Sorry, you need to enable JavaScript to visit this website.

മനുഷ്യനോ വൈറസോ?

ഇസ്രായിൽ നടത്തിയ ആണവ ഭീകരതക്ക് പകരം ചോദിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കയാണ് ഇറാൻ. സമാധാന ആവശ്യങ്ങൾക്കുള്ള തങ്ങളുടെ സിവിലയൻ ആണവ പരിപാടി അട്ടിമറിക്കാൻ നടത്തിയ ശ്രമത്തെ ഭീകര പ്രവർത്തനമായാണ് ഇറാൻ കാണുന്നത്. 

നതാൻസിലെ ആണവ നിലയത്തിൽ നടന്ന അട്ടിമറിയിൽ വൈദ്യുതി വിഛേദിക്കപ്പെടുകയും  നിലയം പൂർണമായി പ്രവർത്തന രഹിതമാകുകയും ചെയ്തിരുന്നു. ഇതിനു പിന്നിൽ പ്രവർത്തിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും വൈകാതെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുമെന്നും ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. 

നതാൻസിൽ ആദ്യമായല്ല അട്ടിമറി നീക്കം നടന്നത്. 2010 ൽ ഇവിടെ വലിയ സൈബർ ആക്രമണം നടന്നിരുന്നു. കഴിഞ്ഞ വർഷം ജൂലൈയിലും നതാൻസിൽ സ്‌ഫോടനം നടന്നു. കഴിഞ്ഞ പത്ത് വർഷത്തനിടെ പല ഇറാൻ ആണവ ശാസ്ത്രജ്ഞന്മാരെയും ഉന്മൂലനം ചെയ്യുന്നതിലും എതിരാളികൾ വിജയിച്ചു. 

ഇറാനെയും അമേരിക്കയെയും വീണ്ടും കരാറിലെത്തിക്കുന്നതിന് ശ്രമങ്ങൾ ഊർജിതമായതിനിടയിലാണ് നതാൻസ് നിലയത്തിൽ അട്ടിമറി നടന്നത്. മൊസാദാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായിൽ മാധ്യമങ്ങൾ അവകാശപ്പെടുന്നുണ്ട്. സൈബർ ആക്രമണമാണ് നടത്തിയതെന്നും അവകാശവാദങ്ങൾ ഉയരുന്നു. മുമ്പ് നടന്ന സൈബർ ആക്രമണമായ സ്റ്റക്‌സ്‌നെറ്റ് ആക്രമണത്തിനു സമാനമായ അട്ടിമറിയാണോ നടന്നതെന്ന് സംശയിക്കുന്നുണ്ട്. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.  

നതാൻസ് ആണവ നിലയത്തിൽ 2010ൽ നടന്ന വൻ സൈബർ ആക്രമണം നടത്തിയത് സ്റ്റക്‌സ്‌നെറ്റ് എന്ന വൈറസാണ്.  അമേരിക്കയും ഇസ്രായിലും സഹകരിച്ചാണ് സ്റ്റക്‌സ്‌നെറ്റ് വികസിപ്പിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. 

ലോകത്തെ ആശങ്കയിലാക്കിയ  വാനാക്രൈ പോലുള്ള ഒരു വൈറസായിരുന്നില്ല സ്റ്റക്‌സ്‌നെറ്റ്. വാനാക്രൈ ഒരു ശൃംഖലയിലെ എല്ലാ കംപ്യൂട്ടറുകളെയും ലക്ഷ്യം വെച്ചപ്പോൾ യുറേനിയം സമ്പുഷ്ടീകരണവുമായി ബന്ധപ്പെട്ട സംവിധാനങ്ങളെ നിയന്ത്രിക്കുന്ന കംപ്യൂട്ടറുകളെ മാത്രമാണ് സ്റ്റക്‌സ്‌നെറ്റ് ലക്ഷ്യം വെച്ചത്. 

2010 ൽ നതാൻസ് ആണവ നിലയത്തിന്  ഇന്റർനെറ്റുമായി യാതൊരു ബന്ധവുമില്ലായിരുന്നു. നിലയത്തിലെ കംപ്യൂട്ടറുകളെല്ലാം ഒരു സ്വകാര്യ നെറ്റ്‌വർക്ക് വഴി ബന്ധിപ്പിച്ചിരുന്നെങ്കിലും അട്ടിമറികൾ ഭയന്ന് ഇന്റർനെറ്റുമായി  ബന്ധിപ്പിച്ചിരുന്നില്ല. മൊസാദിന്റെ തന്ത്രപരമായ പദ്ധതിയിൽ ഒരു ചാരൻ നിലയത്തിനുള്ളിൽ കടന്ന് തന്റെ കൈയിലുള്ള പെൻഡ്രൈവിൽ നിന്ന് നിലയത്തിലെ കംപ്യൂട്ടർ സംവിധാനത്തിലേക്കു വൈറസിനെ കടത്തിയെന്നാണ് കരതുന്നത്. 

യുറേനിയം സമ്പുഷ്ടീകരണത്തിൽ പ്രധാന പങ്കു വഹിക്കുന്ന നിലയത്തിലെ ഏഴായിരത്തോളം സെൻട്രിഫ്യൂജുകൾ അധികരിച്ച വേഗത്തിൽ കറങ്ങി. ഈ കറക്കത്തിലും തുടർന്നുടലെടുത്ത തകരാറിലും നിലയത്തിന്റെ കാതലായ സംവിധാനങ്ങൾക്കു തകർച്ചയും കേടുപാടുകളും പറ്റി. നതാൻസിലുണ്ടായ തകരാർ  ഇറാന്റെ ആണവ മേഖലക്ക് വലിയ ആഘാതമാണ് ഏൽപിച്ചിരുന്നത്.  
കഴിഞ്ഞ ജൂലൈയിൽ നിലയത്തിൽ ഒരു സെൻട്രിഫ്യൂജ് പൊട്ടിത്തെറിച്ച സ്‌ഫോടനവും സൈബർ ആക്രമണമാണെന്നാണ് ഇറാൻ അധികൃതർ ആരോപിച്ചിരുന്നത്. 


 

Latest News