ന്യൂദല്‍ഹി- കോവിഡ് വ്യാപനം രൂക്ഷമായെങ്കിലും ഹരിദ്വാറിലെ മഹാ കുംഭമേള അവസാനിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഏപ്രില്‍ 30 വരെ മേള തുടരുമെന്നും അറിയിപ്പില്‍ പറയുന്നു. കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ വര്‍ദ്ധിക്കുന്നതിനാല്‍ കുംഭമേള അവസാനിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഉത്തരാഖണ്ഡ് സര്‍ക്കാരും മതനേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് കുംഭമേള അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ആലോചനയുണ്ടായത്.
ഒന്‍പത് മതനേതാക്കളടക്കം കുംഭമേളയില്‍ പങ്കെടുത്ത നൂറുകണക്കിന് പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
രോഗബാധ സ്ഥിരീകരിച്ചവരെ ഐസൊലേറ്റ് ചെയ്‌തെന്നും ചിലരെ ആശുപത്രിയിലേക്ക് മാറ്റിയെന്നുമാണ് റിപ്പോര്‍ട്ട്. 14 ഹിന്ദു ഗ്രൂപ്പുകളുടെ നേതാവായ നരേന്ദ്ര ഗിരി, ഉത്തര്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ്, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരടക്കമുള്ള പ്രമുഖരും കോവിഡ് പോസിറ്റീവായി.
അഖിലേഷ് യാദവ് ഞായറാഴ്ച പ്രധാന പൂജാരിമാരെ സന്ദര്‍ശിച്ചിരുന്നു. നരേന്ദ്ര ഗിരിയേയും അഖിലേഷ് യാദവ് സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ യോഗി ആദിത്യനാഥ് കുഭമേളയ്ക്ക് എത്തിയിരുന്നില്ല. കുംഭമേള നടത്തരുതെന്ന് നേരത്തെ ആരോഗ്യ വിദഗ്ധര്‍ ആവശ്യപ്പെട്ടിരുന്നു. കുംഭമേള കഴിഞ്ഞെത്തുന്നവരെ അതത് സംസ്ഥാനങ്ങളിലേക്ക് പ്രവേശിപ്പിക്കേണ്ടതുണ്ടോ എന്ന കാര്യത്തിലും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.






