Sorry, you need to enable JavaScript to visit this website.

ജോണ്‍ ബ്രിട്ടാസും ഡോ.വി.ശിവദാസനും രാജ്യസഭയിലേക്ക് സി.പി.എം സ്ഥാനാർഥികള്‍

തിരുവനന്തപുരം- മാധ്യമപ്രവർത്തകൻ ജോൺ ബ്രിട്ടാസും സിപിഎം സംസ്ഥാനസമിതിയംഗമായ ഡോ. വി ശിവദാസനും രാജ്യസഭയിലേക്കുള്ള ഇടത് സ്ഥാനാർത്ഥികൾ. ഇരുവരുടെയും സ്ഥാനാർത്ഥിത്വത്തിന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകാരം നൽകി. ഈ മാസം 30നാണ് രാജ്യസഭാ തെരഞ്ഞെടുപ്പ്.

രാവിലെ ചേർന്ന അവൈലബിൾ പോളിറ്റ് ബ്യൂറോക്ക് ശേഷം ചേർന്ന സംസ്ഥാനസെക്രട്ടേറിയറ്റാണ് നിർദേശത്തിന് അന്തിമ അംഗീകാരം നൽകിയത്.  സംസ്ഥാനനേതൃത്വത്തിന്‍റെ താല്‍ പര്യമനുസരിച്ച് തീരുമാനമെടുക്കാൻ കേന്ദ്രകമ്മിറ്റി അനുമതി നൽകിയിരുന്നു. 

ദേശാഭിമാനിയുടെ ദല്‍ഹി ബ്യൂറോ ചീഫായിരുന്നു ജോൺ ബ്രിട്ടാസ് പിന്നീട് കൈരളി ടിവിയുടെ ചീഫ് എഡിറ്ററും തുടർന്ന് എംഡിയുമായി.

എസ്എഫ്ഐയുടെ ദേശീയമുഖമായിരുന്നു ഡോ. വി ശിവദാസൻ. എസ്എഫ്ഐയുടെ ദേശീയപ്രസിഡന്‍റായിരിക്കേ, പല ദേശീയ വിദ്യാർത്ഥിപ്രക്ഷോഭങ്ങളുടെയും നേതൃനിരയിലുണ്ടായിരുന്നു.  നിലവില്‍ സിപിഎം സംസ്ഥാനസമിതിയംഗമാണ്.

കേരളത്തിൽ നിന്നുള്ള മൂന്ന് രാജ്യസഭാംഗങ്ങളുടെ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രിൽ 20- ആണ് പത്രിക നൽകാനുള്ള അവസാന തീയതി. അംഗബലം അനുസരിച്ച് എൽഡിഎഫിന് രണ്ട് പേരെയും യുഡിഎഫിന് ഒരാളെയുമാണ് ജയിപ്പിക്കാനാകുക. മൂന്ന് ഒഴിവുകളിലേക്ക് മൂന്ന് പത്രിക മാത്രം ലഭിച്ചാൽ മത്സരം ഒഴിവാകും.

മുസ്ലിം ലീഗ് നേതാവ് അബ്ദുൽ വഹാബ് ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് നിയമസെക്രട്ടറിക്ക് മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പി കെ കുഞ്ഞാലിക്കുട്ടി, സാദിഖ് അലി ശിഹാബ് തങ്ങൾ എന്നിവർക്കൊപ്പമാണ് പത്രിക സമർപ്പിക്കാനെത്തിയത്. 

Latest News