Sorry, you need to enable JavaScript to visit this website.
Monday , January   17, 2022
Monday , January   17, 2022

സയൻസിൽ തിളങ്ങാൻ ഐ.ഐ.എസ്.സി; ഏപ്രിൽ 30 വരെ അപേക്ഷിക്കാം


ഇന്ത്യയിലെ ഏറ്റവും മികച്ച സ്ഥാപനങ്ങളെ കണ്ടെത്താനായി ദേശീയ വിദ്യാഭ്യാസ മന്ത്രാലയം ആവിഷ്‌കരിച്ച  നാഷണൽ ഇൻസ്റ്റിറ്റിയൂഷണൽ റാങ്കിങ് ഫ്രെയിം വർക്ക്  അനുസരിച്ച് രാജ്യത്തെ ഏറ്റവും കിടയറ്റ സ്ഥാപനങ്ങളിലൊന്നായി തെരഞ്ഞെടുക്കപ്പെടാറുള്ളതാണ് ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സയൻസ്. ലോക നിലവാരത്തിലുള്ള പഠനാന്തരീക്ഷം, പ്രഗത്ഭരായ അധ്യാപകർ, മറ്റു സൗകര്യങ്ങൾ  എന്നിവയാൽ  അനുഗൃഹീതമായ ഈ കാമ്പസ് നിരവധി പ്രതിഭകളെയും  ശാസ്ത്രജ്ഞരെയും സൃഷ്ടിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ രാജ്യാന്തര പ്രശസ്തമാണ്  ഐ.ഐ.എസ്.സി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഈ സ്ഥാപനം.


പ്ലസ് ടു കഴിഞ്ഞവർക്ക് പ്രവേശനം  നേടാവുന്ന ഐ.ഐ.എസ്.സിയിലെ ശ്രദ്ധേയമായ ഒരു പ്രോഗ്രാമാണ് നാല് വർഷം ദൈർഘ്യമുള്ള ബാച്ചിലർ ഓഫ് സയൻസ് (റിസർച്ച്). മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, മെറ്റീരിയൽസ്, എർത്ത് ആൻഡ് എൻവയൺമെന്റൽ സയൻസ് എന്നീ വിഷയങ്ങളിൽ സ്‌പെഷ്യലൈസ് ചെയ്യാനുള്ള  അവസരമാണുള്ളത്. എൻജിനീയിറിംഗ്, ഹ്യുമാനിറ്റീസ്, ഇന്റർ ഡിസിപഌനറി വിഷയങ്ങൾ എന്നിവ കൂടി ഉൾക്കൊള്ളുന്ന സമഗ്രമായ പഠന രീതി  ആകർഷകമാണ്.
 പേര് സൂചിപ്പിക്കുന്നത് പോലെ ഗവേഷണ കുതുകികൾക്ക് ഉയർന്ന രീതിയിൽ മുന്നേറാൻ അനുയോജ്യവുമായ രീതിയിലാണ് കോഴ്‌സ് ക്രമീകരിച്ചിട്ടുള്ളത്. വ്യാവസായിക മേഖലയിൽ ജോലിക്കായി  പ്രവേശിക്കാനും അവസരമുണ്ട്.


ആദ്യത്തെ മൂന്ന് സെമസ്റ്ററുകളിൽ എല്ലാവർക്കും   മാത്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, എൻജിനീയറിങ്, മാനവിക വിഷയങ്ങൾ എന്നിവയിലെ അടിസ്ഥാന പഠനമാണ് ഉണ്ടാവുക. മാനവിക വിഷയങ്ങൾ പഠിക്കുന്നത് വഴി ശാസ്ത്ര വിഷയങ്ങൾ സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് നല്ല അവബോധം സൃഷ്ടിക്കാനാവും. നാലാമത്തെ സെമസ്റ്ററിന്റെ തുടക്കം മുതൽ തെരഞ്ഞെടുത്ത സ്‌പെഷലൈസേഷൻ (മേജർ) വിഷയത്തിൽ  ആഴത്തിലുള്ള പഠനത്തിനുള്ള അവസരമാണ്. അവസാന വർഷത്തിൽ  ഗവേഷണാധിഷ്ഠിത പ്രോജക്ടും ഇതര സ്‌പെഷ്യലൈസേഷനുകളിൽനിന്ന് ഇഷ്ടമുള്ള ഭാഗങ്ങളിൽ പഠനപരിശീലനവും നടത്താം. താൽപര്യമുള്ളവർക്ക് അവിടെത്തന്നെ അഞ്ചാം വർഷം  കൂടി പഠനത്തിനായി ചെലവഴിച്ച് മാസ്റ്റർ ബിരുദവും നേടാനവസരമുണ്ട്. ശേഷം ഗവേഷണവുമാകാം.


ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങൾ പഠിച്ച് 60 ശതമാനം മാർക്കോടെ 2020 ൽ പഌസ് ടു വിജയിച്ചവർക്ക് അപേക്ഷിക്കാം. 2021ൽ  പരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാൻ അവസരമുണ്ട്. ഐ.ഐ.എസ്.സി പ്രത്യേകമായി പ്രവേശന പരീക്ഷ നടത്തുന്നില്ലെങ്കിലും താഴെ കൊടുത്ത ദേശീയതല പരീക്ഷയിൽ ഏതെങ്കിലുമൊന്നിൽ മികവ് തെളിയിക്കണം.
1)    KVPY-SA-2019 / KVPY-SB-2020 / KVPY-SX -2020 / KVPY- (പട്ടികവിഭാഗ ഫെലോഷിപ്)
2)    ജെ ഇ ഇ മെയിൻ 2021
3)    ജെ ഇ ഇ അഡ്വാൻസ്ഡ് 2021
4)    NEET UG-201


2, 3, 4 പരീക്ഷകൾക്ക് 60 ശതാമനം മാർക്ക് വേണം. പിന്നോക്കം, ഭിന്നശേഷി വിഭാഗക്കാർ എന്നിവർക്ക് മാർക്ക് നിബന്ധനയിൽ ഇളവുണ്ട്. മേൽ പരീക്ഷകളിൽ ഓരോന്നിലും യോഗ്യത നേടുകയും ഐ.ഐ.എസ്.സിയിൽ അപേക്ഷ സമർപ്പിക്കുകയും ചെയ്തവർക്കായി പ്രത്യേകം മെറിറ്റ് ലിസ്റ്റുകൾ തയാറാക്കുകയും ചെയ്യും.
വാർഷിക ട്യൂഷൻ ഫീസ് 10,000 രൂപ മാത്രമേയുള്ളൂ എന്നത്  ശ്രദ്ധേയമാണ്. മാത്രമല്ല KVPY, JEE (Main and Advanced), NEET എന്നീ പരീക്ഷകളിലെ പ്രകടനം അനുസരിച്ച് വിവിധ ഫെലോഷിപ്പുകൾക്കും അവസരമുണ്ട്. www.iisc.ac.in/ug എന്ന വെബ്‌സൈറ്റ് വഴി  ഏപ്രിൽ 30 വരെ അപേക്ഷിക്കാം.
കെ വി പി വൈ, ജെഇഇ മെയിൻ, ജെഇഇ അഡ്വാൻസ്ഡ്, നീറ്റ് എന്നീ പരീക്ഷകളുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾക്ക് യഥാക്രമം http://www.kvpy.iisc.ernet.in/, https://jeemain.nta.nic.in/, http://jeeadv.ac.in/, https://ntaneet.nic.in/ എന്നീ വെബ്‌സൈറ്റുകൾ പരിശോധിക്കാവുന്നതാണ്.