Sorry, you need to enable JavaScript to visit this website.

സൗദിയില്‍ രണ്ടാമത്തെ വാക്‌സിന്‍ നീട്ടിയതായി അറിയിപ്പ് ലഭിച്ചു തുടങ്ങി; പ്രവാസികള്‍ ആശങ്കയില്‍

ജിദ്ദ- സൗദിയില്‍ കോവിഡ് വാക്‌സിന്‍ രാണ്ടാം ഡോസ് കുത്തിവെപ്പ് നീട്ടിക്കൊണ്ടുള്ള അറിയിപ്പുകള്‍ ലഭിച്ചു തുടങ്ങി. ആദ്യ ഡോസ് വാക്‌സിനെടുത്തവരുടെ ഇഖാമ നമ്പര്‍ സഹിതം എസ്.എം.എസ് ആയാണ് രണ്ടാമത്തെ ബുക്കിംഗ് നീട്ടിയ കാര്യം ആരോഗ്യ മന്ത്രാലയം അറിയിക്കുന്നത്. സമൂഹത്തിലെ എല്ലാവര്‍ക്കും ഒന്നാമത്തെ ഡോസ് വാക്‌സിന്‍ ലഭിച്ചുവെന്ന് ഉറപ്പാക്കുന്നതിനാണ് രണ്ടാമത്തെ ഡോസ് നീട്ടിവെക്കുന്നതെന്ന് മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.
 
വാക്‌സിന്‍ ലഭിക്കാത്തവര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ വിതരണം വിപുലമാക്കാനും രണ്ടാം ഡോസ് അപ്പോയിന്റ്‌മെന്റുകള്‍ നീട്ടിവെക്കാനുമാണ് സമയക്രമം മാറ്റുന്നതെന്ന് മന്ത്രാലയം പറഞ്ഞു. രണ്ടാം ഡോസ് പുനരാരംഭിക്കുന്നതിനെ കുറിച്ച് പിന്നീട് അറിയിക്കുമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

കോവിഡ് വാക്‌സിന്‍ പൂര്‍ത്തിയാക്കി നാട്ടില്‍ അവധിക്കു പോകാനിരുന്ന പ്രവാസികളെ പുതിയ തീരുമാനം ആശങ്കയിലാക്കി. വിമാന യാത്രക്ക് കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കുമോ എന്ന ആശങ്കയാണ് എല്ലാവരേയും അലട്ടുന്നത്. നാട്ടില്‍നിന്ന് രണ്ടാമത്തെ വാക്‌സിന്‍ എടുക്കാനാകുമോ, അങ്ങനെ എടുത്താല്‍ അത് സൗദിയില്‍നിന്നെടുത്ത ഒന്നാമത്തെ വാക്‌സിന്‍ കൂടി കണക്കിലെടുത്ത് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയതായി കണക്കാക്കുമോ തുടങ്ങിയ ചോദ്യങ്ങള്‍ അവശേഷിക്കുന്നു.

നാട്ടിലെത്തിയ പ്രവാസികള്‍ക്ക് അവര്‍ക്ക് തിരിച്ച് ജോലി സ്ഥലങ്ങളിലേക്ക് മടങ്ങേണ്ടതിനാല്‍ വാക്‌സിനേഷന്‍ മുന്‍ഗണന നല്‍കണമെന്ന് പ്രവാസി സംഘടനകള്‍ ആവശ്യപ്പെടുന്നുണ്ട്. സൗദി അറേബ്യയില്‍നിന്ന് നല്‍കുന്ന ഓക്‌സ്ഫഡ് ആസ്ട്രാസെനെക്ക വാക്‌സിന്‍ തന്നെയാണ് നാട്ടിലും കൂടുതലായി കോവിഷീല്‍ഡെന്ന പേരില്‍ നല്‍കുന്നത്. കൂടുതല്‍ വിദേശ വാക്‌സിനുകള്‍ ലഭ്യമാക്കാനും ശ്രമം തുടങ്ങിയിട്ടുണ്ട്.

നിലവില്‍ കോവിഡ് വാക്‌സിനേഷനെ വിമാന യാത്രയുമായി ബന്ധിപ്പിച്ചു കൊണ്ടുള്ള തീരുമാനങ്ങളൊന്നുമെടുത്തിട്ടില്ല. സൗദി എയര്‍ലൈന്‍സ് ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. എന്നിരുന്നാലും നാട്ടിലേക്കുള്ള യാത്ര തടസ്സപ്പെടുമെന്ന ആശങ്ക കൂടി പ്രവാസികളുടെ വാക്‌സിനേഷന്‍ തിരക്കിനു കാരണമാണ്. രണ്ടാമത്തെ വാക്‌സിനേഷന് ലഭിച്ച തീയതി കണക്കാക്കി യാത്ര ആസൂത്രണം ചെയ്തവര്‍ ഇനിയെന്തു ചെയ്യുമെന്ന് തീരുമാനിക്കാനാവാത്ത അവസ്ഥയിലാണ്.

 

Latest News