VIDEO ലഖ്‌നൗ ശ്മാശനത്തിലും മൃതദേഹങ്ങള്‍ നിറഞ്ഞു, ചിത്രം വൈറലായതോടെ സര്‍ക്കാര്‍ മറകെട്ടി

ലഖ്‌നൗ- രാത്രി വൈകിയും ചിത എരിഞ്ഞു തീരാത്ത വിധം മൃതദേഹങ്ങളുടെ പെരുപ്പം വ്യക്തമാക്കുന്ന ലഖ്‌നൗവിലെ ശ്മശാനത്തിന്റെ ചിത്രങ്ങളും വിഡിയോയും പ്രചരിച്ചതോടെ സര്‍ക്കാര്‍ ഇതു മെറ്റല്‍ ഷീറ്റുകള്‍ സ്ഥാപിച്ച് മറച്ചു. പ്രദേശം കോവിഡ് ബാധിത മേഖലയായി പ്രഖ്യാപിക്കുകയും അതിക്രമിച്ചു കയറിയാല്‍ കര്‍ശന നടപടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും നല്‍കി. കോവിഡ് മരണങ്ങളുടെ കണക്കിലെ ക്രമക്കേടുകളും ശ്മശാനത്തിലെത്തുന്ന മൃതദേഹങ്ങളുടെ കണക്കും പൊരുത്തമില്ലെന്ന ആക്ഷേപം ഉയര്‍ന്നതോടെയാണ് സര്‍ക്കാരിന്റെ നീക്കം. ബിജെപി ഭരിക്കുന്ന ഗുജറാത്തില്‍ നിന്നും മധ്യപ്രദേശില്‍ നിന്നും സമാന റിപോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് യുപി സര്‍ക്കാര്‍ ശ്മശാനത്തെ മെറ്റല്‍ ഷീറ്റ് ഉപയോഗിച്ച് മറകെട്ടി കാഴ്ചയില്‍ നിന്ന് മറച്ചത്. 

ഇതു സത്യം മറച്ചുവയ്ക്കാനുള്ള നീക്കമാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പ്രതികരിച്ചു. ഈ ദുരന്തത്തെ മറച്ചുവയ്ക്കാനും ഒതുക്കാനും ആളും സമയവും വിഭവങ്ങളും ഉപയോഗിക്കുന്നത് വെറുതെയാണ്. കോവിഡ് വ്യാപനം തടയുന്നതിന് ശക്തമായ നടപടികളാണ് സ്വീകരിക്കേണ്ടത്. അതുവഴി ജീവനുകള്‍ രക്ഷിക്കാനും രോഗം വ്യാപിക്കുന്നത് തടയാനും കഴിയുമെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു. 

യുപിയിലും കോവിഡ് കുചിച്ചുയരുകയാണ്. പ്രതിദിന കേസുകള്‍ 20,000നുമുകളിലാണ്. ഏറ്റവും രൂക്ഷമായി ബാധിച്ച ഇടങ്ങളില്‍ ലഖ്‌നൗവും ഉല്‍പ്പെടും. മുഖ്യമന്ത്രി യോഗി ആദിത്യനാഥുള്‍പ്പെടെ ഇവിടെ 31,000നു മുകളില്‍ ആക്ടീവ് കേസുകളുണ്ട്.

Latest News