ന്യൂദല്‍ഹി- കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായി ബാധിച്ച രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്തുള്ള യുഎസില്‍ ദിനംപ്രതിയുള്ള കോവിഡ് കേസുകള്‍ ഒരു ലക്ഷത്തില്‍ നിന്ന് രണ്ടു ലക്ഷത്തിലെത്തിയത് 22 ദിവസങ്ങള്‍ക്കു ശേഷമാണ്. എന്നാല്‍ ഇന്ത്യയില്‍ പ്രതിദിന കേസ് വെറും 11 ദിവസങ്ങള്‍ക്കുള്ളില്‍ ഒരു ലക്ഷത്തില്‍ നിന്നും രണ്ടു ലക്ഷത്തിലെത്തിയിരിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,00,739 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1,038 പേര്‍ കോവിഡ് ബാധിച്ചു മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധ 1.4 കോടിയായും മരണം 1.73 ലക്ഷമായും ഉയര്‍ന്നു. ആഗോള തലത്തില്‍ ഇപ്പോള്‍ ഇന്ത്യ യുഎസിനു പിന്നില്‍ രണ്ടാം സ്ഥാനത്താണ്. അതേസമയം വ്യാപന വേഗതയില്‍ പുതിയ കണക്കുകള്‍ പ്രകാരം യുഎസിനെ ഇന്ത്യ മറികടന്നിരിക്കുന്നു.
തുടര്‍ച്ചയായ അഞ്ചു ദിവസം ഒന്നര ലക്ഷത്തിലേറെ പ്രതിദിന കേസുകളാണ് ഇന്ത്യയില്‍ റിപോര്‍ട്ട് ചെയ്തത്. ഉത്തര്‍ പ്രദേശ്, ദല്‍ഹി, കര്‍ണാടക, മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍, ഹരിയാന, പശ്ചിമ ബംഗാള്‍, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ദിവസം റിപോര്‍ട്ട് ചെയ്തത് അവിടങ്ങളിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് കേസുകളാണ്. മഹാരാഷ്ട്ര, കേരളം, തമിഴ്‌നാട്, ആന്ധ്ര പ്രദേശ് എന്നിവിടങ്ങളി തുടര്‍ച്ചയായി കേസുകള്‍ ഉയര്‍ന്നു തന്നെ നില്‍ക്കുന്നു.






