Sorry, you need to enable JavaScript to visit this website.

തോട്ടത്തിലിന്റെ ബി.ജെ.പി ആഭിമുഖ്യം; ആശങ്കയിൽ സി.പി.എം


കോഴിക്കോട് - തോട്ടത്തിൽ രവീന്ദ്രന്റെ ബി.ജെ.പി ആഭിമുഖ്യം ഉറച്ച മണ്ഡലമായ കോഴിക്കോട് നോർത്തിൽ അപകടമാകുമോ എന്ന ഭയത്തിലാണ് ഇടതുമുന്നണി. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്താണ് യു.ഡി.എഫ് സ്ഥാനാർഥിയെന്നത് ചങ്കിടിപ്പേറ്റുകയും ചെയ്യുന്നു. 
കോഴിക്കോട് നോർത്തിൽ മൂന്നു തവണ ജയിച്ച എ. പ്രദീപ് കുമാറിന് നാലാമതൊരു ഊഴം നൽകണമെന്ന പക്ഷക്കാർ സി.പി.എമ്മിൽ ഉണ്ടയിരുന്നെങ്കിലും പ്രമുഖ നേതാക്കൾക്ക് സമ്മതമായിരുന്നില്ല. പ്രദീപ് കുമാർ തന്നെ തനിക്ക് പിൻഗാമിയായി സിനിമാ സംവിധായകൻ രഞ്ജിത്തിനെ നിർദേശിക്കുകയും പാർട്ടി അത് അംഗീകരിക്കുകയും ചെയ്തതാണ്. രഞ്ജിത്ത് പരസ്യമായി സമ്മതിക്കുകയുമുണ്ടായി. അതിനിടെയാണ് തോട്ടത്തിൽ രവീന്ദ്രൻ വെടി പൊട്ടിച്ചത്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ വീട്ടിൽ വന്നു കാണുകയും ബി.ജെ.പിയിലേക്ക് ക്ഷണിക്കുകയും ചെയ്തുവെന്ന് ചാനൽ ക്യാമറകൾക്ക് മുമ്പിൽ വെളിപ്പെടുത്തിയത് തോട്ടത്തിൽ രവീന്ദ്രൻ തന്നെ. 
തോട്ടത്തിലിന്റെ വെളിപ്പെടുത്തലിനും ഒരാഴ്ച മുമ്പാണ് കെ. സുരേന്ദ്രന്റെ സന്ദർശനം. ഈ സമയത്ത് ഇത്തരം ഒരു സന്ദർശനം സൃഷ്ടിക്കുന്ന രാഷ്ട്രീയം തോട്ടത്തിലിനും സുരേന്ദ്രനും തിരിച്ചറിയാതെയാവില്ല. 


സന്ദർശനം ചെറിയ വാർത്തയായെങ്കിലും വേണ്ടത്ര ശ്രദ്ധ നേടിയില്ല. മെട്രോമാൻ ബി.ജെ.പിയിൽ ചേർന്ന വാർത്തക്ക് പിന്നാലെ തോട്ടത്തിൽ തന്നെയും ബി.ജെ.പിയിലേക്ക് ക്ഷണിച്ചതായി വെളിപ്പെടുത്തുകയായിരുന്നു. പാർട്ടിക്ക് ഇത് വ്യക്തമായ സൂചനയായിരുന്നു. 
കോഴിക്കോട്ടെ സി.പി.എമ്മിന്റെ മുഖങ്ങളിലൊന്നായ തോട്ടത്തിലിന്റെ ഏത് നീക്കവും തെരഞ്ഞെടുപ്പിന്റെ ഈ ഘട്ടത്തിൽ പാർട്ടിയെ വലിയ പ്രതിസന്ധിയിലാക്കുമെന്ന് പാർട്ടിയും തിരിച്ചറിഞ്ഞതോടെയാണ് തോട്ടത്തിൽ നോർത്തിലെ സ്ഥാനാർഥിയാവുന്നത്. വിശ്വാസിയായ കമ്യൂണിസ്റ്റ് എന്ന് ആവർത്തിക്കുന്ന തോട്ടത്തിൽ നരേന്ദ്ര മോഡിയെയും വി. മുരളീധരനെയും പ്രശംസിച്ചതും പാർട്ടി കണ്ടതാണ്. തോട്ടത്തിലിന്റെ ഈ ഭീഷണി ഒരു വിഭാഗം നേതാക്കളിലും പ്രവർത്തകരിലും അമർഷം ഉണ്ടാക്കിയിട്ടുണ്ട്. ഇതിനെ യു.ഡി.എഫ് പ്രചാരണായുധമാക്കുകയും ചെയ്തു. 
ബി.ജെ.പി വലിയ പ്രതീക്ഷ പുലർത്തുന്ന മണ്ഡലമായതിനാലാണ് ഇവിടെ സംസ്ഥാനത്തെ പ്രമുഖരിലൊരാളായ എം.ടി.രമേശ് സ്ഥാനാർഥിയായത്. 2016 ൽ 29,860 വോട്ട് ബി.ജെ.പി സ്ഥാനാർഥി കെ.പി. ശ്രീശന് ലഭിച്ചിരുന്നു. എന്നാൽ 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ വോട്ട് 14,803 ആയി കുറഞ്ഞു. 2011 നെ അപേക്ഷിച്ച് 2016 ൽ ബി.ജെ.പിക്ക് എല്ലായിടത്തും വോട്ട് കൂടിയെങ്കിലും കോഴിക്കോട് നോർത്തിലേത് അപൂർവമായി. 


8.51 ശതമാനത്തിൽ നിന്ന് 22.52 ശതമാനമായാണ് ഉയർന്നത്. യു.ഡി.എഫിനാണ് വലിയ വോട്ട് ചോർച്ചയുണ്ടായത്. 41.38 ൽ നിന്ന് 27.39 ആയി. എൽ.ഡിഎഫിന് ഭൂരിപക്ഷം 8998 ൽ നിന്ന് 27,879 ആയി വർധിച്ചെങ്കിലും ശതമാനം നോക്കുമ്പോൾ ഒരു ശതമാനത്തിലേറെ കുറയുകയാണ് ഉണ്ടായത്. 
73 വയസ്സുള്ള തോട്ടത്തിൽ രവീന്ദ്രനെതിരെ 27 തികയാത്ത അഭിജിത്ത് എന്നത് വോട്ടർമാരെ എങ്ങനെ സ്വാധീനിക്കുമെന്നതും എൽ.ഡി.എഫ് ആശങ്കയോടെ കാണുന്നു. ഒപ്പം തോട്ടത്തിൽ രവീന്ദ്രനെയും ബി.ജെ.പി.യെയും ബന്ധപ്പെടുത്തിയ പ്രചാരണങ്ങളും എങ്ങനെ വോട്ടിനെ ബാധിക്കുമെന്ന ആശങ്കയുണ്ട്.

Latest News