പട്‌ന- ബിഹാര്‍ തലസ്ഥാനത്ത് ഹോസ്പിറ്റലില്‍ ആരോഗ്യ മന്ത്രി മംഗള്‍ പാണ്ഡേയെ സ്വീകരിക്കുന്ന തിരിക്കനിടയില്‍ ആശുപത്രിക്ക് പുറത്ത് കോവിഡ് രോഗി തളര്‍ന്നുവീണ് മരിച്ചു. മന്ത്രിയുടെ സന്ദര്‍ശനമുള്ളതിനാല്‍ രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ തയാറായില്ലെന്നാണ് ആരോപണം.
കോവിഡ് രോഗികളുടെ ചികിത്സക്കായി ഏര്‍പ്പെടുത്തിയ സൗകര്യങ്ങള്‍ പര്യാപ്തമാണോ എന്നു പരിശോധിക്കാനായിരുന്നു മന്ത്രി മംഗള്‍ പാണ്ഡേയുടെ സന്ദര്‍ശനം. ബിഹാര്‍ തലസ്ഥാനത്തെ ഏറ്റവും വലിയ സര്‍ക്കാര്‍ ആശുപത്രിയായ നളന്ദ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് സംഭവം.
ആദ്യം എയിംസ് ഹോസ്പിറ്റലിലേക്കാണ് പോയതെന്നും അവിടെ ബെഡ് ഒഴിവില്ലാത്തതിനാലാണ് നളന്ദയിലേക്ക് വന്നതെന്നും മരിച്ചയാളുടെ മകന്‍ അഭിമന്യു കുമാര്‍ പറഞ്ഞു. രണ്ട് മണിക്കൂറോളം പുറത്തു കാത്തിനിന്നിട്ടും പ്രവേശിപ്പിച്ചില്ല. അവസാനം പിതാവ് ആശുപത്രിക്ക് പുറത്ത് സ്‌ട്രെച്ചറില്‍ കിടന്നാണ് മരിച്ചത്.
ഓരോ മരണവും വേദനിപ്പിക്കുന്നതാണെന്നും ജീവന്‍ രക്ഷിക്കാനാണ് പരമാവധി ശ്രമിക്കുന്നതെന്നും മന്ത്രി മംഗള്‍ പാണ്ഡേ പ്രതികരിച്ചു.