ലഖ്‌നൗ- ഉത്തര്‍പ്രദേശില്‍ ഒരാള്‍ക്ക് രണ്ട് കമ്പനിയുടെ കോവിഡ് വാക്‌സിന്‍ നല്‍കിയതിനെ തുടര്‍ന്ന് വിവാദം.
യു.പിയിലെ മഹാരാജ്ഗഞ്ച് ജില്ലയിലാണ് സംഭവം. ഇവിടത്തെ ചീഫ് ഡെവലപ്‌മെന്റ് ഓഫിസറുടെ (സി.ഡി.ഒ) ഡ്രൈവറായി ജോലി നോക്കുന്ന ഉമേഷിനാണ് ആദ്യം കോവാക്‌സിനും രണ്ടാമത്തെ ഡോസായി കോവിഷീല്‍ഡും കുത്തിവെച്ചത്.
പാര്‍ശ്വ ഫലങ്ങളൊന്നുമുണ്ടാകില്ലെന്ന് പറഞ്ഞ് സമാധാനിപ്പിച്ചിരിക്കയാണ് മെഡിക്കല്‍ ഓഫീസര്‍ അതുല്‍ ശ്രീവാസ്തവ.
വാക്‌സിന്‍ മാറിയത് ശ്രദ്ധയില്‍ പെട്ടയുടന്‍ ഉമേഷും പ്രദേശവാസികളും പ്രശ്‌നമുണ്ടാക്കിയിരുന്നു. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയാണ് ഉമേഷിനെ ആശ്വസിപ്പിച്ചത്.
ഫെബ്രുവരി 25 നാണ് ഉമേഷ് ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചിരുന്നത്. രണ്ടാമത്തെ ഡോസ് മാര്‍ച്ച് 25 നാണ് നിശ്ചയിച്ചിരുന്നതെങ്കിലും ആ സമയത്ത് വാക്‌സിന്‍ കേന്ദ്രത്തില്‍ എത്താന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം എത്തിയപ്പോഴാണ് ആദ്യത്തേതില്‍നിന്ന് വ്യത്യസ്തമായി കോവിഷീല്‍ഡ് വാക്‌സിന്‍ നല്‍കിയത്.
ഒരേ ബ്രാന്‍ഡിലുള്ള വാക്‌സിന്‍ തന്നെ നല്‍കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമായ നിര്‍ദേശം നല്‍കിയതാണ്.
അതേസമയം, വാക്‌സിന്‍ കൂടിക്കലര്‍ന്നാല്‍ പ്രശ്‌നമില്ലെന്നും പ്രതിരോധ ശേഷി കൂടാനാണ് സാധ്യതയെന്നും ഓക്‌സ്ഫഡ് യൂനിവേഴ്‌സിറ്റി പുതിയ ഒരു പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.