ചിക്കോഗോ- അമേരിക്കയില്‍ 13 വയസ്സായ കുട്ടിയെ പോലീസ് വെടിവെച്ചു കൊല്ലുന്നതിന്റെ ദൃശ്യം ചിക്കോഗോ ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടു. പോലീസ് ഓഫീസര്‍ എറിക് സ്റ്റില്‍മാന്റെ ബോഡി ക്യാമറയില്‍നിന്നുള്ള ഒമ്പത് മിനിറ്റ് വീഡിയോ ആണ് ലഭ്യമായത്. രണ്ടാഴ്ച മുമ്പാണ് കൈ ഉയര്‍ത്തി കീഴടങ്ങാന്‍ ഒരുങ്ങിയ 13 കാരനായ ആഡം ടോളെഡോയെ വെടിവെച്ചു കൊന്നത്.
മാര്‍ച്ച് 29 ന് പുലര്‍ച്ചെ രണ്ടരയോടെ നഗരത്തിന്റെ പടിഞ്ഞാറന്‍ ഭാഗത്ത് ലിറ്റില്‍ വില്ലേജിലാണ് സംഭവം. കാറില്‍നിന്ന് പുറത്തിറങ്ങിയ പോലീസുകാരന്‍ എറിക് സ്റ്റില്‍മാന്‍ കൈ ഉയര്‍ത്തിക്കാണിച്ച ആഡമിനുനേരെ ഒരു നിറയൊഴിച്ച ശേഷം വീണ്ടും ഓടിക്കുയായിരുന്നു. കുട്ടിയുടെ കൈയില്‍ തോക്ക് ഉണ്ടായിരുന്നില്ലെന്ന് കുടുംബാംഗങ്ങള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
വെടിവെച്ചുവെന്നും ഉടന്‍ ആംബുലന്‍സ് വേണമെന്നും പോലീസ് ഓഫീസര്‍ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം.
മരിച്ച കുട്ടിയുടെ കൈയില്‍ തോക്കുണ്ടായിരുന്നുവെന്ന് സംഭവത്തിനു പിന്നാലെ ചിക്കോഗോ പോലീസ് പറഞ്ഞിരുന്നു.
വംശീയതയും പോലീസിന്റെ അമിത ബലപ്രയോഗവും ചൂണ്ടിക്കാട്ടി പ്രതിഷേധം തുടരുന്ന അമേരിക്കയില്‍ പുതിയ വീഡിയോ ജനങ്ങളുടെ രോഷം വര്‍ധിപ്പിക്കുമെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.