ഉര്‍ദു ഭാഷ വര്‍ഗീയവല്‍കരിക്കാനുള്ള നീക്കം വിവാദത്തില്‍ 

അലിഗഡ്- മുനിസിപ്പല്‍ കോര്‍പറേഷന്‍ അംഗമായി ഉര്‍ദുവില്‍ സത്യപ്രതിജ്ഞ ചൊല്ലിയ ബിഎസ്പി അംഗം മുഷര്‍റഫ് ഹുസൈനെതിരെ മതവികാരം വൃണപ്പെടുത്തി എന്നാരാപിച്ച് പോലീസ് കേസെടുത്തത് വിവാദമായി. ഉര്‍ദുവില്‍ സത്യവാചകം ചൊല്ലിയതിനെതിരെ ബിജെപി അംഗം പുഷ്പേന്ദ്ര കുമാര്‍ ആണ് പോലീസില്‍ പരാതി നല്‍കിയത്. എല്ലാ അംഗങ്ങളും ഹിന്ദിയില്‍ സത്യവാചകം ചൊല്ലിയപ്പോള്‍ മുഷര്‍റഫ് മാത്രം ഉര്‍ദുവില്‍ ചൊല്ലിയത് മറ്റുള്ളവരുടെ മതവികാരം വൃണപ്പെടുത്താനും പ്രകോപിപ്പിക്കാനുമാണെന്ന് കുമാര്‍ പരാതിയില്‍ പറയുന്നു. ഈ കുറ്റം ചുമത്തിയാണ് പോലീസ് മുഷര്‍റഫിനെതിരെ കേസെടുത്തത്. 

ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളതെന്നും മുഷര്‍റഫിനെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചു. 

അതേസമയം, ഇത് രാഷ്ട്രീയ പകപോക്കല്‍ മാത്രമാണെന്നും നിയമ പ്രകാരം ഉര്‍ദുവില്‍ സത്യവാചകം ചൊല്ലുന്നതിന് യാതൊരു തടസ്സവുമില്ലെന്നും മുഷര്‍റഫ് പറഞ്ഞു. നമ്മുടെ സര്‍വാംഗീകൃത സംസ്‌കാരത്തിന്റെ ഭാഗമായ ഉര്‍ദു ഭാഷയെ പോലും ഇവര്‍ വര്‍ഗീയ വല്‍ക്കരിക്കുകയാണെന്നും ഉര്‍ദു ഏതെങ്കിലും മതവുമായി മാത്രം ബന്ധപ്പെട്ട ഭാഷയല്ലെന്നും മുഷര്‍റഫ് പറഞ്ഞു. ഉത്തര്‍ പ്രദേശില്‍ നിയമ പ്രകാരം ഉര്‍ദുവും ഔദ്യോഗിക ഭാഷയാണ്. മാത്രമല്ല, ഭരണഘടനയില്‍ പറയുന്ന 22 ഭാഷകളില്‍ സത്യവാചകം ചൊല്ലാമെന്നും ഇക്കൂട്ടത്തിലും ഉര്‍ദു ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപിയുടെ അന്യായ പരാതിക്കും പോലീസ് നടപടിക്കുമെതിരെ കോടതിയെ സമീപിക്കുമെന്നും മുഷര്‍റഫ് വ്യക്തമാക്കി. 

തിങ്കളാഴ്ച നടന്ന സത്യപ്രതിജ്ഞാ ചടങ്ങിനിടെ ബിഎസ്പി, ബിജെപി അംഗങ്ങള്‍ തമ്മില്‍ രൂക്ഷമായ പോര് നടന്നിരുന്നു. ബിഎസ്പി അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ബിജെപി അംഗങ്ങള്‍ പ്രതിഷേധിച്ചു ബഹളമുണ്ടാക്കുകയായിരുന്നു. സംസ്ഥാനത്തെ 16 മേയര്‍ പദവികളില്‍ അലിഗഢിലും മീററ്റിലും ബിഎസ്പിക്കാണ് ലഭിച്ചത്.

Latest News