പാര്‍ലമെന്റ് യോഗത്തില്‍ പൂര്‍ണ നഗ്നനായി എംപി; സൂമില്‍ പിണഞ്ഞ അമളിക്ക് മാപ്പുപറഞ്ഞു

ഒട്ടാവ- സൂമില്‍ വെര്‍ച്വലായി ചേര്‍ന്ന പാര്‍ലമെന്റ് യോഗത്തില്‍ പൂര്‍ണ നഗ്നനായി പ്രത്യക്ഷപ്പെട്ട് വാര്‍ത്തകളില്‍ നിറഞ്ഞ കനേഡിയന്‍ എംപി സഹപ്രവര്‍ത്തകരോട് മാപ്പു പറഞ്ഞു. ഹൗസ് ഓഫ് കോമണ്‍സ് യോഗത്തിനിടെ ലാപ്‌ടോപ്പിലെ കാമറ ഓണായപ്പോഴാണ് ലിബറല്‍ എംപിയായ വില്യം അമോസ് നഗ്നനായി പ്രത്യക്ഷപ്പെട്ടത്. അമളി തിരിച്ചറിഞ്ഞ അമോസ് മൊബൈല്‍ ഉപയോഗിച്ച് നാണം മറയ്ക്കാന്‍ ശ്രമിച്ചതും മറ്റുള്ളവര്‍ക്കിടയില്‍ ചിരിയും അമ്പരപ്പും പടര്‍ത്തി. സംഭവത്തില്‍ ആകെ നാണംകെട്ടെന്നും ശരിക്കും ദൗര്‍ഭാഗ്യകരമായ ഒരു പിഴവായിരുന്നെന്നും അമോസ് പിന്നീട് പറഞ്ഞു. ജോഗിങ് കഴിഞ്ഞെത്തിയ ശേഷം ഔദ്യോഗിക വേഷം മാറുന്നതിനിടെയാണ് അബദ്ധത്തില്‍ കാമറ ഓണ്‍ ആയതെന്നും ഇതില്‍ പാര്‍ലമെന്റിലെ സഹപ്രവര്‍ത്തകരോട് മാപ്പു ചോദിക്കുന്നുവെന്നും ഇതൊരിക്കലും ഇനി സംഭവിക്കില്ലെന്നും അമോസ് ട്വീറ്റിലൂടെ വ്യക്തമാക്കി. 

ക്യൂബെക്കില്‍ നിന്നുള്ള എംപിയായ അമോസ് പാര്‍ലമെന്റ് യോഗത്തില്‍ സംസാരിച്ചിട്ടില്ല. നഗ്നനായി പ്രത്യക്ഷപ്പെടുന്ന സമയം ചോദ്യോത്തര വേളയായിരുന്നു. ഈ സമയത്ത് നഗ്നനായി അദ്ദേഹം സംസാരിച്ചിരുന്നെങ്കില്‍ അത് പാര്‍ലമെന്റ് ചട്ടങ്ങളുടെ ലംഘനമാകുമായിരുന്നു. പുരുഷ അംഗങ്ങള്‍ക്ക് ജാക്കറ്റും ഷര്‍ട്ടും ടൈയും നിര്‍ബന്ധമാണ്.

നഗ്നനായി എംപി പ്രത്യക്ഷപ്പെട്ടത് പാര്‍ലമെന്റിന്റെ സ്വകാര്യ വെര്‍ച്വല്‍ സംവിധാനത്തിലായതിനാല്‍ സംഭവത്തെ കുറിച്ച് നാട്ടുകാര്‍ ആദ്യം അറിഞ്ഞിരുന്നില്ല. പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടി അംഗമാണ് അമോസ്. പ്രധാനമന്ത്രി ഇതുസംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.
 

Latest News