ന്യൂദൽഹി- കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജു ഉൾപ്പെടെ 125 യാത്രക്കാർ കയറിയ വിമാനം വൈകിയതിൽ പൈലറ്റിന് താക്കീതും മൂന്ന് എയർ ഇന്ത്യ ജീവനക്കാർക്കു സസ്‌പെൻഷനും. ബുധനാഴ്ച രാവിലെ ഒരു മണിക്കൂറോളമാണു യാത്രക്കാർ ദൽഹി വിമാനത്താവളത്തിൽ യാത്രക്കാർ എയർ വിമാനത്തിൽ കാത്തിരുന്നത്.
എയർ ഇന്ത്യയുടെ പുതിയ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ പ്രദീപ് ഖാരോളയോട് കേന്ദ്ര വ്യോമയാന മന്ത്രി വിശദീകരണം ആരാഞ്ഞിട്ടുണ്ട്. ദൽഹിയിൽ നിന്നും വിജയവാഡയിലേക്കുള്ള വിമാനം വൈകിയതിന്റെ കാരണം വ്യക്തമാക്കണം എന്നാവശ്യപ്പെട്ട് യാത്രക്കാർ മന്ത്രിയോടും തട്ടിക്കയറി. യാത്രക്കാർ പ്രതിഷേധവുമായി വളഞ്ഞതോടെ വിമാനത്തിലിരുന്നു തന്നെ മന്ത്രി എയർ ഇന്ത്യ ചെയർമാനെ ഫോണിൽ വിളിക്കുകയായിരുന്നു. ദൽഹിയിൽ നിന്നു വിജയവാഡയിലേക്കുള്ള എഐ 459 വിമാനം ഒന്നര മണിക്കൂർ വൈകിയതായി എയർ ഇന്ത്യാ വക്താവ് ജി.പി റാവുവും വ്യക്തമാക്കി.
ക്ഷുഭിതരായ യാത്രക്കാർ കാരണം തിരക്കി മന്ത്രിയെ വളഞ്ഞതോടെ മന്ത്രി അപ്പോൾ തന്നെ എയർ ഇന്ത്യ ചെയർമാനെ ഫോണിൽ വിളിച്ചു വിവരം തിരക്കിയെന്നും വക്താവ് പറഞ്ഞു. വിമാനത്താവളത്തിൽ വൈകിയെത്തിയതിന് ഫ്‌ളൈറ്റ് ക്യാപ്റ്റന് താക്കീതോടു കൂടി കത്തു നൽകിയിട്ടുണ്ട്. ആറു മണിക്ക് ടേക്ക് ഓഫ് ചെയ്യേണ്ട വിമാനം മൂടൽമഞ്ഞ് മാറി കാഴ്ച വ്യക്തമാകാൻ വേണ്ടിയാണു കാത്തു കിടന്നതെന്നാണു പ്രാഥമിക വിശദീകരണം. ഇക്കാര്യം ഗ്രൗണ്ടിംഗ് സ്റ്റാഫിനോടു വ്യക്തമാക്കാതിരുന്നതിനാൽ അവർ യാത്രക്കാരെ കയറ്റിത്തുടങ്ങുകയും ചെയ്തു.
ഇതിനിടെ പൈലറ്റിന്റെ എയർപോർട്ട് പാസിൽ എന്തോ ആശയക്കുഴപ്പം തോന്നിയതിനാൽ അദ്ദേഹത്തിന് സുരക്ഷാ പരിശോധന സ്ഥലത്ത് കൂടുതൽ സമയം ചെലവഴിക്കേണ്ടി വന്നു. കോ പൈലറ്റ് മാത്രമാണ് സമയത്ത് വിമാനത്തിലെത്തിയിരുന്നത്. 15 മിനിട്ട് വൈകിയാണ് പൈലറ്റ് എത്തിയത്. ബോർഡിംഗ് കഴിഞ്ഞ് ഒരു മണിക്കൂർ പിന്നിട്ടിട്ടും വിമാനം യാത്ര ആരംഭിക്കാതിരുന്നതിനെ തുടർന്നാണ് യാത്രക്കാർ കുപിതരായി കേന്ദ്ര മന്ത്രിയെ വളഞ്ഞത്.






