ചാരക്കേസ് കെട്ടിച്ചമച്ചത് ആരാണ്; സി.ബി.ഐക്ക് വീണ്ടും ജോലി, വിവാദം

ന്യൂദല്‍ഹി- ഐഎസ്ആര്‍ഒ ചാരക്കേസിലെ ഗൂഢാലോചനയെ കുറിച്ച് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട്  സുപ്രീംകോടതി. മൂന്ന് മാസത്തിനകം സിബിഐ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.
ചാരക്കേസിലെ അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് സിബിഐക്ക് കൈമാറണമെന്ന് നിര്‍ദേശം നല്‍കിയ സുപ്രീംകോടതി ജയിന്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ പാടില്ലെന്നും കര്‍ശന നിര്‍ദേശം നല്‍കി.
റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ച കോടതി റിപ്പോര്‍ട്ട് നമ്പിനാരായണനും കൈമാറില്ല. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കണമെന്ന ഉദ്യോഗസ്ഥരുടെ അപേക്ഷയും സുപ്രീംകോടതി നിരസിച്ചു.
സുപ്രീംകോടതി നിര്‍ദേശത്തെ സ്വാഗതം ചെയ്യുന്നുവെന്ന്  ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ പ്രതികരിച്ചു. സിബിഐ അന്വേഷിച്ച് കുറ്റക്കാരെ കണ്ടെത്തണം. അന്വേഷണം നടത്തി അതിലെ കണ്ടെത്തലുകളില്‍ നടപടി സ്വീകരിക്കുമ്പോഴേ നീതി കിട്ടി എന്നു പറയാന്‍ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.
സിബിഐ അന്വേഷണം വേണമെന്നു നേരത്തെ ആവശ്യപ്പെട്ടിരുന്നതാണ്. തെറ്റുകാര്‍ നിയമത്തിനു മുന്നില്‍ വന്നില്ലെങ്കില്‍ അര്‍ഥമില്ല. കേസ് കെട്ടിച്ചമച്ചതാണെന്ന് ആദ്യ സുപ്രീംകോടതി റിപ്പോര്‍ട്ടിലും സിബിഐ റിപ്പോര്‍ട്ടിലും പറഞ്ഞിട്ടുണ്ട്. ആര് കെട്ടിച്ചമച്ചതാണ് എന്നാണ് അറിയേണ്ടത്. ഒരാളോ രണ്ടാളോ അതില്‍കൂടുതലോ ആളുകള്‍ ഇതിനു പിന്നിലുണ്ടാകും. ഐബി ആളുകളും ഇതില്‍ പങ്കാളികളാണ്.
വിവാദം വന്നതോടെ ക്രയോജനിക് പദ്ധതിയില്‍ രാജ്യം പിന്നിലായതായി നമ്പി നാരായണന്‍ പറഞ്ഞു. 1999ല്‍ ശരിയാകേണ്ട പദ്ധതി 2014ല്‍ ആണ് ശരിയായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Latest News