തിരുവനന്തപുരം- കോവിഡിന്റെ രണ്ടാം തരംഗം ഗുരുതരമായി തുടരുന്ന കേരളത്തില്‍ കൂടുതല്‍ നിയന്ത്രണ നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച ഉന്നതതല യോഗം തീരുമാനിച്ചു. ഇതു സംബന്ധിച്ച് വിശദമായ ഉത്തരവ് ഇന്നു തന്നെ പുറത്തിറക്കും.
കോവിഡ് ശമനമില്ലാതെ വ്യാപിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് പൊതു, സ്വകാര്യ ചടങ്ങുകള്‍ക്ക് മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാക്കും. പൊതുപരിപാടികളില്‍ അനിയന്ത്രിതമായി പങ്കെടുക്കാന്‍ പാടില്ല. കോവിഡ് വാക്‌സിന്‍ ഡോസുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്കും പരിശോധനയില്‍ നെഗറ്റീവായവര്‍ക്കും മാത്രം ഷോപ്പിംഗ് മാളുകളില്‍ പ്രവേശനം അനുവദിച്ചാല്‍ മതിയെന്ന നിര്‍ദേശവും ഉയര്‍ന്നു. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരും.
ഫസ്റ്റ് ലെവല്‍ ട്രീറ്റ്‌മെന്റ് സെന്ററുകളുടെ സൗകര്യം വര്‍ധിപ്പിക്കും. കോവിഡ് വാക്‌സീന്‍ ആവശ്യത്തിനു ലഭ്യമല്ലാത്ത സാഹചര്യം യോഗം ചര്‍ച്ച ചെയ്തു. ഇക്കാര്യം വീണ്ടും കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും.
ആരോഗ്യമന്ത്രി, ആരോഗ്യ സെക്രട്ടറി, ഡിഎംഒമാര്‍, ജില്ലാകലക്ടര്‍മാര്‍, എസ്പിമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.
സംസ്ഥാനത്ത് നാളെയും മറ്റന്നാളും രണ്ടരലക്ഷംപേര്‍ക്ക് കോവിഡ് പരിശോധന നടത്താന്‍ തീരുമാനിച്ചു. ജനങ്ങളുമായി കൂടുതല്‍ ഇടപഴകുന്ന ഹൈ റിസ്‌ക് കാറ്റഗറിയില്‍ പെടുന്നവര്‍ക്കാണ് ടെസ്റ്റുകള്‍ നടത്തുക.നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുമ്പോള്‍ തന്നെ പരീക്ഷകള്‍ക്കും അടിയന്തര സേവനങ്ങള്‍ക്കും തടസമുണ്ടാക്കാതെ നേക്കും. ട്യൂഷന്‍ സെന്ററുകളില്‍ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം നല്‍കി.