കൊണ്ടോട്ടി - വിശപ്പിനൊരു കൈത്താങ്ങ് എന്ന സന്ദേശവുമായി യുവാക്കളുടെ കാൽനട യാത്ര മലപ്പുറം ജില്ലയിലെത്തി. കാസർകോട് സ്വദേശികളായ പരപ്പ റംഷാദ് (24), പാണത്തൂർ അശ്വിൻ പ്രസാദ് (20) എന്നിവരാണ് കാസർകോട് മുതൽ കന്യാകുമാരി വരെ കാൽനട യാത്ര നടത്തുന്നത്. റമദാൻ തുടങ്ങിയതോടെ റംഷാദ് നോമ്പെടുത്താണ് യാത്രയിൽ പങ്കാളിയാവുന്നത്. ഇരുവരും ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സ് കഴിഞ്ഞ വിദ്യാർഥികളാണ്. കഴിഞ്ഞ മാർച്ച് 26 നാണ് ഇരുവരും കാസർകോട് പുതിയ ബസ് സ്റ്റാന്റിൽ നിന്നും യാത്ര ആരംഭിച്ചത്. ദിവസവും 25 കിലോമീറ്റർ നടക്കും. യാത്രയിൽ സഹൃദയർ നൽകുന്ന ഭക്ഷണമാണ് ഇവരുടെ ആഹാരം. കിടത്തവും പ്രഭാത കൃത്യങ്ങളും യാത്രക്ക് വിരാമമിടുന്ന സ്ഥലത്തെ പെട്രോൾ പമ്പുകളിലാണ്. പെട്രോൾ പമ്പിൽ ഉടമകളുടെ അനുമതിയോടെ ടെന്റ് കെട്ടി താമസിക്കും. യാത്രക്കിടയിൽ ഭക്ഷണശാലകളിൽ നിന്നും സൗജന്യമായി ശേഖരിക്കുന്ന ഭക്ഷണങ്ങൾ തെരുവോരങ്ങളിൽ താമസിക്കുന്നവർക്കു നൽകും.
യാത്ര ലക്ഷ്യസ്ഥാനത്ത് എത്തുമ്പോൾ രണ്ടു മാസമാകുമെന്ന് ഇവർ പറയുന്നു. സീറോ ബാലൻസിൽ കേരളത്തെ കൂടുതൽ അടുത്തറിയുക എന്നതാണ് യാത്ര ഉദ്ദേശ്യമെന്നും ഇവർ പറഞ്ഞു. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് പിന്നിട്ട യാത്ര ഇന്നലെയാണ് ജില്ലയിലെ കൊണ്ടോട്ടിയിലെത്തിയത്.
ഇരുവരും ബൈക്കിൽ പല ദൂരയാത്ര ചെയ്തിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് കാൽനട യാത്ര നടത്തുന്നത്. ഇരുവരുടെയും രക്ഷിതാക്കളും യാത്രക്ക് പൂർണ പിന്തുണ നൽകുന്നു. കഴിഞ്ഞ ലോക്ഡൗൺ സമയത്തു ഇരുവരുടെയും ഹോട്ടൽ ജോലി നഷ്ടപ്പെട്ടിരുന്നു. ഹുസൈൻ-സുഹ്റ ദമ്പതികളുടെ മകനാണ് റംഷാദ്. പ്രസാദ്, പ്രസന്ന ദമ്പദികളുടെ മകനാണ് അശ്വിൻ പ്രസാദ്.