവരും. തിരിച്ചും. രണ്ടും അഴിമതിയാണെന്നും അഴിമതിയെന്നത് ജനാധിപത്യത്തിനു വെല്ലുവിളിയണെന്നുമാണ് തിരിച്ചറിയേണ്ടത്. തെരഞ്ഞെടുപ്പിനു ശേഷവും കാണുന്നത് മറ്റൊന്നല്ല. ജലീലിനു മറുപടി കെ.എം. ഷാജിയും ഷാജിക്കു മറുപടി ജലീലും. ഈ അമിതമായ കക്ഷിരാഷ്ട്രീയവും കേരളത്തിലെ ജനാധിപത്യ സംവിധാനത്തിനു വെല്ലുവിളിയായിരിക്കുന്നു. ഏതൊരു വിഷയത്തേയും കക്ഷിരാഷ്ട്രീയ താൽപര്യത്തിനനുസരിച്ചും നേതാക്കൾ പറയുന്നതിനനുസരിച്ചും വ്യാഖ്യാനിക്കുന്നവരായി നമ്മുടെ രാഷ്ട്രീയ പ്രവർത്തകർ മാറിക്കഴിഞ്ഞിരിക്കുന്നു.

 

അതാകട്ടെ സമീപകാലത്ത് വീരാരാധനയുടേയും ഭക്തിയുടേയും രൂപം കൈവരിച്ചിരിക്കുന്നു. മറുവശത്ത് അതിന്റെ തന്നെ പ്രതിഫലനമായി രാഷ്ട്രീയ കുടിപ്പകയും കൊലപാതകങ്ങളും വർധിക്കുന്നു. തെരഞ്ഞെടുപ്പിനു ശേഷം വിരലിലെണ്ണാവുന്ന ദിവസങ്ങൾക്കുള്ളിൽ രണ്ട് അരുംകൊലകൾ നടന്നു കഴിഞ്ഞു. അവയെ പോലും ന്യായീകരിക്കുന്നവരുടെ നാടായി കേരളം മാറിയിരിക്കുന്നു. എന്നിട്ടും രാഷ്ട്രീയ പ്രബുദ്ധരെന്ന് നാം അഹങ്കരിക്കുന്നു എന്നതാണ് കൗതുകകരം. തുടക്കത്തിൽ പറഞ്ഞ പോലെ അടിമുടി നാം അരാഷ്ട്രീയവൽക്കരിക്കപ്പെടുകയാണ്. പ്രത്യേകിച്ച് യുവതലമുറ. ഈ നാടകങ്ങൾ നിരന്തരമായി കാണുന്ന അവർ അങ്ങനെയാകാതിരുന്നാലല്ലേ അത്ഭുതമുള്ളൂ. പക്ഷേ ഈ അരാഷ്ട്രീയവൽക്കരണം ഫാസിസത്തിനുള്ള തുറന്ന വാതിലായിരിക്കും എന്ന വസ്തുതയാണ് നാം വിസ്മരിക്കുന്നത്. 

Latest News