ചണ്ഡിഗഡ്- ഹാരി രാജകുമാരന്‍ തന്നെ വിവാഹം ചെയ്യാമെന്ന് പറഞ്ഞ് പറ്റിച്ചെന്നും അതിനാല്‍ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ഇന്ത്യയില്‍ നിന്നുള്ള യുവതി. രാജകുമാരന്റെ പേരില്‍ ഒരു തട്ടിപ്പുകാരന്‍ ഓണ്‍ലൈന്‍ വഴി പരിചയപ്പെട്ട്, വിവാഹം ചെയ്യാമെന്ന് പറഞ്ഞതായാണ് പല്‍വീന്ദര്‍ കൗര്‍ എന്ന യുവതിയുടെ വാദം. ഡ്യൂക്ക് എന്ന് പരിചയപ്പെടുത്തി എത്തിയ വ്യക്തി തന്നെ വിവാഹം ചെയ്യാന്‍ ആഗ്രഹം പ്രകടിപ്പിച്ചതായും കൗര്‍ വ്യക്തമാക്കി.
ഹാരി രാജകുമാരനൊപ്പമാണ് താന്‍ സംസാരിക്കുന്നതെന്ന് ബോധ്യപ്പെടുത്തിയാണ് കാറ്റ്ഫിഷിംഗിന് ഇവര്‍ ഇരയായത്. എന്നാല്‍ ഇതിന്റെ പേരില്‍ ഇപ്പോള്‍ യഥാര്‍ത്ഥ ഹാരി രാജകുമാരന്‍ വിവാഹം ചെയ്യണമെന്നാണ് കൗര്‍ ആവശ്യപ്പെടുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയില്‍ ഹര്‍ജിയും ഫയല്‍ ചെയ്തു. വിവാഹം വൈകരുതെന്നാണ് ഇവരുടെ വിചിത്ര ആവശ്യം.
തന്നെ വിവാഹം ചെയ്യിക്കാനായി സസെക്‌സ് ഡ്യൂക്കിനെ അറസ്റ്റ് ചെയ്യാനായി യുകെ പോലീസിനോട് ആവശ്യപ്പെടുന്ന അന്താരാഷ്ട്ര അറസ്റ്റ് വാറണ്ട് ഇറക്കണമെന്നും ഇവര്‍ അധികൃതരോട് ആവശ്യപ്പെട്ടു. എന്നാല്‍ ഹര്‍ജിക്കാരിയുടേത് വെറും 'ദിവാസ്വപ്നം' ആണെന്ന് വിധിച്ച് ഹൈക്കോടതി പരാതി തള്ളി. ഇതോടെ യഥാര്‍ത്ഥ ഹാരിയ്ക്ക് തലവേദനയുണ്ടാകില്ലെന്നു ഉറപ്പായി.ഹാരിയുടെ പിതാവ് ചാള്‍സിന് കത്തയച്ച് മറുപടി ഇല്ലാതെ വന്നതോടെയാണ് കോടതി നടപടി ആവശ്യപ്പെട്ടത്. ഹാരി താനുമായി എന്‍ഗേജ്‌മെന്റ് നടത്തിയെന്നും കൗര്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ കോടതി ഇതെല്ലാം തള്ളി.